​എന്തുകൊണ്ട് ഈ കുറിപ്പ് നീണ്ടു പോകുന്നു

ഫ്യൂച്ചര്‍ കേരളയിലെ ജോലി അവസാനിപ്പിച്ചു. മുന്‍പ് മറ്റു രണ്ടു സ്ഥാപനങ്ങളും വിട്ടിറങ്ങിയപ്പോഴുള്ള അതേ മാനസിക അവസ്ഥയിലാണ്. സന്തോഷവും ഇല്ല, സങ്കടവും ഇല്ല, നാളത്തെ ദിവസം പോകാന്‍ ഒരു ഓഫീസില്ലെന്നു മാത്രമറിയാം.
മാതൃഭൂമിയുടെ ലോക്കല്‍ബ്യൂറോയിലേക്ക് എന്നെ തട്ടിയതിന്റെ നാലാം മാസമാണ് ഞാന്‍ മാതൃഭൂമി വിട്ടത്. നേരെ ഡിസി മീഡിയ തുടങ്ങാന്‍ തയാറെടുക്കുന്ന ഫ്യൂച്ചര്‍ കേരളയില്‍ വന്നു ചേര്‍ന്നു. പത്രത്തിന്റെ ആദ്യ ജീവനക്കാരനാണ് ഞാന്‍! ഇഷ്ടമുള്ളതൊക്കെ ചെയ്യാനുള്ള ലൈസന്‍സാണ് ആദ്യം എനിക്ക് തന്നത്. അത് ഞാന്‍ ഏറ്റവും സൂക്ഷ്മതയോടെ ഉപയോഗിച്ചു. എനിക്ക് ഇഷ്ടമുള്ളതെല്ലാം ഞാന്‍ എഴുതി, ആരും മോശം പറഞ്ഞില്ല, അതുകൊണ്ട് ഇഷ്ടത്തോടെ തന്നെ അത് തുടര്‍ന്നു.

ഇടയ്ക്ക് മാനേജ്‌മെന്റ് മാറി. അനിശ്ചിതത്വത്തിന്റെ നാളുകള്‍ വന്നപ്പോള്‍ രഞ്ചു പറഞ്ഞു; ‘മര്യാദക്ക് മാതൃഭൂമിയില്‍ ഇരുന്ന നിന്നെ ഞാന്‍ ആണ് ഇങ്ങോട്ട് വിളിച്ചത് അല്ലേ, നീ എത്രയും വേഗം വേറെ എവിടെക്കെങ്കിലും പൊയ്‌ക്കോ’. കൊടുങ്കാറ്റ് അടങ്ങിയപ്പോള്‍ എല്ലാം പഴയതുപോലെയായി. വീണ്ടും IANS പൂക്കാലം വന്നു. മാര്‍ക്കറ്റിങിന് പ്രാധാന്യം വന്നപ്പോള്‍ ഞാന്‍ ഡെസ്‌കിലേക്ക് ഒതുങ്ങി. അപ്പോള്‍ അഭ്യുദയകാംക്ഷികളുടെ ചോദ്യങ്ങള്‍ വന്നു. ‘മെയിന്‍ഫ്രേമില്‍ നിന്ന് ഞാന്‍ എങ്ങോട്ടാണ് ഈ ഒതുങ്ങിപ്പോകുന്നത്? ഈ പത്രം ആരെങ്കിലും വായിക്കുന്നുണ്ടോ?’ എല്ലാത്തിനും കേന്ദ്രം ഞാനകണമെന്ന് വാശി പിടിക്കുന്ന എന്നെ LIME LIGHT കെട്ടുപോകുന്നത് അലട്ടി. ‘തസ്ലിമയുടെ ഇന്റര്‍വ്യൂന് ശേഷം നീ ഒന്നും എഴുതിയില്ലേ’ എന്ന് രേഖ ചോദിച്ചപ്പോള്‍, ഇല്ല – ഞാന്‍ ഡെസ്‌കിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. പക്ഷേ, പ്രസ് മീറ്റുകളില്‍ വച്ച് മാത്യുവിനെ കാണുമ്പോള്‍ പുള്ളി സ്‌നേഹത്തോടെ പറഞ്ഞു. ‘അബി, ഫ്യൂച്ചര്‍ കേരളയെക്കുറിച്ച് നല്ല അഭിപ്രായം ഉണ്ട്.’ മാത്യു സര്‍ ആരെയും കുറിച്ച് ഒന്നും മോശം പറയാറില്ല എന്നത് സത്യമാണ്. പക്ഷേ, ഇത് സമാധാനിപ്പിക്കാന്‍ പറഞ്ഞതല്ലെന്ന് എനിക്ക് അറിയാം. പാലിയത്തും, ഹരിയും പിന്നീട് ഇതേ കാര്യം റിപ്പീറ്റ് ചെയ്തപ്പോള്‍ ഞാന്‍ മാത്യുവിനെ സ്തുതിച്ചു.

ഞാന്‍ ഈ മാസം കൂടി ഫ്യൂച്ചര്‍ കേരളയില്‍ ഉണ്ടാകൂ എന്നു പറഞ്ഞപ്പോള്‍ ഇന്ദു പറഞ്ഞു, ‘നീ വേറെ എവിടെപ്പോയാലും അവിടത്തെ പിള്ളേരെപ്പോലെ കമ്പനിക്കാരെ കിട്ടില്ലല്ലോ എന്ന്, ഒരു കോളെജ് വിട്ടതുപോലെയാണ് എന്ന്’. അത് ശരിയാണ്. ഓഫീസിന് പുറത്തുള്ള വലിയൊരു നഷ്ടം തന്നെയാണ് ഞങ്ങളുടെ കാക്കക്കൂട്ടം. ചിറ്റൂര്‍ റോഡ്-ഷേണായിസ് ബ്ലോക്കില ഓരോ മനുഷ്യരും (പ്രത്യേകിച്ച് പെണ്‍കുട്ടികള്‍) ഞങ്ങളുടെ റഡാറിലുണ്ട്. പിന്നെ ജീനയുടെ ചേച്ചി, അനിയത്തി, ബാബു ചേട്ടന്‍, പിഷു, ഹോസ്റ്റലില്‍ ചരിത്രാതീത കാലം മുതല്‍ അഡ്മിഷന്‍ എടുത്ത പെണ്‍കുട്ടികള്‍, ആര്‍എംഎസ്, സ്പീഡ്‌പോസ്റ്റ് വണ്ടി, പ്രാന്തന്‍, ഡിറ്റിഡിസി, എണ്ണിയാലൊടുങ്ങാത്ത സെയില്‍സ് ഗേളുമാര്‍, അപ്പു, സെന്‍ട്രല്‍ സ്‌ക്വയര്‍ മാള്‍, ഞാന്‍ ഇതുവരെ പോകാത്ത സിനിപോളിസ്, കടയില്‍ ഒരു തട്ടുകട, ഫൂഡ് മാജിക്, വെറും തട്ടുകട, എല്ലാവരുടെം പിറന്നാള്‍ ആഘോഷങ്ങള്‍, അമ്മാസ്, സുമലത… എന്നിങ്ങനെ ANECDOTE കള്‍ നീളുന്നു.

ഞാന്‍ ആകെ മിസ് ചെയ്ത സംഗതി സിനിമകളാണ്. ഏത് സിനിമ ഇറങ്ങിയാലും ആദ്യ ആഴ്ച തന്നെ കണ്ടില്ലെങ്കില്‍ അത് ഒരു തെറ്റായി കരുതുന്നവരാണ് ഞാനൊഴികെ ഈ സംഘത്തിലെ ബാക്കിയുള്ളവര്‍. സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഹോസ്റ്റല്‍ പോലും നഷ്ടപ്പെടുത്തിയിട്ടുണ്ട് പ്രിയപ്പെട്ട ജീന മേക്കപ്പ്. ഓരോ സിനിമ കഴിഞ്ഞ്, ഉച്ചയ്ക്ക് ഉണ്ണുന്നതിനിടയ്ക്ക ചര്‍ച്ചകള്‍. TMZ പോലെ സിനിമയും, സിനിമാക്കാരും സൂക്ഷ്മമായി വിലയിരുത്തപ്പെടും.

രാത്രി ഏഴ്, ഏഴര വരെ വീട്ടില്‍ പോകാതെ കുത്തിയിരുന്ന് കഥ പറയാന്‍ എന്നെ പഠിപ്പിച്ചത് ഫാസിലാണ്, അക്കാദമിയില്‍ വച്ച്. ആ ട്രെയിനിംഗ് ഫ്യൂച്ചറിലും എന്നെ അവസാന ബസ്സില്‍ വീട്ടില്‍ പോയാല്‍ മതിയെന്ന് മനസ്സിലാക്കിത്തന്നു. അതിലൊരു രസമുള്ളതുകൊണ്ടാണ് ഈ നോട്ട് എഴുതുന്നതുപോലും. പിന്നീട് ഇടയ്ക്ക് വൈശാഖ് വന്നു-പോയി, നീതു വന്നു, സന്ദീപ് സര്‍ ഇടുക്കിയിലേക്ക് പോയി. ഓഫീസില്‍ ചുറ്റുമുള്ള കസേരകളില്‍ പുതിയ മുഖങ്ങളും ആളുകളും വന്നു, എനിക്ക് പുതിയ ചുമതല കിട്ടി. ഒഴുക്ക് എന്നെയും കൊണ്ട് പുതിയൊരു വഴിയിലേക്ക് തിരിയാന്‍ ഒരുങ്ങിയപ്പോള്‍, എനിക്ക് വഴിമാറി ഒഴുകണമെന്നു തോന്നി. പ്രധാന കാരണം; എന്റെ മനസ് എന്റെ പിടിവിട്ടുപോയി, ശ്രദ്ധിക്കപ്പെടാനുള്ള – സ്വാര്‍ഥത ഇതൊന്നും പോര എന്ന ചിന്തയുണ്ടാക്കി. ഒപ്പം എന്നെ മുറിവേല്‍പ്പിച്ച ഓഫീസ് കാലയളവിലെ ഒരേയൊരു സംഭവവും ഉണ്ടായി. കലഹം തുടങ്ങിവച്ചത് ഞാനല്ല എന്നതുകൊണ്ട്, അതില്‍ എന്റെ റിയാക്ഷനിലും എനിക്ക് ഒരു മനസ്താപവും ഇല്ല. ഉടനെങ്ങും ഞാന്‍ ഉള്ളില്‍ ക്ഷമിക്കുകയുമില്ല.

നന്ദിയൊന്നുമില്ല, എന്നാലും ഈ പ്രസ്തുത മനുഷ്യര്‍ – എല്ലാ വള്ളിക്കെട്ടും സ്വയം ഏറ്റുവാങ്ങുന്ന ജീന, ആത്മാര്‍ത്ഥതയ്ക്ക് കണ്ണടവച്ച എസ്പി, ലേ ഔട്ടിന്റെ തത്വങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്ന് കോണ്‍ട്രാക്ടില്‍ പ്രത്യേകം CLAUSE ഉണ്ടാക്കിയ വിപിനേഷേട്ടന്‍, എന്നോട് വേദം ഓതുന്ന പ്രിയ-പ്രിയ, ഡോ. ഫിക്‌സിറ്റ് – ശ്രീ ശ്രീ ടെക്കി, തുച്ഛമായ വിലയ്ക്ക് ഫഌപ്പ്കാര്‍ട്ടില്‍ നിന്ന് കമ്പ്യൂട്ടര്‍ വാങ്ങാന്‍ ഒരുമ്പെട്ട രണ്ട് സുന്ദരികള്‍, മറൈന്‍ ഡ്രൈവ് കണ്ടിട്ടില്ലെന്ന് അഭിമാനത്തോടെ പറയുന്ന മായച്ചേച്ചി, എല്ലാവര്‍ക്കും സ്തുതി.

ഇന്ന് എന്നെപ്പോലെ അവസാനദിവസം ആഘോഷിച്ച് ഫ്യൂച്ചര്‍വിട്ട് ഇറങ്ങിയപ്പോള്‍ രാജന്‍ തമാശയ്ക്ക് പറഞ്ഞു, അവന്‍ വീട്ടില്‍പ്പോയി കരയുമെന്ന്. പതിവ് പോലെ എന്റെ അവസാന ബസ് കണ്ടപ്പോള്‍ ഓടിക്കയറുംവരെ എനിക്ക് ഇതിന്റെ അവസാന ദിവസമാണെന്ന തോന്നലില്ലായിരുന്നു. ബസ് പതിയെ ഓടി പനമ്പിള്ളി നഗറെത്തുമ്പോഴാണ്, ‘അവസാന ദിവസം’ പുറകിലായിപ്പോയത് മനസ്സിലായത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s