കണ്ണില്‍ ഉരുണ്ടുകൂടുന്ന നിറമില്ലാത്ത തണുപ്പന്‍ തുള്ളികള്‍

സാധാരണ ഇത്തരം കാര്യങ്ങള്‍ ഞാന്‍ എഴുതാന്‍ മെനക്കെടാറില്ല. മനുഷ്യനെ മൃദുല വികാരങ്ങളില്‍ കെട്ടിയിടുന്ന ഒന്നിലും അധികം ശ്രദ്ധ കൊടുക്കരുതെന്ന വിചാരമാണ് കാരണം. എന്തായാലും കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ അസാധാരണമായ കാര്യങ്ങള്‍ മാത്രമാണ് സംഭവിക്കുന്നത്. അതിന്റെ പേരില്‍ ഞാന്‍ ഇത് എഴുതുകയാണ്.

പഴയ എന്നോട്, പുതിയ, ഇന്നിലെ ഞാന്‍ ക്ഷമിക്കണമെന്ന് എന്റെ സൈക്കോളജിസ്റ്റ് രാവിലെ ഓര്‍മ്മപ്പെടുത്തിയിതേയുള്ളൂ. കസേരകള്‍ മാറിയിരുന്ന്, പഴയ ഞാനും പുതിയ ഞാനും പരസ്പരം ക്ഷമാപണങ്ങള്‍ കൈമാറി, ഉച്ചയോടെ ഓഫീസിലെത്തി, ടെറസ്സിലെ ടോയ്‌ലറ്റിലെ കണ്ണാടിയില്‍ നോക്കി എന്നോട് ക്ഷമിക്കാന്‍ എനിക്കുമാത്രമേ ആവതുള്ളൂ എന്ന് ഉറക്കെപ്പറഞ്ഞ് ഒരു പകല്‍ അവസാനിപ്പിച്ചാണ് ഞാന്‍ രാത്രി വീട്ടിലേക്കുള്ള വണ്ടി തേടി ബസ് സ്റ്റാന്‍ഡിലെത്തിയത്.

സമയം ഏഴരയാകുന്നു. ഇന്നലത്തേക്കാള്‍ 15 മിനുട്ട് വൈകി കെഎസ്ആര്‍ടിസി ബസ് വന്നു. ഇന്നലത്തേക്കാള്‍ കാത്തു നില്‍ക്കാന്‍ ആളുകള്‍ കുറവായതു കൊണ്ടാകണം അത് വൈകിയത്. കൂട്ടപ്രാര്‍ത്ഥനകള്‍ക്ക് വലിയ ശക്തിയുണ്ടെന്ന് ആര്‍ട്ട്-ഓഫ്-ലിവിംഗ് മാഷ് പറഞ്ഞത് ഓര്‍മ്മ വന്നു. (ബ്ലഡി സര്‍ക്കാസം…)

ബസ്സ് വൈകിയ പതിനഞ്ച് മിനുട്ടുകളില്‍ എനിക്ക് രണ്ട് ഫോണ്‍ കോളുകളാണ്. ഒന്ന്; ചെന്നൈയിലേക്ക് ടിക്കറ്റ് എടുത്ത് ഇപ്പോള്‍ (7.30 പി.എം) തൃശ്ശൂര്‍ പിന്നിടുന്ന ഇന്ദുവിനെ വിളിച്ചു. തെറാപ്പിസ്റ്റ് എന്നെ മാറ്റിയിരുത്തിയ കസരേകളെക്കുറിച്ച് ഇന്ദുവിന് അറിയാം. സസ്‌പെന്‌സ് നശിച്ചതില്‍ എനിക്കു വന്ന സങ്കടം പ്രകടിപ്പിച്ചില്ലെങ്കിലും, കാര്യമായി ഞാന്‍ പറഞ്ഞു. എത്രയും വേഗം പോയിട്ട് വരൂ, സ്‌നേഹം കൊണ്ടല്ല. മനംപിരട്ടുന്ന, ഛര്ദ്ദിംപ്പിക്കുന്ന അപരിചിതത്വമുള്ള നഗരമാണ് ചെന്നൈ. രണ്ടാമത്തെ ഫോണ്‍ കോള്‍; ഷെമീറിനാണ്. അത് ഞങ്ങള്‍ തമ്മിലുള്ള ഒരു രഹസ്യ ഇടപാടാണ്, ചുംബനം പോലെ ഭദ്രം. അത് അവന്‍ എത്രയും വേഗം ശരിയാക്കിത്തരാം എന്നു പറഞ്ഞിട്ടുണ്ട്. രണ്ട് ഫോണ്‍കോളുകള്‍ക്കിടയിലൂടെ സമയം പിളര്‍ന്ന് എനിക്ക് ഇപ്പോഴും പേരറിയാത്ത രണ്ട് ട്രെയിനുകള്‍ സൗത്ത് ജംഗ്ഷനിലേക്ക് ചൂളം വിളിച്ചു പോയി.

നാവും ചെവിയും വിറങ്ങലിച്ച പഴയ നാളുകളുടെ കണക്കുകളില്‍ ജീവിതം കുരുക്കിയിട്ടിട്ട്, ദിവസങ്ങളെ പഴിക്കുന്ന, രാവിലെകളെ പിഴച്ചവളെന്ന് ആക്ഷേപിക്കുന്ന ഒരു മനുഷ്യന്‍

7.40ന് ബസ്സ് പുറപ്പെടും മുന്‍പ് ഒരമ്മച്ചിയും മകനും ബസ്സില്‍ കയറി. ഞാന്‍ മുന്‍വശത്തെ വാതിലില്‍ നിന്ന് രണ്ടാമത്തെ, രണ്ടാളുകളെ കൊള്ളുന്ന സീറ്റിലാണ് ഇരിക്കുന്നത്. ബസ്സില്‍ വലിയ തിരക്കില്ലാത്തതുകൊണ്ട് കയറി വരുന്ന എല്ലാവരും തോന്നുന്ന സീറ്റുകളില്‍ ചെന്നു വീഴുകയാണ്. പ്രായം 20കളുടെ അവസാനത്തിലാണെന്ന് തോന്നിപ്പിച്ച കട്ടി മീശയുള്ള, പഴഞ്ചന്‍ റിസ്റ്റ് വാച്ച് കിട്ടിയ മകനെ അമ്മച്ചി എന്റെ അടുത്താണ് ഇരുത്തിയത്. തൊട്ടടുത്ത മൂന്നാള്‍ സീറ്റില്‍ അമ്മച്ചിയും ഇരുന്നു.

അവര്‍ക്ക് ഒരുമിച്ചിരിക്കാന്‍ രണ്ടാള്‍ സീറ്റുകള്‍ ബാക്കിയില്ലായിരുന്നു. ഞാന്‍ അലക്ഷ്യമായ നോട്ടങ്ങളിലൂടെ അവരുടെ റേഡിയോ സന്ദേശങ്ങള്‍ പിടിച്ചെടുക്കുകയാണ്. അത് ഡീകോഡ് ചെയ്തപ്പോള്‍ മനസ്സിലായി. മകന് സംസാരിക്കാനോ, കേള്‍ക്കാനോ വയ്യ. അതുകൊണ്ടാണ് 20കളുടെ അവസാനത്തില്‍, അമ്മയെ ധിക്കരിച്ച് പിന്‍സീറ്റില്‍ ഇരിക്കേണ്ട മകന് അമ്മയുടെ ഓരം ചേര്‍ന്ന് ഇരിക്കേണ്ടി വരുന്നത്.

ഞാന്‍ അമ്മയെ ശ്രദ്ധിച്ചു. അവര്‍ കാഴ്ച്ചയില്‍ വിരമിച്ച ഒരു അദ്ധ്യാപികയെപ്പോലെയാണ്. ബസ്സ് ഓടിത്തുടങ്ങിയപ്പോള്‍ കടലമാവിന്റെ പുറന്തോടിട്ട കപ്പലണ്ടി റോസ്റ്റ് പാക്കറ്റ് അമ്മയുടെ മകന്‍ പൊട്ടിച്ചു. അവര്‍ അത് പങ്കുവച്ച് കഴിക്കുകയാണ്. ഞാന്‍ എന്റെ ഫോണില്‍ ശ്രദ്ധിച്ചിരിക്കുകയാണ്. അതിനിടയ്ക്ക് പെട്ടന്ന് അമ്മ, മകനോട് ആംഗ്യം കാണിച്ചു അടുത്തിരിക്കുന്ന എനിക്കുകൂടി കപ്പലണ്ടി തരാന്‍. അയാള്‍ക്ക് സങ്കോചമായി. മടിച്ചാണെങ്കിലും എനിക്ക് നേരെ ഒരു പിടി റോസ്റ്റഡ് കപ്പലണ്ടികള്‍ നീണ്ടു. ഒരു ചിരികൊണ്ട് ഒരേയൊരു കപ്പലണ്ടി മാത്രം ഞാന്‍ കൊത്തിയെടുത്തു. അമ്മയ്ക്കും മകനും നന്ദി പറഞ്ഞു.

ആ അത്ഭുതം അവസാനിക്കും മുന്‍പ് അമ്മച്ചി വലിയൊരു കപ്പലണ്ടി മിഠായിയുടെ ബാര്‍ എടുത്തു. അത് രണ്ടായി ഒടിച്ച് എനിക്ക് നേരെ നീട്ടി. ഞാന്‍ ചിരികൊണ്ട് അവരെ വിലക്കി. വാങ്ങിക്കൂ അമ്മച്ചി നിര്‍ബന്ധിച്ചു. എനിക്ക് വാങ്ങിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, കഴിക്കാന്‍ ഒട്ടു പറ്റിയില്ല. ഞാനത് ബാഗിനുള്ളില്‍ എടുത്തു വച്ചു. കേള്‍ക്കാനും പറയാനും വയ്യാത്ത ഒരു മകനെ വളര്‍ത്തുന്ന അമ്മയാണത്. പിന്നോട്ടുള്ള വര്‍ഷങ്ങളില്‍ അവരുടെ കണ്ണീര്‍ വരച്ചിട്ട ചാലുകള്‍ എനിക്ക് ആ മുഖത്ത് കാണാം. മകനെക്കുറിച്ചുള്ള ജിജ്ഞാസ എനിക്ക് ബസ്സിനുള്ളിലെ അന്തരീക്ഷത്തില്‍ നിന്ന് വായിച്ചെടുക്കാം.

അവര്‍ക്ക് ഒരുമിച്ചിരിക്കാന്‍ രണ്ടാള്‍ സീറ്റുകള്‍ ബാക്കിയില്ലായിരുന്നു. ഞാന്‍ അലക്ഷ്യമായ നോട്ടങ്ങളിലൂടെ അവരുടെ റേഡിയോ സന്ദേശങ്ങള്‍ പിടിച്ചെടുക്കുകയാണ്. അത് ഡീകോഡ് ചെയ്തപ്പോള്‍ മനസ്സിലായി. മകന് സംസാരിക്കാനോ, കേള്‍ക്കാനോ വയ്യ.

ഇവിടെ ഞാന്‍ മറ്റൊരാളുടെ മകന്‍, മറ്റൊരമ്മയുടെ മകന്‍, ദിവസങ്ങളോട് വയ്യെന്ന് പറയുന്നവന്‍, കേള്‍ക്കാ നും പറയാനും കഴിഞ്ഞിട്ടും. നാവും ചെവിയും വിറങ്ങലിച്ച പഴയ നാളുകളുടെ കണക്കുകളില്‍ ജീവിതം കുരുക്കിയിട്ടിട്ട്, ദിവസങ്ങളെ പഴിക്കുന്ന, രാവിലെകളെ പിഴച്ചവളെന്ന് ആക്ഷേപിക്കുന്ന ഒരു മനുഷ്യന്‍. എനിക്ക് നേരെ മധുരം നീട്ടുകയാണ് അമ്മ. അത് ഞാന്‍ വാങ്ങണം. അത് ഒരു തരത്തില്‍ അനുഗ്രഹമാണ്. പറയാതെ പറയുകയാണ്. നിന്നോട് നീ ക്ഷമിച്ചതിന് അമ്മ തരുന്ന മധുരമാണത്. അടുത്ത സീറ്റില്‍ ഒരു മനുഷ്യനിരിക്കുന്നു എന്ന് അമ്മയ്ക്ക് തോന്നിയല്ലോ, അടുത്ത് ശ്വസിക്കുന്നത് മറ്റൊരു മനുഷ്യനാണെന്ന് അമ്മ അറിഞ്ഞല്ലോ, ഞാനും ഒരമ്മയുടെ മകനാണെന്ന് അമ്മയ്ക്കല്ലാതെ മറ്റാര്‍ക്ക് മനസ്സിലാകും. വിശപ്പില്ലെങ്കിലും ഉണ്ടെങ്കിലും ഒരുപിടി കപ്പലണ്ടികള്‍ കഴിക്കാന്‍ എനിക്ക് വയറുണ്ടെന്ന് അമ്മയ്ക്ക് തോന്നിയല്ലോ.

വീടെത്തുംവരെ ഞാനത് മനസ്സില്‍ കുറിച്ചിട്ടു. ചില മനുഷ്യര്‍ അങ്ങനെയാണ്, അവര്‍ നമ്മുടെ ജീവിതത്തില്‍ വെറുതെയങ്ങോട്ട് സംഭവിച്ചു പോകും. അതിന്റെ പൊരുള്‍ അവര്‍ക്കു മാത്രമേ അറിയൂ. അമ്മ അനുഗ്രഹിച്ച കപ്പലണ്ടി മിഠായിയുമായി ഞാന്‍ വീട്ടിലെത്തി. ഭാനുമതി വീട്ടിലുണ്ടോയെന്ന് അന്വേഷിച്ചു, അവള്‍ ഇന്നുരാവിലെ അച്ഛന്റെ വീട്ടിലേക്ക് വണ്ടി കയറിയെന്ന് വല്യമ്മ പറഞ്ഞു. അനുഗ്രഹം കിട്ടിയ കപ്പലണ്ടി മിഠായിയുടെ കഥ ഞാന്‍ എന്റെ അമ്മയോട് പറഞ്ഞു. അവര്‍ അത് ശ്രദ്ധയോടെ കേട്ടു. ആ അമ്മയ്ക്കും മകനും നല്ലത് വരുമെന്ന് പറഞ്ഞു. ഞാനും ആ മിഠായി നുണഞ്ഞിറക്കി. ഇത് നേരിട്ട് കഴിക്കാന്‍ എനിക്കും എന്റെ അമ്മയ്ക്കും മാത്രമേ പറ്റിയുള്ളൂ.

പക്ഷേ, എന്റെ ചിന്തകളിലെ സ്വപ്‌നങ്ങളിലെ മനുഷ്യരെ, ഇന്ദു, ഷെമീര്‍, ഭാനുമതി, സൈക്കോളജിസ്റ്റ്, പിന്നെ പേര് പ്രത്യേകം പറയണ്ടാത്ത നൂറു കണക്കിന് സ്‌നേഹിതരെ, നിങ്ങളും നന്ദി പറയണം, ആ അമ്മയ്ക്കും മകനും, അവര്‍ സന്തോഷത്തോടെ ജീവിക്കാന്‍ ‘പ്രാര്‍ത്ഥിക്കണം’. അതിലുപരി അവര്‍ എന്നെ കണ്ട നിമിഷം ആരുടെ സൃഷ്ടിയായിരുന്നോ ആ പൊരുളിനോട് നിങ്ങള്‍ എന്നെപ്പറ്റി പറയണം.

“Forget the future like it has never happened”

Advertisements

One thought on “കണ്ണില്‍ ഉരുണ്ടുകൂടുന്ന നിറമില്ലാത്ത തണുപ്പന്‍ തുള്ളികള്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s