നോര്‍വീജിയിന്‍ വുഡ്

ഒരു നോവല്‍ വായിച്ച് അത് നല്ലതാണോ ചീത്തയാണോ എന്ന് പറയാനുള്ള കഴിവ് എനിക്ക് നഷ്ടപ്പെട്ടെന്ന് തോന്നുന്നു. ഒരു വായനക്കാരന്‍ ഒരു നോവലില്‍ നിന്ന് എന്താണ് നല്ലതെന്ന് പറയുക. അനുഭവമാണോ? ചില പേജുകളാണോ?

ഹരുകി മുറകമിയെ വായിക്കുന്നവര്‍ നോര്‍വീജിയന്‍ വുഡില്‍ നിന്നും തുടങ്ങണമെന്ന് എനിക്ക് ഉപദേശം തന്നത് മുറകമി വെബ്‍‍സൈറ്റ് തന്നെയാണ്. 386 പേജുകളാണ് ഇംഗ്ലീഷില്‍ ഈ പുസ്തകം. കെഎസ്ആര്‍ടിസി ബസ്സുകളുടെ വിന്‍ഡോ സീറ്റിലിരുന്നാണ് നോര്‍വീജിയന്‍ വുഡ് ഞാന്‍ വായിച്ചു തീര്‍ത്തത്.

386 പേജുകള്‍ നല്ലൊരു എക്സ്ക്യൂസ് ആണ്. ചില പേജുകള്‍ നിങ്ങള്‍ക്ക് വായിക്കാതെ വിടാം. ചില അധ്യായങ്ങള്‍ കണ്ടില്ലെന്ന് നടിക്കാം. എന്നിട്ടും കഥ മനസിലാകുന്നുണ്ടെങ്കില്‍ എഴുത്തുകാരനെ മനസില്‍ പ്രാകുകയും ചെയ്യാം.

പക്ഷേ, ഞാന്‍ എല്ലാ പേജുകളും വായിച്ചാണ് 386ല്‍ എത്തിയത്.

നോര്‍വീജിയന്‍ വുഡ് ഓര്‍മ്മകളുടെ ഒരു കൂമ്പാരമാണ്. ഒരു നീണ്ട ഫ്ളാഷ് ബാക്ക്. നീണ്ട ഫ്ലാഷ് ബാക്ക് എന്നു പറയുമ്പോള്‍ ഇതുവരെ നിങ്ങള്‍ പരിചയിച്ച ഫ്ലാഷ് ബാക്കുകള്‍ ഓര്‍ക്കരുത്. അതിലും വലുതാണിത്. വലുതെന്ന് പറ‍ഞ്ഞാല്‍, ഒരു മധ്യവയസ്കനെ അയാളുടെ ചെറുപ്പത്തിലേക്ക് തിരിച്ചു ചെന്നെത്തിക്കാന്‍ ശക്തമായ അത്രയ്ക്ക് വലിയ ഒരു ഫ്ലാഷ് ബാക്ക്. ഒരു ടൈം ട്രാവല്‍ പോലെ.

ഒരു വിമാനത്തില്‍ വെച്ച് ടോറു വാറ്റനബെ അയാളുടെ കോളേജ് കാലം ഓര്‍ത്തെടുക്കുകയാണ്. അയാള്‍ പ്രണയിച്ച രണ്ട് സ്ത്രീകള്‍ നഓക്കോയും മിഡോറിയും. അയാള്‍ ശരീരം പങ്കിട്ട മറ്റു സ്ത്രീകള്‍. കഥയ്ക്ക് ഒടുവില്‍ അയാളെ പ്രാപിക്കുന്ന റീക്കോയെന്ന സ്ത്രീ. വാറ്റനബെയുടെ സ്ത്രീകളാണ് നോര്‍വീജിയന്‍ വുഡില്‍ മുഴുവന്‍.

നഓക്കോ മനോഹരമായി കഥകള്‍ പറയുന്ന പെണ്ണാണ്. അവള്‍ ഒരാളെ സ്നേഹിച്ചിരുന്നു. അവന്‍ അകാലത്തില്‍ മരണപ്പെട്ടു. സൗഹൃദം വാറ്റനബെയെ അവളോട് അടുപ്പിക്കുന്നു. അത് രതിയാക്കി മാറ്റിയെടുക്കാന്‍ അയാള്‍ക്ക് അധികം പണിപ്പെടേണ്ടി വരുന്നില്ല. പിന്നീടുള്ള വഴിയില്‍ അയാള്‍ നിരവധി സ്ത്രീകളെ കാണുന്നുണ്ടെങ്കിലും അയാളുടെ ഹൃദയം എപ്പോഴും നഓക്കോയുടെ സമീപത്തായിരുന്നു.

മനസ് നഷ്ടപ്പെട്ട നഓക്കോ ചിത്തരോഗാശുപത്രിയിലേക്ക് പോകുമ്പോള്‍ അയാള്‍ മിഡോറിയെ കണ്ടുമുട്ടുന്നു. അവള്‍ സംശയങ്ങള്‍ക്ക് അറുതിയില്ലാത്തവളാണ്. അവളുടെ അശ്ലീല സംശയങ്ങള്‍ കാമുകനെ ദേഷ്യം പിടിപ്പിക്കുന്നു. ലോകത്തോട് തന്നെ അന്യതാഭാവം പുലര്‍ത്തുന്ന വാറ്റനബെയെ അവള്‍ കാമിക്കുന്നു. അവള്‍ക്ക് അവന്‍റെ ശരീരത്തിലൂടെ മനസിലേക്ക് കയറാനാണ് താല്‍പര്യം.

പക്ഷേ, മിഡോറിയെ കാണുമ്പോഴെല്ലാം വാറ്റനബെ കലഹങ്ങളിലായിരുന്നു. അയാള്‍ നഓക്കോയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, അവള്‍ക്ക് കത്തെഴുതുമ്പോള്‍, സുഹൃത്ത് നഗസാവയെ കാണുമ്പോള്‍ എല്ലാം അപ്രതീക്ഷിതമായി മിഡോറി രംഗപ്രവേശം ചെയ്യുന്നു. അവളോടുള്ള സ്നേഹം അയാള്‍ ജനിപ്പിച്ചെടുക്കുന്നതാണ്.

നഓക്കോയുടെ ഹൃദയത്തിലേക്കുള്ള വാറ്റനബെയുടെ വഴിയാണ് റീക്കോ. അവള്‍ മനോഹരമായി പിയാനോ വായിക്കുന്നു. അതിനേക്കാള്‍ ആശ്ചര്യമുണ്ടാക്കുന്നതാണ് അവളുടെ ജീവിത കഥ. അത് മനസിലാകുന്നത് വാറ്റനബെക്ക് മാത്രമാണ്. ഒടുവില്‍ റീക്കോയുടെ ശരീരത്തില്‍ പങ്കുചേരുന്നതാണ് നീതിയെന്ന് വാറ്റനബെ തിരിച്ചറിയുന്നുണ്ട്.

ഉദ്വേഗജനകമല്ല മുറകമിയുടെ സാഹിത്യം. ലോകത്തിന്‍റെ മെല്ലെപ്പോക്കാണ് അയാളുടെ വിഷയം. പലരും പ്രശംസിക്കുന്നതുപോലെ എഴുത്തിലെ താളമാണ് മുറകമിയുടെ ശക്തി. ഒരു കൊച്ചു കല്ലായാല്‍പ്പോലും അതിനെ മുറകമി വര്‍ണിക്കാന്‍ തുടങ്ങിയാല്‍ അത് വായിക്കാതിരിക്കാന്‍ കഴിയില്ല.

ഒഴുക്കാണ് ജീവിതമെന്ന വലിയ വെളിപാടാണ് നോര്‍വീജിയന്‍ വുഡ്.

 

Photo: http://hamsapsukebe.blogspot.in (Screen grab from Norwegian Wood, The Film) 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s