ശിശിരം

‘സ്‌കൂളില്‍ നീ എത്ര പേരെ പ്രേമിച്ചിട്ടുണ്ട്?’ സിറില്‍ ചോദിച്ചു.

അവള്‍ ചിരിച്ചു, വീണ്ടും. ആ ഒരു നിമിഷത്തിനിടയ്ക്ക് സിറിലിന്റെ ചോദ്യത്തിന് എന്തെല്ലാം സദുദ്ദേശങ്ങളും ദുരുദ്ദേശങ്ങളും ഉണ്ടാകുമെന്ന് അവള്‍ വെറുതെ ആലോചിച്ചു നോക്കി.

‘ഒരുപാട്’ അവള്‍ പറഞ്ഞു. ‘ഇപ്പോള്‍ പക്ഷേ ആരെയും ഓര്‍മ്മയില്ല’

അന്ന് അവര്‍ പ്രണയം തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. ആ തമാശയുടെ വരുംവരായ്കളെക്കുറിച്ച് ചിന്തിക്കുന്നത് ഏതാനും ആഴ്ചകള്‍കൊണ്ട് അവര്‍ അവസാനിപ്പിക്കുകയും ചെയ്തു.

വീണ്ടും അവര്‍ ആകാശം നോക്കി മരത്തണലില്‍ ഇരുന്നു. എല്ലാം അവസാനിക്കാന്‍ തുടങ്ങുന്നതിന്റെ, അവസാന ആഴ്ചയുടെ ആദ്യത്തെ ദിവസം. മരങ്ങള്‍ പൊഴിച്ച ഇലകള്‍ അമ്പിളിക്കലകളെപ്പോലെ നിലത്ത് ചിതറിക്കിടന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ആദ്യമായി അവരെ വെറും രണ്ടു ശരീരങ്ങള്‍ മാത്രമായി എനിക്ക് അനുഭവപ്പെട്ടു. തണുക്കുന്ന അന്തരീക്ഷത്തില്‍ ചൂട് കൊള്ളാന്‍ മാത്രം കൂടിച്ചേരുന്ന രണ്ടു ജോടി കൈകളും കാലുകളും. രോമം നിറഞ്ഞതും, രോമങ്ങള്‍ തീരെയില്ലാത്തതും.

കോളേജ് വിട്ട് കുട്ടികള്‍ കടന്നുപോയി. ദയനീയമെന്ന് തോന്നിച്ച നോട്ടങ്ങള്‍ കൈമാറി പലരും നടന്നകന്നു. അവയ്ക്കുള്ളില്‍ ഒളിച്ചിരുന്ന സന്ദേശങ്ങള്‍ വ്യക്തമായിരുന്നു. ഇനിയെന്ത്, ഇനിയെന്ത്… എന്നത് മാത്രമായിരുന്നു ആ നോട്ടങ്ങള്‍. മീസാന്‍ കല്ലുകളെപ്പോലെ നിശ്ചലരായി നിന്ന അക്വേഷ്യാ മരങ്ങള്‍ക്കിടയിലൂടെ വന്ന പിന്‍ നോട്ടങ്ങള്‍ വീണ്ടും അതുറപ്പിച്ചു.

കാര്യം വളരെ നിസ്സാരമായിരുന്നു. അനീസയുടെ (രോമങ്ങളില്ലാത്ത കൈകളുടെ ഉടമ) വിവാഹം ഉറപ്പിച്ചു. അവളുടെ എതിര്‍പ്പുകളെ മറികടന്ന്, അവരുടെ പ്രണയത്തിന്റെ കാവല്‍ മാടങ്ങളായ അക്വേഷ്യാ മരങ്ങളുടെ പ്രതിരോധത്തെ മറികടന്ന് സിറിലിന്റെ കൈരോമങ്ങള്‍ പകര്‍ന്ന ചൂടിനെ വകവെയ്ക്കാതെ അവളുടെ അച്ഛന്‍ മറ്റൊരാള്‍ക്ക് അവളെ നല്‍കാന്‍ തീരുമാനിച്ചു.

അവളെങ്ങനെയാണ് പ്രതിരോധിച്ചതെന്നറിഞ്ഞുകൂടാ. കാരണം അവള്‍ കരയുന്ന കൂട്ടത്തിലേ ആയിരുന്നില്ല. കരച്ചിലൊഴിച്ച് ബാക്കിയെന്താണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികള്‍ ആയുധമാക്കുക എന്ന് എനിക്കറിയില്ല. സിറിലിനെ സംബന്ധിച്ച് ജിയോഗ്രഫി പുസ്തകത്തിന്റെ ഏതാനും പേജുകള്‍ നഷ്ടപ്പെടുത്താനെ ഈ തീരുമാനം ഉപകരിച്ചുള്ളു. കാന്‍ഡിമാന്‍ ലാക്ടോയുടെ ടാറ്റൂകള്‍ തലങ്ങും വിലങ്ങും ഒട്ടിച്ച ഹോസ്റ്റല്‍ മുറിയിലെ കണ്ണാടിക്ക് മുന്‍പിലിരുന്ന് അവന്‍ ഭ്രാന്ത് പറഞ്ഞു. ഇടക്ക് തടിച്ച നോട്ടു പുസ്തകങ്ങള്‍ ഭിത്തികളിലെറിഞ്ഞു.

Sauraj Pushapangadhan

ദു:ഖങ്ങള്‍ എപ്പോഴും അതിഥികളെപ്പോലെ പെരുമാറുന്നു. വന്നെത്തുന്ന ആദ്യത്തെ നിമിഷത്തിലെ അവര്‍ക്ക് മനുഷ്യരെ അമ്പരപ്പെടുത്താനാവു. പിന്നീട് വിട്ടു പോകുന്നതുവരെ അവ നിങ്ങളുടെ ഒരു ഭാഗമായിത്തന്നെ തുടരും. ആ വിചാരം അവരെ വിഷമങ്ങളോട് താദാമ്യപ്പെടുത്തിയെന്ന് തോന്നിച്ചു. അങ്ങനെ ഒരിക്കലും യാത്ര പറയില്ലെന്ന് ഉറപ്പിച്ച് അവസാന ആഴ്ചകളിലും മരത്തണലിലെ കൂടിക്കാഴ്ചകള്‍ തുടരാന്‍ തീരുമാനിച്ചു.

അവസാന ആഴ്ച്ചകള്‍ – സിറില്‍ ഹോസ്റ്റല്‍ ഉപേക്ഷിക്കുന്നതിന്റെയും, അക്വേഷ്യാമരങ്ങള്‍ അവര്‍ക്കിരുവര്‍ക്കും നഷ്ടമാകുന്നതിന്റെയും.

ഞങ്ങള്‍ യാത്രയിലായിരുന്നു.

വൈകുന്നേരത്തിന്റെ ഉപ്പുരസം കടല്‍ത്തീരത്ത്് വച്ച് അലയടിക്കുമ്പോള്‍ അവളുണര്‍ന്നു. ബസ്സിന് പുറത്ത് മഴ നിലവിളി അവസാനിപ്പിച്ചിരുന്നു. ജനാലച്ചില്ലകളില്‍ ഉരുകിയൊലിച്ച മഴത്തുള്ളികള്‍ സങ്കടങ്ങളുടെ ശേഷിപ്പുകളെപ്പോലെ അഭയം തേടി പാഞ്ഞ് നടന്നു.

നീലമുഴുക്കൈയ്യന്‍ ഷര്‍ട്ടിന്റെ തെറുക്കലുകള്‍ അഴിച്ചിട്ട് സിറില്‍ പുറത്ത് കാത്തു നിന്നു. അവര്‍ നടക്കാന്‍ തുടങ്ങി. തിരയുപേക്ഷിച്ചുപോയ കറുത്ത മണല്‍ത്തരികള്‍ ഉരുണ്ടുകൂടി. അവള്‍ ചെരുപ്പ് ഉപേക്ഷിച്ചു. കാലുകള്‍ മണലില്‍ പുതഞ്ഞുപോകുകയാണ്. ആവുന്നത്ര ബലത്തില്‍ സിറിലിന്റെ കൈകളില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു അവള്‍.

മണല്‍പ്പരപ്പിലൂടെ അവര്‍ ഒരുപാട് നടന്നു. ഇടയ്ക്ക് മഴ വീണ്ടും വന്നു. ഓര്‍മ്മപ്പെടുത്തലുകള്‍ പോലെ സിറിലിന്റെ ഇളം നീല ഷര്‍ട്ടില്‍ മഴത്തുള്ളികള്‍ പതിച്ചു. അവ തീര്‍ത്ത ഭൂപടങ്ങളില്‍ വഴി തെറ്റി അവന്‍ അനീസയുടെ കൈകളില്‍ മുറുകെപ്പിടിച്ചു. പനിക്കോളുമായി അവള്‍ തിരികെ കോളേജില്‍ വന്നിറങ്ങുംവരെ ആ പിടി വിട്ടിരുന്നില്ല.

Sauraj Pushapangadhan

മാര്‍ക്കറ്റിലും, നഗരത്തിലെ എസ്പ്ലനേഡ് ഷോപ്പിംഗ് മാളിലും വച്ച് രണ്ടു തവണ കൂടി സിറിലും അനീസയും കണ്ടു. അവസാന കാഴ്ച്ചയ്ക്ക് ശേഷം, രാത്രി അവന്‍ എന്നെക്കാണാന്‍ വന്നിരുന്നു. ഒന്നും മിണ്ടാതെ കുറച്ചധികനേരം മുറിക്കുള്ളില്‍ വന്നിരുന്നു. ഞാന്‍ എന്തെങ്കിലും അവനോട് പറയുമെന്ന് അവന്‍ കരുതി. എനിക്കൊന്നും പറയാന്‍ ഇല്ലായിരുന്നു.

കാരണം എനിക്ക് പ്രണയിക്കുന്നവരെ ഭയമായിരുന്നു.

നിര്‍ണ്ണയിച്ചിട്ടില്ലാത്തൊരു ഭാഗദേയത്തെ ചോദ്യം ചെയ്ത് ജീവിക്കുന്നവരാണ് പ്രണയികള്‍. നഷ്ടത്തിന്റെ വില കണക്ക് കൂട്ടാത്തവര്‍. സിറില്‍ രാത്രി ഏറെ വൈകും വരെ ആ ഇരിപ്പ് തുടര്‍ന്നു.

‘ഒന്നും നമ്മുടെ കൈയ്യിലല്ല. അത് മറക്കടാ… നിനക്ക് കഴിയും…’ തരിമ്പും ആത്മാര്‍ത്ഥതയിെല്ലങ്കിലും ഞാന്‍ എന്റെ ഉപദേശം തുടര്‍ന്നു.

മൂന്നാഴ്ച്ചകള്‍ക്ക് ഇടയില്‍ നടന്ന രണ്ട് പ്രധാനപ്പെട്ട സംഭവങ്ങള്‍; അനീസയുടെ വിവാഹം നടന്നു. സിറില്‍ ഹോസ്റ്റല്‍ ഉപേക്ഷിച്ച് പോയി.

പ്രിയപ്പെട്ട ഇടങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ശ്വാസം മുട്ടിക്കുന്നതെങ്ങനെയെന്ന് അവന്‍ കാണിച്ചു തന്നു. അനീസയുടെ വിവാഹ ദിനങ്ങള്‍ അടുക്കുംതോറും സിറിലിന് അവന്റെ മനസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് എനിക്ക് മനസിലായി. അവന്‍ അടങ്ങിയിരിക്കാതെ കെണിയില്‍പ്പെട്ട പെരുച്ചാഴിയെപ്പോലെ മുറിക്കുള്ളില്‍ ചിലച്ച് ശബ്ദമുണ്ടാക്കി. സിഗരറ്റുകളെ കൂടുതല്‍ ആശ്രയിച്ചു.

ജനാലകള്‍ ഇടയ്ക്ക് തുറന്നിടുകയും വലിയ ശബ്ദത്തില്‍ അടയ്ക്കുകയും ചെയ്തു. ഭക്ഷണ സമയത്ത് അസ്വാഭാവികമായി ഒന്നുമില്ലൈന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ പെരുമാറാന്‍ ശ്രമിച്ചു. അവനെയോര്‍ത്ത് എനിക്കും സങ്കടം വന്നിരുന്നു. ചുറ്റുമുള്ളതൊന്നും അറിയാതെ നിലവിളിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് അവനെന്ന് തോന്നി.

അവനോട് കാര്യമായിതന്നെ സംസാരിക്കണമെന്ന് ഞാന്‍ കരുതിയ ഒരു പകല്‍ ആരോടും ഒന്നും പറയാതെ അവന്‍ ഹോസ്റ്റല്‍ ഉപേക്ഷിച്ച് പോയി, ഒരു കിളി കൂടൊഴിയും പോലെ.

അനീസയുടെ വിവാഹത്തിന് അവന്‍ മടങ്ങിവരുമെന്ന് ഞാന്‍ കരുതി. അതുണ്ടായില്ല. പരാജയപ്പെട്ട കാമുകര്‍ക്ക് ചെയ്യാവുന്നതും ചെയ്യാനാകാത്തതും എന്തൊക്കെയാണെന്ന് അവനും അറിയുമായിരിക്കണം.

അനീസയെ വിവാഹ റിസപ്ഷന് കണ്ടു. ചെറുപ്പമസ്തമിച്ച ഒരാളാണ് അവളെ വിവാഹം ചെയ്തത്. അവളുടെ അച്ഛന്‍ കൂടെയുണ്ടായിരുന്നു. ഇതാ ഒറ്റുകാരന്‍. എനിക്ക് ചിരി വന്നു.

Sauraj Pushapangadhan

ഓര്‍മ്മ ചിലപ്പോള്‍ വളരെ മൂര്‍ച്ചയേറിയ ആയുധമാണ്. മനസ്സിന് ശക്തി കുറയുമ്പോള്‍ പ്രത്യേകിച്ചും. സിറില്‍ മറക്കാന്‍ ശ്രമിക്കുന്തോറും അത്രയേറെ ആഴത്തില്‍ അവനെ ഓര്‍മ്മകള്‍ തേടിവന്നു. അതിന്റെ വേദന ഒറ്റയ്ക്ക് തിന്നാന്‍ വയ്യാത്തത് കൊണ്ട് അവന് ഇടയ്ക്ക് എന്നെയും വിളിച്ചു. എല്ലാവരുടെയും കണ്‍വെട്ടത്ത് നിന്ന് സ്വയം മോചിപ്പിച്ച് ദൂരെ എവിടെയോ ആയിരുന്നു അവന്‍. ഇതൊരു വേദനയെ അല്ലെന്ന് ഭാവിക്കാന്‍ ഞാന്‍ അവനോട് പറഞ്ഞു. അതേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളു.

വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത് തിരികെ വരുമ്പോള്‍ ആഴ്ച്ചകള്‍ക്കു മുന്‍പ് അനീസ എന്നെക്കാണാന്‍ വന്നത് ഞാന്‍ ഓര്‍ത്തു. അവള്‍ സിറിലിനെക്കുറിച്ച് തിരക്കി.

‘ഇനി നീ അവനെ കാണരുത്’ ഞാന്‍ വിലക്കി

‘നിനക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?’ അവള്‍ ആവര്‍ത്തിച്ചു.

‘ഇനിയോ?’ തമാശയ്ക്ക് പോലും അവള്‍ക്കൊരു പ്രതീക്ഷ കൊടുക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു.

അവള്‍ പിറുപിറുത്തു. ‘ഒരുപക്ഷേ, സിറില്‍ വന്ന്് വാപ്പയോട് സംസാരിച്ചാല്‍…’ അവള്‍ അവളുടെ പ്രതീക്ഷയില്‍ നിന്ന് പിടിവിട്ടിരുന്നില്ല. ‘ഉറപ്പില്ല, എന്നാലും നടന്നാലോ?’

‘അവന്‍ നിന്റെ മതക്കാരനല്ല. വേറെന്ത് അംഗീകരിച്ചാലും അത് നിന്റെ വാപ്പ അംഗീകരിക്കില്ല. നീ ഇറങ്ങിവന്നാലും ഒന്നും ചെയ്യാനില്ല. അവന് നിന്നെ പോറ്റാന്‍ പറ്റില്ല. അവന് 22 വയസ് തികച്ചില്ല. അവനും ഒരു ജീവിതമുണ്ട്. അത് നിന്റെ കൂടെയാകണമെന്ന് എല്ലാവര്‍ക്കും – ഈ എനിക്കും ആഗ്രഹമുണ്ട്. വിവാഹം കഴിച്ചിട്ട് നിങ്ങളെന്ത് ചെയ്യും, എല്ലാവര്‍ക്കും മുന്നില്‍ കൈനീട്ടുമോ? നീ ഇത് ഓര്‍ക്കാന്‍ പോകുന്നില്ല. മറക്കും.’

ഞാന്‍ വാക്കുകള്‍കൊണ്ട് അവളെ തകര്‍ത്തു കളഞ്ഞു.

‘ഞാന്‍ വന്നത് അവനോട് പറയണ്ട. അവന്‍ എന്റെ വീട്ടിലേക്ക് വരാന്‍ ധൈര്യമുണ്ടെന്ന് തോന്നിയാല്‍ മാത്രം നീ ഇത് അവനോട് പറഞ്ഞാല്‍ മതി. ഇനിയും അവന്‍ വിഷമിക്കില്ല’ പോകാന്‍ നേരം അവള്‍ പറഞ്ഞു. പിന്നീട് എനിക്ക് വിഷമം തോന്നി. അവള്‍ക്ക് എത്ര മുറിവേറ്റിട്ടുണ്ടാകും. ഒരൂഹവുമില്ലാായിരുന്നു. അവളുടെ അവസാന പ്രതീക്ഷയായിരുന്നു ഞാന്‍.

അനീസയുടെ വിവാഹത്തിന് ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞ് സിറില്‍ എനിക്ക് ഒരു ഇ-മെയില്‍ അയച്ചു. അവളുടെ സന്ദര്‍ശനത്തെക്കുറിച്ച് ഞാന്‍ അവനോട് കുറ്റസമ്മതം നടത്തി. അവനതിന് എന്നെ ശകാരിച്ചില്ല. അതെല്ലാം പിന്നിലായെന്ന തരത്തിലാണ് പെരുമാറിയത്. അവന്റെ സന്ദേശങ്ങളിലൊന്നും പഴയതൊന്നിന്റെയും പാടുകളുണ്ടായിരുന്നില്ല.

അവളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലിന് അവന്‍ മലയാളത്തില്‍ എനിക്കൊരു മറുപടിയെഴുതി. അതിലെ മറ്റു വരികളൊന്നും എനിക്കോര്‍മ്മയില്ല. പക്ഷേ, ഓറഞ്ച് അക്ഷരങ്ങളില്‍ കടുപ്പിച്ച് അവന്‍ ഒരു വാചകം കുറിച്ചിരുന്നു.

‘പിരിഞ്ഞതല്ല, ആ പ്രണയത്തില്‍ നിന്ന് ഞങ്ങള്‍ രണ്ടുപേരും ജീവനുംകൊണ്ട് രക്ഷപെട്ടതാണ്’

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം സിറില്‍ അപ്രതീക്ഷിതമായി തിരികെ വന്നു. വര്‍ഷങ്ങള്‍ ഉരുണ്ടുപോയതിന്റെ ലക്ഷണങ്ങളൊന്നും അവന്റെ ശരീരത്തില്‍ കണ്ടില്ല. പഴയ ആ സിറില്‍ ആയിരുന്നു തിരികെയെത്തുമ്പോഴും അവന്‍. മുഖത്ത് പക്ഷെ അന്നത്തെ നിരാശയുടെ നിഴലുകളില്ലായിരുന്നു. കാലം ഇടയ്ക്ക് നിശ്ചലമാകുന്ന സാഹചര്യങ്ങളുണ്ട്. ഒരാള്‍മാത്രം മുന്നോട്ട് ചലിക്കുകയും ലോകം പതിയെ പിന്തുടരുകയും ചെയ്യുന്ന അവസ്ഥ.

സിറില്‍ എന്നെ തേടി വന്നതില്‍ അത്ഭുതമില്ല. മനുഷ്യരെ വിശ്വസിക്കുന്നതാണ് അവന്റെ പ്രകൃതം. സാഹചര്യങ്ങളെ മാത്രമേ അവന്‍ വെറുക്കുന്നുള്ളു. മോശം അനുഭവങ്ങള്‍ക്കുശേഷവും വീണ്ടും മനുഷ്യരില്‍ അവന്‍ വിശ്വാസം പുലര്‍ത്തുന്നു.

ചെറിയ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസം എന്റെ വാക്കുകള്‍ക്ക് വേണ്ടി അവന്‍ വന്നപ്പോള്‍ അവനോട് മറവിയുടെ പാഠങ്ങള്‍ പറഞ്ഞു കൊടുത്തവനാണ് ഞാന്‍. അതൊന്നും അവനിപ്പോള്‍ ഓര്‍ക്കുന്നില്ല. അവന്‍ എല്ലാത്തിനെയും എന്നപോലെ എന്നെയും വിശ്വസിക്കുന്നു.

അവനവനില്‍ വിശ്വസിക്കുന്നവന്റെ കപ്പല്‍ തകരാനുള്ള സാധ്യതകള്‍ കുറവാണ്. അത് തകര്‍ന്നാല്‍തന്നെ അയാള്‍ മുങ്ങാനുള്ള സാധ്യതയുമില്ല. ഇനിയെങ്ങാനും അയാള്‍ മുങ്ങിയാല്‍ അയാളെ കൊല്ലാന്‍ പ്രയാസമാണ്. അയാള്‍ മരണപ്പെട്ടാല്‍ എളുപ്പത്തില്‍ ആരും മറക്കുകയും ഇല്ല.

‘നീ ഇപ്പോള്‍ എവിടെയാണ്?’ അവന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ കൗതുകം അവസാനിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു.

‘ദുബായില്‍ ഒരു ലോജിസ്റ്റിക്‌സ് കമ്പനിയിലാണ്’

‘ലീവിലാണോ?’

‘ങും’

പിന്നീട് ഞങ്ങള്‍ സംസാരിച്ചു. കൂടുതലും പഴയ കാര്യങ്ങള്‍. വാക്കുകളുടെ വക്കുകളില്‍ അനീസയെന്ന മൂന്നക്ഷരം പറ്റിപ്പിടിക്കുന്നത് ഞാന്‍ പതിയെ മനസിലാക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പയച്ച കത്തുകളില്‍ ഇത്തരമൊരു സൂചനയില്ലായിരുന്നു. എങ്ങോട്ടാണ് സംസാരിച്ചുപോകുന്നത്. ഒരുപക്ഷേ, ഭൂതകാലത്തിലേക്കുള്ള യാത്രകള്‍ ഇങ്ങനെയായിരിക്കും. അതുവരെ ഒളിച്ചിരുന്നതിനെല്ലാം ഓര്‍മ്മവയ്ക്കുന്ന സമയം. വാക്കുകളില്‍ അവന്‍ വഴുക്കുകയാണ്.

ഒരു സ്ത്രീയിലേക്ക് വാക്കുകളെ വഴിതിരിച്ചുവിടാന്‍ ഒരു പുരുഷന് എളുപ്പം കഴിയും, ദീര്‍ഘ സംസാരത്തില്‍ ആണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആ വഴി തുറക്കപ്പെടാം. കാരണം കേള്‍ക്കുന്നവനും പറയുന്നവനും ഒരുപോലെ മടുക്കുകയാണല്ലോ. അല്ലെങ്കില്‍ തന്നെ രണ്ടു പുരുഷന്മാര്‍ അവരുടെ ജീവിതകഥ പരസ്പരം പറയുന്നത്, അവരുടെ അന്നത്തെ ദിവസത്തെക്കുറിച്ചോ, അടുക്കളയിലെ ഫ്രൈയിങ് പാനിന്റെ ഇളകിപ്പോയ പിടിയെപ്പറ്റിയോ ആകാറുണ്ടോ?

‘അനീസ ഗള്‍ഫിലെവിടെയോ ആണ്?’

‘ങും’ അവന്‍ മനസിലായെന്ന് മൂളി.

‘നീ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടോ.?’ ഞാന്‍ ചോദിച്ചു

‘എന്ത്?’ അവന്‍ എന്റെ മുഖത്തേക്ക് നോക്കി. ആ ഭാവം എനിക്ക് മനസിലായി” ഇരിപ്പ് നേരെയാക്കി അവന്‍ പറഞ്ഞു.

‘നീ പ്രണയിച്ചിട്ടില്ലേ ആരെയും… നിനക്ക് അത് പറഞ്ഞാല്‍ മനസ്സിലാകില്ല. ഏറ്റവും റെസ്‌പോണ്‍സിബിള്‍ ആയിട്ട് നമ്മള്‍ പെരുമാറുന്നത് ആരെയെങ്കിലും സ്‌നേഹിക്കുമ്പോഴാണ്. പ്രണയത്തോട് മാത്രമല്ല, സകല ലോകത്തോടും അടുക്കാന്‍ തോന്നും, സ്‌നേഹിച്ചാല്‍ മാത്രം മതിയെന്ന് തോന്നിപ്പോകും. നിനക്ക് അത് മനസ്സിലാക്കാന്‍ പറ്റില്ല. എന്റെ അഡൈ്വസ് ആണ്, നീ സ്‌നേഹിക്കണം കഴിയുന്നതും പെട്ടന്ന്’

വലിയൊരു വിപ്ലവകാരിയുടെ പ്രസംഗം പോലെയാണ് അവനത് പറഞ്ഞതെങ്കിലും ആ വാചകം കഴിഞ്ഞപ്പോള്‍ ഉണ്ടായ വിടവ് ഓര്‍മ്മിച്ച് ഞങ്ങള്‍ നിശബ്ദം ചിരിച്ചു.

‘അവള്‍ക്കൊരു കുട്ടിയായിക്കാണും,അല്ലേ?’

അവനത് ശ്രദ്ധിച്ചില്ല. അപ്പോള്‍ ഞാന്‍ അടുത്ത ചോദ്യമെറിഞ്ഞു.

‘എന്നാണ് മടക്കം?’

‘മറ്റന്നാള്‍ പുലര്‍ച്ചെ’

പിറ്റന്ന് വൈകീട്ട് ഞങ്ങള്‍ കടല്‍ത്തീരത്ത് പോയി. സിറിലാണ് നിര്‍ബന്ധിച്ചത്.

സന്ധ്യയുടെ നില തെറ്റി വീണ് സൂര്യന്‍ കുങ്കുമംപോലെ ആകാശത്തിന്റെ നീല നെറ്റിയില്‍ പടര്‍ന്നു കിടന്നു. മുഖങ്ങളില്ലാത്ത ആളുകള്‍ മണല്‍ത്തിട്ടയില്‍ നിറയുകയാണ്. ദൂരെയുള്ള മനുഷ്യര്‍ കറുത്ത രൂപങ്ങളായി കറുത്ത ക്യാന്‍വാസിലേക്ക് നക്കിയെടുക്കപ്പെടുന്നു. സെക്കന്റുകള്‍ക്കിടയിലുള്ള ഇടവേളകളില്‍ വിചിത്രങ്ങളായ ശബ്ദങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു.

കടലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ പെട്ടന്ന് ഉദിച്ച ഒരു നക്ഷത്രത്തെപ്പോലെ ഞങ്ങളുടെ മുന്നിലേക്ക് അനീസ വന്നുനിന്നു.

കടലിന് സമാന്തരമായി ഞങ്ങള്‍ മെല്ലെ നടക്കാന്‍ തുടങ്ങി. പൊട്ടും പൊടിയുമായി ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. അവര്‍ ദുബായ് നഗരത്തിലായിരുന്നു താമസം. അവളുടെ ഭര്‍ത്താവ് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പറഞ്ഞു, അയാളുടെ ബിസിനസ്സിനെക്കുറിച്ച് പറഞ്ഞു. അപ്പോഴെല്ലാം മുഖത്തൊരു ചിരിയൊട്ടിച്ചു പിടിച്ച് എല്ലാത്തിനും തലയാട്ടുകയായിരുന്നു അനീസ.

തിരികെയുള്ള യാത്രയില്‍ സിറില്‍ വളരെ പതിയെയാണ് ബൈക്കോടിച്ചത്. വീട്ടിലെത്തി ഷൂസ് അഴിക്കും മുന്‍പേ ഞാന്‍ അവനെ ചോദ്യം ചെയ്തു.
‘നിങ്ങള്‍ പരസ്പരം അറിഞ്ഞിരുന്നു അല്ലേ.’

അവന്‍ ഉത്തരം പറഞ്ഞില്ല. ഞാന്‍ അവന്റെ ദുബായ് വിലാസം ഡയറിയില്‍ നിന്ന് കണ്ടെത്തി. അത് അനീസയുടെ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് ഒട്ടും ദൂരെയല്ലെന്ന് അവന്‍ സമ്മതിച്ചു.

-വേണ്ടിയിരുന്നില്ല.- ഞാന്‍ പറഞ്ഞു.

‘എന്ത്?’

‘ഇന്നത്തെപ്പോലെ ഒരു കാഴ്ച്ച വേണ്ടായിരുന്നുവെന്ന്.’

‘അവളും ഞാനും മോശമായി എന്തെങ്കിലും ഇന്ന് ചെയ്‌തോ. ഒരു കൂടിക്കാഴ്ച്ച.’

‘പക്ഷേ, അത് ആകസ്മികമല്ലായിരുന്നു. നിങ്ങള്‍ മനപൂര്‍വം ചെയ്തതാണ്. അല്ലേ. അവിടെയാണ് പ്രശ്‌നം. അവള്‍ വിവാഹിതയാണ്.’

‘വിവാഹം, അതൊരു സാങ്കേതികത്വം മാത്രമാണോ?’ അവന്‍ ഇടയ്ക്കു കയറി.

‘സിറില്‍, നീ ആലോചിക്ക്. പരസ്പരം കാണാന്‍ നീയും അവളും ഒരു വിമാനം കയറി ഇത്ര ദൂരെയ്ക്ക് പറന്നു വന്നിരിക്കുകയാണ്. അതിലെവിടെയെങ്കിലും ഒരു പൊരുത്തക്കേട് തോന്നുന്നുണ്ടോ? എനിക്ക് തോന്നുന്നുണ്ട്. നീ അവിടെവെച്ചും അവളെ കാണാറുണ്ടായിരുന്നു അല്ലേ?’

‘അവിടെ ഒരു നഗരത്തിലാണ് ഞങ്ങള്‍ താമസിക്കുന്നത്’ അവന്‍ തുടര്‍ന്നു ‘എന്റെ മുറിയിലെ ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ അവളുടെ വീട്ടിലേക്ക് നീളുന്ന തെരുവ് കാണാമായിരുന്നു. എന്നിട്ടും ഞങ്ങള്‍ പരസ്പരം കാണാന്‍ ശ്രമിച്ചിട്ടില്ല.

‘പിന്നെ?’

‘ഒരു സുഹൃത്താണ് എന്ന ക്ഷണിച്ചത്. ഒരു പൊതുസുഹൃത്ത്.’

‘നീ അത് അന്നുതന്നെ അത് നിര്‍ത്തണമായിരുന്നു.’ ഞാന്‍ ശാസിച്ചു.

‘ഞാനവളോട് അധികം സംസാരിച്ചിട്ടില്ല. ഞങ്ങള്‍ പിന്നീട് പരസ്പരം കണ്ടതുപോലും അപൂര്‍വമാണ്. പക്ഷേ, അവള്‍ക്ക് എന്നെ കണ്ടില്ലെന്ന് നടിക്കാതിരിക്കാന്‍ പറ്റില്ല. ചിലപ്പോള്‍ ഇതെല്ലാം തെറ്റായിരിക്കും. അല്ലെങ്കില്‍ തെറ്റാണെന്ന് തന്നെ വിചാരിക്ക്. അപ്പോള്‍ എന്താണ് ശരി? അവള്‍ ഇപ്പോള്‍ അഭിനയിക്കുകയാണ്. അതാണോ ശരി.’

അവന്‍ തുടര്‍ന്നു;

‘എനിക്കിഷ്ടമുണ്ട്. മായ്ച്ച് കളയാന്‍ പറ്റുമോ. അല്ലെങ്കില്‍ തന്നെ നഷ്ടപ്പെട്ടെന്ന് കരുതി ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ, ആളുകളെ. എനിക്ക് പറ്റില്ല. അവള്‍ക്കും അതു തന്നെയാണ് ചിന്തയെങ്കില്‍ ഒട്ടുംപറ്റില്ല. ഞാന്‍ എപ്പോഴും ഓര്‍ക്കുമായിരുന്നു മറ്റുള്ള കാര്യങ്ങള്‍ വരുമ്പോള്‍ ഇടയ്ക്ക് മറന്നുപോകും. എന്നെന്നേക്കുമായി മറക്കാനുള്ള സമയം കിട്ടിയിട്ടില്ല. അതിന് മുന്‍പ് മറക്കേണ്ടെന്ന് തോന്നിയാലോ? രണ്ടുപേര്‍ക്കും ഒരേകാര്യം ശരിയാണെന്ന് തോന്നിയാലോ?’

ഉത്തരത്തിന് പകരം ഞാന്‍ മറ്റൊരു ചോദ്യം ചോദിച്ചു ‘നീ നാളെപ്പോകുമോ?’

‘ങും’ അവന്‍ ഇരുത്തി മൂളി. ഞാന്‍ ലൈറ്റണച്ചു.

‘അയാള്‍ക്ക് അവളുടെ കണ്ണില്‍ നോക്കാനുള്ള കരുത്തില്ല’ ഇരുട്ടത്ത് ഒരശരീരി മുഴങ്ങി.

ഞാന്‍ മറുപടി പറഞ്ഞില്ല. എന്റെ മനസ് വേഗത്തില്‍ ഓടുകയായിരുന്നു. അത് മറ്റാരുടെയോ മനസിന്റെ താളത്തിലാണെന്ന് എനിക്കുതോന്നി. ആയിരം ചിന്തകള്‍ എന്റെയുള്ളിലൂടെ കടന്നുപോയി. അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ കാലടിയൊച്ചകള്‍പോലെ ശബ്ദങ്ങള്‍ കടന്നുവന്നു. പിന്നീട് അവ വര്‍ദ്ധിച്ചു. മുറിക്കുള്ളിലേക്ക് തണുപ്പിന്റെ ഞരമ്പുകള്‍ നീണ്ടു വന്നു. കണ്ണുകള്‍ തുറക്കാന്‍ പറ്റാത്തതുകൊണ്ടു മാത്രം ഞാന്‍ പുതിപ്പിനടിയിലേക്ക് ചുരുണ്ടു കൂടി.

ഞാന്‍ എന്തോ പറയാന്‍ വെമ്പുന്നല്ലോയെന്ന് എന്റെ മനസ് പറഞ്ഞു. ഞാന്‍ ഒരു ഉത്തരം മറന്നിരിക്കുന്നു. അതുപക്ഷേ, ശരിയായ ഉത്തരമാണോ?

എനിക്കറിയില്ലായിരുന്നു. അനീസയുടെയും സിറിലിന്റെയും പഴയമുഖങ്ങള്‍ ഇരുട്ടില്‍ ഞാന്‍ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നു. പണ്ട് അവര്‍ക്കു നല്‍കിയ ഉത്തരങ്ങളെക്കുറിച്ച് ഞാന്‍ ആലോചിച്ചു. മുന്‍പത്തെ എന്റെ ഉത്തരങ്ങള്‍ ശരിയായിരുന്നോ?

പിന്നീട് ഞാന്‍ ഓര്‍ത്തു. മനസില്‍ ഒരു മതില്‍പോലെ തകര്‍ന്നുവീണ പഴയ വര്‍ഷങ്ങളുടെ ഭാരം എത്രയുണ്ടാകും? എത്ര രാത്രികളില്‍ ഉറക്കം കെടുത്തുമാറ് അവളെയും അവനെയും എഴുന്നേല്‍പ്പിച്ചിട്ടുണ്ടാകും ആ ചിന്തകള്‍. ദിവസങ്ങള്‍ എന്നെയും ഓര്‍മ്മപ്പെടുത്തിയതല്ലേ, ഇതൊന്നും ഒരു നാടകമല്ലൈന്ന്. ഇരുട്ടില്‍ അവര്‍ എന്തു ചെയ്തു? തലയണകള്‍ എത്ര കരഞ്ഞുകാണും, ഓര്‍മ്മകള്‍ എത്ര പഴകി നിറംകെട്ടുകാണും. എത്രമാത്രം മുറിവേറ്റെന്ന് എനിക്കും അറിഞ്ഞുകൂടെ? മനുഷ്യനെ മറക്കാന്‍ പഠിപ്പിച്ചയാളാണോ ഞാന്‍?

കാലടിയൊച്ചകള്‍ കൂടിക്കൊണ്ടിരുന്നു. ആകാശം ഓരോ വലിയ തുള്ളികളായി അടര്‍ന്നു വീഴുന്നതുപോലെ ഇരുട്ടില്‍ വലിയ ശബ്ദങ്ങള്‍ തുടര്‍ന്നു. ഉറക്കം അവസാനത്തെ കൊളുത്തും അഴിച്ചുമാറ്റിയതിന് ശേഷം ഞാന്‍ സിറിലിനെ പരതി. അവന്റെ കട്ടില്‍ ഒഴിഞ്ഞു കിടന്നു, അവന്റെ ശരീരം കിടക്കവിരിയില്‍ വരച്ചിട്ട അവന്റെ ഒരു രൂപരേഖ മാത്രം ബാക്കിയുണ്ടായിരുന്നു.

ഡയറി അവന്‍ കീറിയെറിഞ്ഞിരുന്നു. അതില്‍ നിന്നു വേര്‍പെട്ടതും ഒളിപ്പിച്ചു വെച്ചിരുന്നതുമായ നിരവധി കടലാസുകള്‍ തലയണയ്ക്ക് കീഴെ കൂട്ടിയിട്ടിരുന്നു.

അവയ്ക്കിടയില്‍ നിന്ന് മുന്‍പെഴുതിയ ഒരു പ്രണയലേഖനം ഞാന്‍ കണ്ടെടുത്തു. ഞാന്‍ കൂടിവായിച്ചതാണത്. എങ്കിലും അതിലെ വരികളില്‍ എനിക്ക് പുതിയൊരു കൗതുകം തോന്നി.

‘…എന്നിലേക്കുള്ള വാതിലുകളെല്ലാം അടച്ച് മഞ്ഞുകാലം നോറ്റിരിക്കുകയാണ് ഞാന്‍…..’

അത് ആരുടെ കയ്യക്ഷരമാണെന്ന് ആലോചിക്കാന്‍ നിന്നില്ല. കടലാസു കഷ്ണങ്ങള്‍ അടുപ്പിലിട്ടുകത്തിച്ചു. ആ ചൂടില്‍ രണ്ടുമുഖങ്ങള്‍ എന്റെ ഓര്‍മ്മയില്‍ നിന്ന് ഉരുകിവീണ് ഇല്ലാതായി. രാത്രി പുറത്ത് പെയ്തത് മഞ്ഞ് ആയിരുന്നില്ലെന്ന് ഉറപ്പിക്കാന്‍ ഞാന്‍ ജനാലകളും വാതിലും തുറക്കേണ്ടെന്നും തീരുമാനിച്ചു.

Advertisements

6 thoughts on “ശിശിരം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s