വിചാരണ

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ ‘ഗോവര്‍ധന്‍റെ യാത്രകള്‍’ വായിക്കുന്നത്. ഭിത്തിക്കുള്ളിലേക്ക് കയറിയിരിക്കുന്ന തടിയലമാരിയില്‍ നിന്നാണ് പുസ്‍തകം ഞാന്‍ കണ്ടെടുക്കുന്നത്. അതില്‍ ഒരു നിരോധനാജ്ഞപോലെ അച്ഛന്‍റെ കൈയ്യൊപ്പ് പതിഞ്ഞുകിടന്നു.

രണ്ട് മൂന്നു തവണ വായിക്കാന്‍ ശ്രമിച്ചശേഷം ആ പുസ്‍തകം ഞാന്‍ ഉപേക്ഷിച്ചു. അച്ഛനെപ്പോലിരുന്നു ആ പുസ്‍തകം — ആകര്‍ഷണില്ലാത്ത പുറംചട്ട, പരുക്കന്‍ ഭാഷ.

പിന്നീട് ഞാന്‍ അത് വായിച്ചു. നീതിയെക്കുറിച്ചാണ് ആ പുസ്‍തകം എന്നാണ് എനിക്ക് തോന്നാറ്. നീതി എന്ന് ഉച്ചരിക്കുമ്പോള്‍തന്നെ അനിതീ എന്ന് കൂടി ഒരു പ്രകമ്പനം ഉണ്ടാകുന്നുവെന്ന തോന്നല്‍. നീതിയെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയയാണ് എനിക്ക് ആ പുസ്തകം.

കഴിഞ്ഞ കുറച്ചുമാസങ്ങളായി നീതിയെക്കുറിച്ച് ചിന്തിക്കുന്ന കുറച്ച് ആളുകളെ ഞാന്‍ കാണുന്നു. അവര്‍ക്കൊപ്പം കോടതിയില്‍ പോകുന്നു. നീതിയിലേക്കുള്ള അവരുടെ ദൂരം ഓരോ തവണയും നീട്ടിവെക്കപ്പെടുന്നു.

ഗോവര്‍ധന്‍റെ യാത്രകളിലേക്ക് വരാം. അതിന്‍റെ തുടക്കത്തില്‍ ആനന്ദ് എഴുതുന്നു.

“നീതിന്യായത്തിന്‍റെ വളര്‍ച്ചയുടെ ഫലമായി കോടതികള്‍ ഉണ്ടായതോടൊപ്പം തന്നെ, നീതി പ്രതീക്ഷിച്ചിരിക്കുന്നവരുടെ ഒരു സമൂഹവും അവയെച്ചുറ്റി ഉണ്ടായിട്ടുണ്ടാകണം. കെട്ടിടങ്ങളും ഫയലുകളും വക്കീലന്മാരും കോടതികളെ സഹായിക്കുവാനായി ഉണ്ടായപ്പോള്‍, നീതി കാത്തിരിക്കുന്നവരുടെ ആവശ്യങ്ങള്‍ക്കായി കോടതിവളപ്പുകളില്‍ ചന്തപ്പുരകള്‍ പൊന്തിവന്നു. അവര്‍ക്ക് ഭക്ഷിക്കുവാന്‍ ഭക്ഷണശാലകള്‍, പഴകുന്ന ഉടുപ്പുകള്‍ മാറ്റാന്‍ തുണിക്കടകള്‍, വളരുന്ന മുടിവെട്ടാന്‍ ബാര്‍ബര്‍ ഷോപ്പുകള്‍, കൊഴിയുന്ന പല്ലുകള്‍ എടുത്തുകളയാന്‍ ദന്തവൈദ്യന്മാര്‍, ചെരുപ്പുകുത്തികള്‍. കൈനോട്ടക്കാര്‍, ട്രാന്‍സിസ്റ്റര്‍ കടകള്‍, എലിവിഷം കൊണ്ടുനടന്നു വില്‍ക്കുന്നവര്‍… കോടതിവളപ്പുകളില്‍ കാണാറുള്ള ഈ ബാസാറുകള്‍, കോടതിയെന്ന സ്ഥാപനത്തിലെന്നപോലെ തന്നെ നീതിക്കു വേണ്ടിയുള്ള കാത്തിരിപ്പിലും ഒരുതരം ശാശ്വതത്വത്തിന്‍റെയും കാലാതീതതയുടെയും പാറ്റേണ്‍ നെയ്‍തു ചേര്‍ക്കുന്നതായി തോന്നി എനിക്ക്. അഥവാ, നീതി കാത്തിരിക്കുന്നവനെയും, അവന്‍റെ നീതി അപഹരിക്കുന്നവനെയും ചുറ്റിയുണ്ടായ പ്രതിഭാസങ്ങളല്ലെ നമ്മുടെ നഗരങ്ങള്‍”

നമ്മുടെ നഗരങ്ങള്‍ വലുതാകുംതോറും നീതിയിലേക്കുള്ള വഴികളും നീണ്ടുപോകുന്നുവെന്നാണ് എനിക്ക് തോന്നിയത്. നീതി അല്ലെങ്കില്‍ സത്യം, അറിഞ്ഞോ അറിയാതെയോ അതിലേക്കുള്ള അകലം കൂട്ടിക്കൊണ്ടിരിക്കുകയാണ് മനുഷ്യര്‍.

ആദ്യതവണ ഞാന്‍ നീതി തേടുന്നവര്‍ക്കൊപ്പം പോയപ്പോള്‍ അച്ഛന്‍ ഓര്‍മ്മിപ്പിച്ചു. “എല്ലാവരോടുമുള്ള നിന്‍റെ തറുതല അവിടെ വേണ്ട. ചോദിക്കുന്നതിന് മതി ഉത്തരം”

നിയമത്തെക്കുറിച്ച് മറ്റൊരു ദൃഷ്‍ടാന്തമുണ്ട്. ‘ഖസാക്കിന്‍റെ ഇതിഹാസ’ത്തില്‍. നൈജാമലിക്ക് കൊടുക്കാതിരിക്കന്‍വേണ്ടി മാത്രം മൈമുനയെ, മൊല്ലാക്ക മുങ്ങാങ്കോഴിയെക്കൊണ്ട് കെട്ടിക്കുന്നു. നൈജാമിന്‍റെ പിന്നീടുള്ള കമ്യൂണിസവും വിപ്ലവവും എല്ലാം മുങ്ങാങ്കോഴിക്ക് എതിരെയായിരുന്നു. പോലീസുകാരുടെ ഇടികൊണ്ട് മൃതപ്രായനായ നൈജമാലി ഓര്‍ക്കുന്ന ഒന്നുണ്ട്. താനും മൈമുനയും മുങ്ങാങ്കോഴിയും മൊല്ലാക്കയും തമ്മിലുള്ള വിഷയത്തില്‍ സ്റ്റേറ്റിന് (പോലീസ്) എന്ത് കാര്യം.

നീതിയെന്ന പാരഡോക്സിനെ രണ്ട് മാസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ക്കൂടി ഞാന്‍ തേടിപ്പോകണം. അത് അവസാനത്തെത് ആകുമെന്നല്ല, അറിയില്ല. കച്ചേരികള്‍ക്ക് ചുറ്റും ചന്തപ്പുരകള്‍ വരും, ബാര്‍ബര്‍മാര്‍, ഉടുപ്പുകച്ചവടക്കാര്‍, എലിവിഷം വില്‍ക്കുന്നവര്‍ എന്നിങ്ങനെ നഗരം പൊന്തിവരും. പതിയെ വഴി മനസിലാക്കാനാതെ ഞാന്‍ നീതി വേണ്ടെന്ന് വെക്കും. അത് വലിയൊരു അപരാധമാണെന്ന തോന്നല്‍ ഏറിവരുമ്പോള്‍, ഒരുദിവസം ഉറക്കമുണരുമ്പോള്‍ ഞാനൊരു കീടമായി രൂപാന്തരപ്പെട്ടേക്കും. നീതി തേടുന്നവരും അല്ലാത്തവരുമായ എല്ലാവരും നടക്കുന്ന നഗരത്തിന്‍റെ ഏതെങ്കിലും ഇടുങ്ങിയ വഴികളിലൊന്നിലേക്ക് ആരെങ്കിലും എന്നെ തോണ്ടിയെറിഞ്ഞേക്കും.

 

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s