വളർന്ന് ഞാനൊരു രാക്ഷസനാകും

വളര്‍ന്ന് വളര്‍ന്ന് ഞാനൊരു രാക്ഷസനാകും. ഏകാന്തതയാണ് എന്നെ വളര്‍ത്തുക. അതിര് കയറ്റി കയറ്റി ആര്‍ത്തിയോടെ മണ്ണ് കെട്ടിപ്പിടിക്കുന്ന അയല്‍ക്കാരനെപ്പോലെ എന്‍റെ മുടിയും തേഞ്ഞുരഞ്ഞ് അലിഞ്ഞ് ഇല്ലാതായ ചെരുപ്പുകള്‍പോലെ എന്റെ കാല്‍മുട്ടുകളുടെ യൗവനവും എന്നെ വിട്ടുപോകും. എനിക്ക് തന്നെ ശേഷക്രിയ നടത്തി ഞാന്‍ മറ്റൊരുനാട്ടിലേക്ക് പോകും. അപ്പോഴാണ് ഞാന്‍ രാക്ഷസനാകുക.

ഒരു കഥയോര്‍മ്മിക്കുന്നു. വലിയൊരു പൂന്തോപ്പും തോട്ടവും കുന്നിന്‍ മുകളില്‍ നട്ടുവളര്‍ത്തിയ രാക്ഷസന്‍റെ കഥ. നീല ശരീരം, കഷണ്ടിയില്‍ മുളപൊട്ടിയ കാളക്കൊമ്പുകള്‍ കമ്മ്യൂണിസ്റ്റ് പച്ചകളെപ്പോലെ പച്ചകുടിച്ച നെഞ്ചിലെ രോമക്കാട്. അയഞ്ഞ ഇഷ്ടിക നിറമുള്ള നിക്കര്‍. എവിടെയും തെളിഞ്ഞുകാണാത്ത ലൈംഗികാവയവം. വിയര്‍പ്പരിച്ച് ഇറങ്ങി ഏതോ താഴ്-വരയിലേക്ക് ഒഴുകുന്നപോലെ വിയര്‍പ്പുതുള്ളികള്‍ ഊര്‍ന്നിറങ്ങിപ്പോകുന്ന കയറ്റിറക്കങ്ങള്‍. ഉന്തിയ വയറ് ഒരു തകരപ്പാട്ട.

രാക്ഷസന്‍ തോട്ടം നനച്ചു. പൂക്കള്‍ക്ക് കാവലിരുന്നു. രാപ്പാടികള്‍ എന്നും വസന്തമാക്കി. നാട്ടില്‍ വസന്തം നരച്ചപ്പോള്‍ രാക്ഷസന്‍റെ തൊടിയില്‍ മാത്രം പൂക്കാലം തുടര്‍ന്നു.

ഒരിക്കല്‍ രാക്ഷസന്‍ അറിയാതെ ഒരുപറ്റം കുട്ടികള്‍ വന്നു. അവര്‍ പച്ചിലകള്‍ക്കടിയില്‍ കഴിഞ്ഞു. മരങ്ങളുടെ ചില്ലകള്‍ ഒടിച്ചു, പൂക്കളിറുത്തു. ഒരിക്കല്‍ കുട്ടികള്‍ രാക്ഷസന്‍റെ കണ്ണില്‍പ്പെട്ടു. അയാള്‍ കുട്ടികളെ ആട്ടിപ്പായിച്ചു. അവര്‍ക്കൊപ്പം പക്ഷേ, വസന്തവും പുറപ്പെട്ടുപോയി. എല്ലാ പൂക്കളും എല്ലാക്കാലത്തെക്കുമല്ല. അവരിറുത്തോട്ടെ, മരങ്ങള്‍ നിശബ്ദം പറഞ്ഞു.

രാക്ഷസന്‍റെ തോട്ടത്തിലെ മരങ്ങള്‍ സ്വയം മറിഞ്ഞുവീണ് ആത്മഹത്യ ചെയ്തു. പൂമരങ്ങള്‍ പൂക്കാതെയായി. കിളികള്‍ വരികള്‍ മറന്നുപോയി. പൂച്ചെടികളില്‍ മരണം പൂത്തു. വേനല്‍ ഉറവപൊട്ടി പുല്‍ക്കാടുകളെ കരിച്ചു കളഞ്ഞു. പേരില്ലാത്തൊരു ആധി രാക്ഷസന്‍റെ നെറ്റിക്ക് പിന്നില്‍ അടിഞ്ഞുകൂടി. അതൊരു വേദനയായി അവശേഷിച്ചു. തിരിച്ചു വരാത്ത വസന്തത്തെപ്പോലെ സുഖമില്ലാത്ത ഒരു വേദന.

രാക്ഷസന് മനസിലായി കുട്ടികള്‍ക്കൊപ്പം വസന്തം പോയെന്ന്. കൊമ്പൊളിപ്പിച്ച് വിയര്‍പ്പിലൊട്ടുന്ന ജാക്കറ്റ് അണിഞ്ഞ് രാക്ഷസന്‍ ഗ്രാമങ്ങളിലേക്ക് പോയി. അയാള്‍ കുട്ടികളെ കുന്നിന്‍മുകളിലേക്ക് തിരികെ വിളിച്ചു. വസന്തം തിരികെ വന്നു, രാപ്പാടികള്‍ പിന്നാലെയും. രാക്ഷസന്‍ തൊടിയുടെ മതിലുകള്‍ പൊളിച്ചുമാറ്റി. കുട്ടികള്‍ തുമ്പികളെപ്പോലെ വെയില്‍ പുതച്ച പച്ചിലകളുടെ ഇത്തിരത്തണലുകളില്‍ ധ്യാനംകൊണ്ടു.

ഞാനും ഒരു രാക്ഷസനാകും. കുട്ടികളെ സ്വന്തമാക്കാത്ത എന്നാല്‍ മൊട്ടുകളെ സ്‌നേഹിക്കുന്ന രാക്ഷസന്‍. ഒറ്റയ്ക്ക് ഞാനെന്‍റെ തൊടികളില്‍ മരങ്ങള്‍ നടും. പൂമരങ്ങള്‍, കായ്ക്കുന്ന മരങ്ങള്‍. ഒറ്റക്കണ്ണീര്‍ത്തുള്ളി വീഴ്ത്തി ചത്തുപോയ കുഞ്ഞെലിയെപ്പോലുള്ള ഒരുപാട് ജീവികള്‍ക്ക് ഞാന്‍ എന്‍റെ തൊടിയിലേക്ക് വഴി തുറക്കും.

എന്‍റെ മമ്മ കാക്കകളോടും പൂച്ചകളോടും സംസാരിക്കുന്നതുപോലെ ഞാന്‍ സംസാരിക്കും. ഞാന്‍ മരങ്ങളെ ഒരുപാട് സ്‌നേഹിക്കും, മനുഷ്യരെ വളരെക്കുറച്ചും. പക്ഷേ, ഞാന്‍ കുട്ടികളെ തൊടിയില്‍ അനുവദിക്കും. ഒരുപാട് ഏകാന്തനാണ് ഞാനെന്ന് തോന്നുമ്പോള്‍ ചന്ദനത്തിരികള്‍ കത്തിച്ച് ആ കോണില്‍ മനുഷ്യരുണ്ടെന്ന് കരുതും ഞാന്‍.

ഒരുനാള്‍ മരിച്ച്, അഴുകി, പുഴുവായി, പൊടിയായി പൊടിയോട് പൊടിയോട് പൊടിയോട് ചേര്‍ന്ന് ഞാന്‍ മറ്റൊരു വിത്തിന്‍റെ അടരുകള്‍ക്കുള്ളില്‍ കൈകള്‍ പിണച്ച് കാലുകള്‍ ചേര്‍ത്ത് പുതിയ ആകാശത്തിലേക്ക് തുറക്കുന്നൊരു യോനി കാത്തിരിക്കും.

 

Advertisements