മഴ, പുഴ പിന്നെ വളരെക്കുറച്ച് മനുഷ്യര്‍

അച്ഛനോടോ അമ്മയോടോ വീട്ടില്‍ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാല്‍ പിറ്റേ ദിവസം ചെയ്യാന്‍ കഴിയുന്ന ഒരു നല്ല കാര്യമെന്താണ്?

വീട് വിടുക, താല്‍ക്കാലികമായെങ്കിലും.

ഇന്നലെയും അതാണ് സംഭവിച്ചത്. ഞാന്‍ വീടുവിട്ടിറങ്ങി-തിരിച്ചു രാത്രി ചെല്ലുമെന്ന ഉറപ്പില്‍ തന്നെ.

വഴിയില്‍ നിന്ന് അനൂപ് മോഹനെ കിട്ടി. ഗിറ്റാര്‍ ക്ലാസ്സില്‍ നിന്ന് ആല്‍ബിയെ വിളിച്ചിറക്കി. പാലാരിവട്ടം ജംഗ്ഷനില്‍ സിഗ്നല്‍ കാത്തുകിടന്ന ദീപുവിനെ , സിഗ്നല്‍ പച്ച തെളിയും മുന്‍പ് യൂ-ടേണ്‍ എടുക്കാന്‍ നിര്‍ബന്ധിച്ചു.

ഏപ്രിലാണ്. ചൂടിന് ഒരു തണുപ്പുമില്ല! ഒരു പുതിയ കാറുണ്ട്-ഓള്‍ട്ടോ കെ10. നാല് പേരുണ്ട്. പോകാന്‍ കണ്ടു തീരാത്ത ഒരുപാട് ഇടങ്ങളുമുണ്ട്.

സമയമാണ് പക്ഷെ പ്രശ്‌നം. നാളെ ഓഫീസില്‍ പോകണം. എല്ലാവര്‍ക്കും ആശങ്കപ്പെടാന്‍ ഒരു നാളെയുണ്ട്. അതുകൊണ്ട്, അതുകൊണ്ടു മാത്രം ഭൂതത്താന്‍ കെട്ടിലേക്ക് പോയി.

ഒരു ചെറിയ തടയണ. ഇരുമ്പുഷട്ടറുകള്‍ക്കുള്ളില്‍ ഒരു നദി കുടുങ്ങിക്കിടക്കുന്ന, പരന്നൊരു കാഴ്ച്ച.

Jpeg
Water meets water. Rain soaks the dam.

ഉച്ചയ്ക്ക് കൊച്ചിയില്‍ നിന്ന് കാക്കനാട്, പെരുമ്പാവൂര്‍ വഴി യാത്ര. കാറിനും ആല്‍ബിക്കും ഒരു ദയവുമില്ല.

ഭൂതത്താന്‍ കെട്ടില്‍ എത്തിയപ്പോള്‍ മഴ വന്നു. അടുത്തെങ്ങും കൊച്ചിയില്‍ ഒരു മഴ പെയ്തിട്ടില്ല. മനസ്സിന് ഒരു സന്തോഷം.

കാറില്‍ ഇരിക്കുമ്പോഴേ മഴമേഘങ്ങള്‍ 60 കിലോ മീറ്റര്‍ സ്പീഡിലും ഇടയ്ക്ക് വളവുകളില്‍ വേഗത കുറച്ചും പിന്തുടരുന്നത് കണ്ടപ്പോള്‍ ദീപു പറഞ്ഞതാണ്,

‘മഴ പെയ്യും, നമുക്ക് മല കയറണം’

കോതമംഗലം അടുക്കുമ്പോള്‍ മലനിരകള്‍ കാണാം-എല്ലാ ഹില്‍സ്റ്റേഷനുകളിലും ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച്ച.

ഭൂതത്താന്‍ കെട്ടില്‍ പണികള്‍ നടക്കുകയാണ്. പുതിയ ജലസേചന പദ്ധതി അതിനായി പാറപൊട്ടിക്കുന്നുണ്ട്. പുഴയോട് വലിയൊരു അപരാധം ചെയ്തതും പോരാഞ്ഞ്. പുതിയൊരു അപരാധത്തിന് തുടക്കമിടുകയാണ് മനുഷ്യര്‍.

img3
Before the rain. Quiet waters

മഴ അരിച്ചിറങ്ങുന്ന കാഴ്ച്ചയാണ് രസം. ഡാമിന് മുകളില്‍ കാണാം, ആകാശത്ത് നിന്ന് നൂലില്‍ കെട്ടി മഴയിറങ്ങി വരുന്നത്. ഇടയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരുന്നതും പോകുന്നതുമായ വിമാനങ്ങളും കാണാം.

ഭൂതത്താന്‍കെട്ട് വിട്ടാല്‍ നേരെ ഇഞ്ചത്തൊട്ടിയിലേക്ക്. നേര്യമംഗലം റൂട്ടിലൂടെ ഓടുന്ന ‘ക്യൂന്‍മേരി’ക്ക് മറ്റൊരു സ്റ്റോപ് മാത്രമാണ് ഇഞ്ചത്തൊട്ടി.

ഒച്ചകളെല്ലാം നിലച്ചുപോകുന്ന ഒരിടം. കാണാനും കയറാനും ഒരു തൂക്കുപാലമുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോ ഗോള്‍ഡന്‍ഗേറ്റ് പാലത്തിന്റെ ഒരു ‘വെരി പുവര്‍ കസിന്‍’. ഓറഞ്ച് നിറത്തിലാണ് പാലം.

കടത്ത് മുങ്ങി അഞ്ച് കുട്ടികളെ പുഴ വിഴുങ്ങിയ കാലത്ത് പണിതതാണ് പാലം. കടത്തിന്നുമുണ്ട്, പക്ഷെ പുഴ ഒരു നൂറ് കാല്‍വയ്പ്പില്‍ മറികടക്കാം എന്നതാണ് വ്യത്യാസം.

പാലത്തിന്റെ ഒരു വശത്ത് ചീട്ടുകളി സംഘങ്ങള്‍, ഉറക്കെ സംസാരിക്കുന്ന നാട്ടുകാര്‍. വരുത്തന്മാര്‍ വന്നിറങ്ങുന്നിടത്ത് ഒരു ചായക്കട. ദേഹത്ത് പാണ്ടുള്ള ഷര്‍ട്ടിടാത്ത ചായക്കടക്കാരന്‍ ചേട്ടന്‍. കൂട്ടിന് ഭാര്യയും.

പാലം ചെന്നുമുട്ടുന്ന കരയ്ക്ക് അപ്പുറം മലകളുണ്ട്. മലയുടെ മുകളില്‍ ഒരിടത്ത് ആരോ തീയിട്ടിരുന്നു. ഒരു സിഗരറ്റു പുകയ്ക്കുന്ന ലാഘവത്തില്‍ മല പുക തുപ്പുന്നു.

Jpeg
The Hanging-Bridge of Inchathotti

പാലത്തില്‍ കയറിയാല്‍ പുഴ മിണ്ടാട്ടമില്ലാതെ ഒഴുകുന്നത് കാണാം. അഞ്ച് കുഞ്ഞുങ്ങളെ ഒന്നും മിണ്ടാതെ വിഴുങ്ങിയെടുത്ത പുഴയാണ്. ആ കരച്ചിലൊക്കെ കാലം ഉരുണ്ടും, പുഴ ഒഴുകിയും തീര്‍ന്നു.

സ്‌കൂള്‍ യൂണിഫോമും ചോപ്പ് നിക്കറുമിട്ട് ഒരു പയ്യന്‍ ഇടക്കിടെ പാലത്തിന്റെ ഒരു തലയ്ക്കല്‍ നിന്ന് മറ്റേ തലയ്ക്കലേക്ക് ഓടുന്നുണ്ട്. അവനാണ് ഇവിടുത്തെ ടോം സോയര്‍. ഓരോ ബസ്സും സ്‌റ്റോപ്പില്‍ വരുമ്പോള്‍ അവന്റെ ഓട്ടം കാണാം. നേപ്പാളി ലാമകളെപ്പോലെ തലയില്‍ മുടിവേണ്ടന്ന് വച്ചിരിക്കുകയാണ് അവന്‍.

Img2സൂര്യനസ്തമിക്കാന്‍ ഇഞ്ചത്തൊട്ടിയില്‍ നിന്നു. ഇരുട്ടിന്റെ മറപറ്റി മടക്കയാത്ര. പ്ലാന്റേഷനുകള്‍, റബ്ബര്‍ വിറ്റ് പണിത വീടുകള്‍, പിന്നെ ഇരുട്ട്. തണുപ്പ് ഒരു തുള്ളിപോലും ഇല്ല.

ശനിയാഴ്ച്ച വൈകുന്നേരമാണ്. വഴി നീളെ വിവാഹ സല്‍ക്കാരങ്ങള്‍ നടക്കുന്നു. ബിരിയാണി മണക്കുന്നുണ്ട്.
രാത്രി വൈറ്റില ജംഗ്ഷനില്‍ വന്ന് ബസ് കാത്ത് നില്‍ക്കുമ്പോള്‍ ഒച്ചകളെല്ലാം തിരികെ വന്നു. വീട്ടിലെത്തുമ്പോള്‍ എല്ലാം സ്വസ്ഥം.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പതിവു പോലെ അസ്വസ്ഥം.

ദീപു പറഞ്ഞത് ഓര്‍ക്കുന്നു – എന്നാടാ മൂന്നാര്‍.?