2017: മാധ്യമങ്ങളോട് ജനങ്ങള്‍ ചോദിക്കുന്നു

അക്കാദമിയിലെ ഏഡിറ്റിങ് ക്ലാസില്‍ ഒന്നില്‍വച്ച് ഹരി സര്‍ ഓര്‍മ്മിപ്പിച്ചിരുന്നു;

‘2020 ആകുമ്പോള്‍ നിങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഇടയില്‍ച്ചെന്ന് ഒരു ജേണലിസ്റ്റ് ആണെന്ന് പറഞ്ഞാല്‍ നിങ്ങളെ ആളുകള്‍ തല്ലിക്കൊല്ലും. 1980കളിലൊക്കെ ഒരു ജേണലിസ്റ്റ് ആണെന്ന് പരിചയപ്പെടുത്തിയാല്‍ ഒരാള്‍ നിങ്ങളെ ചോദ്യങ്ങളില്ലാതെ വീട്ടില്‍ താമസിപ്പിക്കും. 1990കളില്‍ ആണെങ്കില്‍ നിങ്ങളോട് ബഹുമാനത്തോടെ സംസാരിക്കും. ഇനി അതൊന്നും പ്രതീക്ഷിക്കരുത്.’

സര്‍-ന്‍റെ മറ്റുപല പ്രവചനങ്ങളുംപോലെ ഇതും പ്രൊഫറ്റിക് ആയി തോന്നുകയാണ്. 2017ല്‍ വലിയൊരു മാറ്റം സംഭവിച്ചത് മാധ്യമങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി എന്നതാണ്. രാഷ്ട്രീയപരമായ ഭിന്നിപ്പുകളുടെ പേരിലുള്ള സ്ഥിരം ചോദ്യം ചെയ്യലുകളല്ല, എന്ത് തരം ജേണലിസമാണ് നിങ്ങള്‍ ചെയ്യുന്നത് എന്ന ചോദ്യം മാധ്യമസ്ഥാപനങ്ങള്‍ നേരിടുകയാണ്.

തോമസ് ഐസക്ക് മലയാള മനോരമയുടെ ആദ്യ പേജിലെ തെറ്റ് തിരുത്താന്‍ പരസ്യമായി ആവശ്യപ്പെടുകയാണ്. മാതൃഭൂമി എഡിറ്റ് പേജില്‍ എഴുതിയ കരിമണല്‍ ഖനനത്തെ അനുകൂലിക്കുന്ന ലേഖനം, ചവറയില്‍ പോയല്ല എഴുതിയതെന്ന് ലേഖകന്‍ ആ നാട്ടുകാരോട് സമ്മതിക്കുകയാണ്. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി മന്ത്രിയുടെ സ്വകാര്യത ചോര്‍ത്തുകയും അയാളുടെ ലൈംഗികവിനിമയങ്ങള്‍ വളച്ചൊടിക്കുകയും ചെയ്തതിന് ഒരു എഡിറ്റര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ദേശീയ ഇംഗ്ലീഷ് മാധ്യമങ്ങള്‍ – ടൈംസും ഹിന്ദുസ്ഥാന്‍ ടൈംസും ഉള്‍പ്പെടെ രാഷ്ട്രീയക്കാരുടെ ഇംഗിതത്തിന് അനുസരിച്ച് വാര്‍ത്തകള്‍ അവരുടെ വ്യത്യസ്ത മീഡിയങ്ങളില്‍ നിന്ന് പിന്‍വലിക്കുന്നതായി ആരോപണം വരുന്നു. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷമുള്ള നിരന്തര കവറേജില്‍ കേരളം ഒറ്റവാര്‍ത്തയിലേക്ക് ചുരുക്കപ്പെട്ടെന്ന് ഒരു ധാരണ പെട്ടന്ന് സൃഷ്ടിക്കപ്പെടുകയാണ്. ഒടുവില്‍, -ഉണ്ണി മുകുന്ദന്‍ നടനോ ഗുണ്ടയോ- എന്ന ചോദ്യം സോഷ്യല്‍ മീഡിയയ്ക്ക് വിട്ടുകൊടുത്ത് ഒരു മറുപടിപോലും (85 എണ്ണം ഞാന്‍ എണ്ണിയിരുന്നു) തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയാതെ മാതൃഭൂമി ന്യൂസ് ഒരുവശത്ത് നില്‍പ്പാണ്.

മാധ്യമങ്ങള്‍ക്ക് എതിരെയുള്ള നിലവിലെ വികാരത്തില്‍ ഒരു ശതമാനം സിപിഎം ഭക്തര്‍ക്കാണ് പങ്കെന്ന് ഞാന്‍ കരുതുന്നു. ഇടത് ഭക്തര്‍, നോര്‍ത്ത് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയിലെ സംഘ്-ഭക്തര്‍ക്ക് സമമാണ്. കേരളത്തിലെ സോഷ്യല്‍ മീഡിയയുടെ ഏതാണ്ട് 70 ശതമാനത്തോളം സൈബര്‍-സഖാക്കള്‍ (അലീജിയന്‍സ് ഉള്‍പ്പെടെ) ആണെന്നാണ് ഞാന്‍ കരുതുന്നത്. ട്വിറ്ററില്‍ ഇത് പ്രത്യേകിച്ചും കാണാം. ഉത്തരേന്ത്യയിലെ അതേ അന്ധതയും ഭക്തിയും നിങ്ങള്‍ക്ക് ഇവിടെ കാണാം.

വാര്‍ത്തകളെക്കുറിച്ച്, അവ ഒരിക്കലും സോഷ്യല്‍ മീഡിയയിലേക്ക് ഒതുങ്ങുമെന്ന് ചിന്തിക്കാന്‍ കഴിയില്ല. കാരണം, പ്രാദേശികമായാലും ദേശീയമായാലും വാര്‍ത്തകളുടെ അടിസ്ഥാന ഉറവിടം ഇപ്പോഴും മാധ്യമങ്ങളാണ്. റിപ്പോര്‍ട്ട് ചെയ്യാന്‍ ആ സ്ഥലത്ത് പോകുന്നവരാണ് വാര്‍ത്തയും ഉള്‍ക്കാഴ്ച്ചയും സൃഷ്ടിക്കുന്നത്. അതിന്റെ വക്രീകരിച്ച രൂപം മാത്രമാണ് അവസാനം സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ക്ക് ഒരു അജണ്ടയായി കിട്ടുന്നത്.

ഒരു വാര്‍ത്ത എഴുതുമ്പോള്‍ പകുതിയും നഷ്ടപ്പെട്ടുപോകും (അപൂര്‍വമായി മൂല്യം കൂടാറുമുണ്ട്). അത് തടയുന്നയാളാണ് എപ്പോഴും സബ് എഡിറ്റര്‍. എന്താണ് വായിക്കപ്പെടെണ്ടതെന്ന് അയാളാണ് നിശ്ചയിക്കുന്നത്. ദേശീയ വാര്‍ത്തകളിലും മറ്റു പ്രാധാന്യമുള്ള പ്രാദേശിക വാര്‍ത്തകളിലും ന്യൂസ് ഏജന്‍സി കോപ്പികള്‍ ഏതാണ്ട് നിഷ്പക്ഷമാകുന്നതും അതുകൊണ്ടാണ്. തിരുവനന്തപുരം മേയര്‍ പടിക്കെട്ടില്‍ നിന്ന് വീണതാണെന്ന് ജന്മഭൂമിയും അല്ല വധശ്രമമാണെന്ന് ദേശാഭിമാനിയും എഴുതുന്നത് ഏജന്‍സി കോപ്പികൊണ്ട് ഒഴിവായിക്കിട്ടുമെന്ന് സാരം.

യുഎസ്സില്‍ ജേണലിസ്റ്റുകള്‍ (മിക്കവരും പ്രസ്ഥാനങ്ങളെക്കാള്‍ വലിയവര്‍) ഇടയ്ക്ക് ഓര്‍മ്മിപ്പിക്കാറുണ്ട്. അധികാരമുള്ളവരെ പ്രതിബദ്ധതയുള്ളവര്‍ (അക്കൗണ്ടബിള്‍) ആക്കുകയാണ് മാധ്യമങ്ങളുടെ തൊഴിലെന്ന്. അത് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് അവര്‍ ആവര്‍ത്തിക്കുകയും ചെയ്യാറുണ്ട്.

പക്ഷേ, യുഎസ്സിലും മാധ്യമങ്ങളോട് കൂടുതലുംപേര്‍ക്ക് മമതയുണ്ടെന്ന് തോന്നുന്നില്ല. (അവര്‍ എഴുതുന്ന ഒന്നാംതരം ഉള്ളടക്കം ആളുകള്‍ വായിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട് എന്നത് മറ്റൊരു സത്യം) പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്‍റനെ, അമേരിക്കന്‍ ദിനപത്രങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസും വാഷിങ്ടണ്‍ പോസ്റ്റും എന്‍ഡോഴ്‌സ് ചെയ്തിരുന്നു. പക്ഷേ, ലിബറല്‍ പത്രങ്ങളുടെ തെരഞ്ഞെടുപ്പായിരുന്നില്ല അമേരിക്കയുടെത്. ഭൂരിപക്ഷം വോട്ടുകള്‍ ഹിലരിക്കായിരുന്നു എങ്കിലും അവിടുത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായം ട്രംപിന് ആയിരുന്നു അനുകൂലം.

അന്നുതൊട്ട് തുടങ്ങിയ ട്രംപ് വിരുദ്ധ വാര്‍ത്തകള്‍ക്ക് ഇതുവരെ അമേരിക്കന്‍ പത്രങ്ങള്‍ മുടക്കം വരുത്തിയിട്ടില്ല. ഇടയ്ക്ക് അത് വിഷയത്തില്‍ നിന്നേപോയി. ട്രംപ് ഒരു ദിവസം എത്ര സോഡ കുടിക്കുന്നു, ട്രംപിന്‍റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ, ട്രംപ് ഒരു മനോരോഗിയാണോ, ട്രംപിന് അയാളുടെ ഭാര്യ കിടപ്പറയിലെ ഉപകരണം മാത്രമാണോ എന്നിങ്ങനെ പലതും മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചു. (മോദി വിരുദ്ധതരംഗം, അയാളുടെ തെരഞ്ഞെടുപ്പോടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഉപേക്ഷിച്ചത് ഓര്‍ക്കുക)

അധികാരത്തില്‍ എത്തിയിട്ട് ട്രംപ് ഒരു നല്ല തീരുമാനംപോലും എടുത്തില്ലെന്നാണോ ഇതിനര്‍ഥം. ആ വശം ഫോക്‌സ് ന്യൂസും ബ്രെയ്റ്റ്ബാര്‍ട്ടുംപോലെയുള്ള ട്രംപിന് ഇഷ്ടപ്പെട്ട വലതുപക്ഷ മാധ്യമങ്ങള്‍ കാണിക്കുന്നുണ്ട് – അവര്‍ അതുമാത്രമേ കാണിക്കുന്നുള്ളൂ, വിരോധികള്‍ വിരോധം മാത്രം കാണിക്കുന്നതുപോലെ.

മാധ്യമങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അതാണ് അതിന്റെ ശരി. ജേണലിസ്റ്റ് എന്നത് രാത്രി ഹോട്ടലുകളിലെ പിആര്‍-പ്രസ്മീറ്റ് കഴിഞ്ഞ് മദ്യപിക്കാനും പോലീസ് തടഞ്ഞാല്‍ രക്ഷപെടാനും ഐഎസ്എല്ലിന് പാസ് വാങ്ങിക്കാനുമുള്ള പ്രിവിലേജ് അല്ല. അങ്ങനെയൊരു ധാരണ പൊതുജനങ്ങള്‍ക്കുണ്ടെങ്കില്‍ അത് തിരുത്തപ്പെടണം. ഇനി, നിങ്ങളാരും ഇതെക്കുറിച്ച് കേട്ടിട്ടില്ലെങ്കില്‍, അറിഞ്ഞോളൂ, ഇങ്ങനെയുമുണ്ട് ചില കീഴ് വഴക്കങ്ങള്‍.

മറ്റൊരു ഗുരു, ബൈജു ചന്ദ്രന്‍ ടിവി ജേണലിസം രീതികളെ ഒരിക്കല്‍ തള്ളിപ്പറഞ്ഞു. ബി.ഇ.ടി.എ (ബേട്ടാ) എന്നാണ് അദ്ദേഹം ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ വിശേഷിപ്പിച്ചത്. എന്താണ് അതിന്റെ മുഴുവന്‍ പേര് – ബൈറ്റ് എടുക്കല്‍ തൊഴിലാളി അസോസിയേഷന്‍, അദ്ദേഹം വിവരിച്ചു. ഒറിജിനല്‍ സ്‌റ്റോറികള്‍ എവിടെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും സമാനമായ അവസ്ഥയാണ്. എന്താണ് അവരുടെ സോഴ്‌സ്? മറ്റു വലിയ മാധ്യമങ്ങള്‍? ഫേസ്ബുക്ക് ലൈവും പ്രസ്താവനകള്‍ തത്സമയം ആകുകയും ചെയ്തതുകൊണ്ട് ഒരു ചെറിയ അളവുവരെ വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പോര്‍ട്ടലുകള്‍ക്ക് കഴിയും. പക്ഷേ, എന്താണ് ബ്രേക്ക് ചെയ്യപ്പെടുന്നത്, എന്താണ് ഇന്‍വെസ്റ്റിഗേറ്റ് ചെയ്യപ്പെടുന്നത് എന്നതിന് അവര്‍ക്കുള്ള ഏക മാര്‍ഗം കണ്‍ട്രോള്‍+സി കണ്‍ട്രോള്‍+വി തന്നെയാണ്.

റിപ്പോര്‍ട്ടിങ്ങിലേക്ക് പോര്‍ട്ടലുകളും വരും. അതല്ലാതെ രക്ഷയില്ലാതാകുന്ന അവസ്ഥ വരണം. ഒറിജിനല്‍ കണ്ടന്‍റ് ഉണ്ടാകണം. അത് വായിക്കപ്പെടണം. അതിന് കലര്‍പ്പ് ഉണ്ടാകണം. അതില്‍ നിന്നെ നല്ലത് വേര്‍തിരിയൂ.

പിണറായി കടക്കുപുറത്ത് എന്ന് പറഞ്ഞപ്പോള്‍, നേതാക്കന്മാരുടെ നാക്കിലല്ല വാര്‍ത്തയെന്ന് ഭക്തര്‍ എഴുതിക്കണ്ടു. ഒരു മുഖ്യമന്ത്രിയുടെ സൗണ്ട് ബൈറ്റ് ഏത് സന്ദര്‍ഭത്തിലും വാര്‍ത്തയാണെന്ന് തന്നെയാണ് വിശ്വാസം. അയാള്‍ക്കില്ലാത്ത ഔചിത്യമില്ലായ്മ അവിടുന്നു തന്നെ തിരുത്തേണ്ടതാണ്. പക്ഷേ, മാധ്യമങ്ങളെ സംബന്ധിച്ച് എന്താണ് തിരുത്തേണ്ടത്. വര്‍ഷങ്ങളുടെ പഴക്കമാണെന്ന് പറയേണ്ടിവരും.

കേന്ദ്രസര്‍ക്കാര്‍ പ്രസ് മീറ്റ് വിളിക്കുമ്പോള്‍ കാണാം ഊഴം അനുസരിച്ചുള്ള ചോദ്യങ്ങള്‍. അത് മുന്‍പേ പ്ലാന്‍ ചെയ്യുന്നതാണ്. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഒരു ചോദ്യം വന്നാല്‍ അത് മൂത്രമൊഴിക്കാനുള്ള ഇന്റര്‍വെല്‍ ബെല്ലുവരെ പിടിച്ച് നിര്‍ത്തേണ്ടതുണ്ടോ എന്ന് അവനവന്‍ ചിന്തിക്കേണ്ടതാണ്. അത് മര്യാദയോടെ ചെയ്യുന്നതാണ് ഭൂഷണവും.

ഏതെങ്കിലും രീതിയില്‍ എത്തിക്‌സ് സ്വയം നിശ്ചയിക്കുന്ന ഒരു സമൂഹത്തോടല്ല ഇത് പറയുന്നതെന്നതും ശ്രദ്ധിക്കണം. ആരാണ് സത്യത്തില്‍ ജേണലിസ്റ്റുകള്‍ – ഏതെങ്കിലും സ്ഥാപനം പ്രസ് കാര്‍ഡ് നല്‍കി ഒരു പരിപാടിക്ക് അയക്കുന്നവരോ, അതോ അക്രെഡിറ്റേഷന്‍ ഉള്ളവരോ. അക്രെഡിറ്റ് ചെയ്തവര്‍ മാത്രം ചോദ്യങ്ങള്‍ ചോദിക്കുന്നവരായാല്‍ ഈ പറയുന്ന ബഹളങ്ങളൊന്നുമില്ലാതെ മുഖ്യമന്ത്രിക്ക് എവിടെയും നടക്കാം.

ഭക്തര്‍ പറയുന്നു, വൈറ്റ് ഹൗസ് മോഡല്‍ പ്രസ് മീറ്റുകളാണ് നല്ലതെന്ന്. അവര്‍ക്ക് ഈ വിഷയത്തില്‍ നിന്ന് ഒളിച്ചോടണമെന്നേയുള്ളൂ. അതിനേക്കാള്‍ ആഴത്തിലാണ് മാധ്യമങ്ങളുടെ എത്തിക്‌സ് പ്രതിസന്ധി.

മനോരമ ന്യൂസ് ഈയടുത്ത് ഒരു വാര്‍ത്ത ചെയ്തു. കൊച്ചിയിലെ ബസ് കണ്ടക്ടര്‍മാരില്‍ ഭൂരിപക്ഷവും ഗുണ്ടകളാണെന്നാണ് വാര്‍ത്ത പറയുന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികളെ കണ്‍സഷന്‍റെ (ഉറപ്പില്ല) പേരില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു എന്നതായിരുന്നു വാര്‍ത്തയ്ക്ക് ആധാരം. നൂറില്‍ അധികം തവണ ആ വാര്‍ത്ത ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ടു. അതിന്റെ ഇരട്ടിയോളം ആളുകള്‍ ആ വാര്‍ത്ത ലൈക്ക് ചെയ്തു. കമന്‍റുകളും നിരവധി. പക്ഷേ, വാര്‍ത്ത വായിക്കുമ്പോള്‍ അറിയാം, ഒരൊറ്റ സോഴ്‌സുപോലും ക്വോട്ട് ചെയ്യാതെയാണ് അത് എഴുതിയിരിക്കുന്നത്. ഒരുവിധം ഭാവനാ സങ്കല്‍പ്പം.

ചില ബസുടമകള്‍, ഒരു ബസ് ജീവനക്കാരന്‍ തുടങ്ങിയ സ്ഥിരം അബ്‌സേഡ് സോഴ്‌സുകളും ഇല്ലാതെയാണ് ആ സ്‌റ്റോറി എഴുതിയിരുന്നത്. ആരൊക്കെയെ എന്തൊക്കെയോ പറയുന്നതിന് മനോരമയുടെ ലേബല്‍ കൊടുക്കുക. എന്നിട്ട് യാതൊരു എത്തിക്കല്‍ പ്രശ്‌നവുമില്ലാതെ അത് പബ്ലിഷ് ചെയ്യുക. ഇംഗ്ലീഷില്‍ ഇത് നടക്കില്ല. ആര് ആരോട് എപ്പോള്‍ എന്ത് സന്ദര്‍ഭത്തില്‍ ഓരോന്നു പറഞ്ഞുഎന്ന് വാര്‍ത്ത എഴുതുമ്പോള്‍ കൊടുത്തേ മതിയാകൂ.

അട്രിബ്യൂഷന്‍ ഓഫ് സോഴ്‌സ് എന്നത് ആദ്യത്തെ മര്യാദയാണ്. അത് ഒരു മലയാള മാധ്യമത്തിനും ഇല്ല. ഇത്തരം മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങള്‍ പൊതുവെ ഡെസ്‌കുകള്‍ നിരുല്‍സാഹപ്പെടുത്തും. മാതൃഭൂമിയിലെ ആദ്യത്തെ വാര്‍ത്തകളില്‍ ഒന്നില്‍ -പ്രസ്തുത സ്ഥാപനത്തിലെ എക്‌സാമിനേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍- എന്നൊക്കെ എഴുതിപ്പിടിപ്പിച്ചിരുന്നു. അതെല്ലാം ഭംഗിയായി വെട്ടി പിറ്റേന്ന് പത്രത്തില്‍ വാര്‍ത്ത കാണുമ്പോള്‍ മനസിലാകും അധികം വിപ്ലവങ്ങള്‍ക്ക് ശ്രമിക്കരുതെന്ന്.

അതിനേക്കാള്‍ മോശമാണ് പരസ്പരം ക്വോട്ട് ചെയ്യുന്നതിലുള്ള വൈക്ലഭ്യം. ഇവിടെയും ഹരി സര്‍നെ ഓര്‍ക്കുന്നു. -ഒറ്റയ്ക്ക് യുദ്ധ ചെയ്യുന്നവന്‍റെ വാട്ടര്‍ലൂ ആണ് പത്രപ്രവര്‍ത്തനം- എന്ന് സര്‍ പഠിപ്പിച്ചിട്ടുണ്ട്. അതൊരു പത്രം ഓഫീസിനെമാത്രം ഉദ്ദേശിച്ചാണ് കക്ഷി പറഞ്ഞത്. പക്ഷേ, ഗുരുക്കന്മാരും സമ്മതിക്കുമായിരിക്കും എല്ലാ വാര്‍ത്തകളും ഒരു സ്ഥാപനത്തിന് തന്നെ ചെയ്യാനാകില്ലെന്ന്.

യു.എസ്സില്‍ നിന്നൊരു വാര്‍ത്തയുണ്ടായിരുന്നു, അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യ കൈകടത്തുന്നതിനെക്കുറിച്ച്. ആ വാര്‍ത്ത ബ്രേക്ക് ചെയ്തത് വാഷിങ്ടണ്‍ പോസ്റ്റ് ആയിരുന്നു. പിറ്റേന്ന് ന്യൂയോര്‍ക്ക് ടൈംസ് ഒരു വാര്‍ത്ത ചെയ്തു. ന്യൂയോര്‍ക്ക് ടൈംസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ എന്തുകൊണ്ടാണ് ഇന്നലെ മുതല്‍ വാഷ്. പോസ്റ്റ് വരിക്കാരന്‍കൂടിയായത് എന്ന്. തോമസ് ചാണ്ടിയെ ഒഴിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിനെ – മനോരമ ന്യൂസ് ഒരുതവണയെങ്കിലും സ്മരിക്കുമോ? അവിടുത്തെ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാണ് പ്രധാനം. അവര്‍ മത്സരിക്കുന്നതും വാര്‍ത്തയ്ക്ക് വേണ്ടിയാണ്. അവിടെ, യുഎസ്സില്‍ മത്സരം പ്രസ്ഥാനങ്ങള്‍ തമ്മിലല്ല, ആത്യന്തികമായി സിസ്റ്റം – ഗവണ്‍മെന്‍റ് – സംവിധാനങ്ങള്‍ എന്നിവയോടാണ്.

വാര്‍ത്തകള്‍ പുറത്തുവരാനുള്ളത് തന്നെയാണ്. ന്യൂയോര്‍ക്ക് ടൈംസിനായി സിറിയയിലേക്ക് വാര്‍ത്ത തേടിപ്പോയ ഒരു ആന്‍റണി ഷാദിദ് ഉണ്ടായിരുന്നു. അയാളുടെ ചരമക്കുറിപ്പില്‍ ടൈംസ് എഴുതിയത് – ഡെഡ്‌ലൈന്‍ ദിവസം കവിതയെഴുതുന്നയാള്‍- എന്നായിരുന്നു. സിറിയന്‍ അതിര്‍ത്തിയില്‍വച്ച് റിബലുകളോട് സംസാരിക്കാന്‍ ഒളിച്ചുകടക്കുമ്പോള്‍ ആസ്മ അയാളെ കൊന്നു. ശ്രീലങ്കന്‍ ആഭ്യന്തരകലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മേരി കോള്‍വിന്‍ എന്നൊരു റിപ്പോര്‍ട്ടറുണ്ടായിരുന്നു, അന്ന് അവരുടെ ഒരു കണ്ണ് നഷ്ടപ്പെട്ടു. അതൊരു കറുത്ത തുണികൊണ്ട് മറച്ച് അവര്‍ വീണ്ടും ജോലിക്കിറങ്ങി. 2012ല്‍ സിറിയയില്‍വച്ച് ഒരു ഷെല്‍ ആക്രമണത്തില്‍ അവര്‍ കൊല്ലപ്പെട്ടു. വീട്ടില്‍ കാത്തിരിക്കാന്‍ ആളുണ്ടായിട്ടും ഇവരൊക്കെ എന്തിനാകും ജീവന്‍കൊണ്ട് കളിക്കാന്‍ പോയത്. എന്തിനെയാകും അവരൊക്കെ സ്‌നേഹിച്ചിട്ടുണ്ടാകുക. അതിനെ സ്‌നേഹിക്കുന്നതാണ് എന്റെ സ്വപ്‌നം. അതുകൊണ്ടാണ് ഞാന്‍ ജേണലിസത്തില്‍ വിശ്വസിക്കുന്നത്. മൂന്നാംലോകരാജ്യത്തിലും ഒന്നാംലോക രാജ്യത്തിന്‍റെ പക്വത കാണുമെന്ന് ഇപ്പോഴും കരുതുന്നത്.

Featured Image: Big Brother is Watching You, a term coined by George Orwell, from his dystopian novel 1984, that deals with surveillance, snooping and savagery of virtues  

 

 

Advertisements

One thought on “2017: മാധ്യമങ്ങളോട് ജനങ്ങള്‍ ചോദിക്കുന്നു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s