ഇളം നിറങ്ങളുടെ മൂന്നാര്‍

തോല്‍വി സമ്മതിച്ചുകൊണ്ടല്ലാതെ മൂന്നാറിലെ പ്രകൃതിയെപ്പറ്റി എഴുതിത്തുടങ്ങാന്‍ കഴിയില്ല. ചിത്രങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ പാതിയെ സംസാരിക്കാന്‍ കഴിയുന്നുള്ളു എങ്കില്‍ വാക്കുകള്‍ക്ക് പത്തിലൊന്നുപോലും ശക്തിയില്ല.

മനസ്സിന്റെതുള്‍പ്പെടെ ഒരു കാന്‍വാസിനും പ്രകൃതി വഴങ്ങുന്നില്ലെന്ന് മൂന്നാറില്‍ വഴി തെറ്റിയെത്തുമ്പോള്‍ തോന്നും.

ഒന്നും മുന്‍പേ തീരുമാനിച്ചിട്ടില്ലാത്തതുകൊണ്ട് ഞങ്ങളും വഴി തെറ്റിയാണ് മൂന്നാറിലെത്തിയത്.

WP_20160604_11_14_59_Proമൂന്നാറിലെ ആദ്യ കാഴ്ച കൊങ്ങിണിപ്പൂക്കളാണ്. മൂന്നാറെത്തുമ്പോഴേ കാണാം അതിരുകളിലെ പൂക്കള്‍. ജൂണ്‍ മാസത്തിന്റെ തെളിമയില്‍ കൊങ്ങിണിപ്പൂക്കള്‍ വഴി നീളെ പൂത്തു നില്‍ക്കുന്നു.

തണുപ്പ് ജനിച്ചു തുടങ്ങുന്നതിന് മുന്‍പേ ഞങ്ങള്‍ മൂന്നാര്‍ ടൗണിലെത്തി. നേരം പതിനൊന്നായെങ്കിലും ഇനിയും പുലര്‍ന്നിട്ടില്ലാത്തപോലെ ഒരു ഒഴുക്കന്‍ മട്ടിലാണ് ദിവസം തുടങ്ങുന്നത്.

ആകാശത്തിന്റെ ചാര നിറത്തില്‍ പറ്റി നില്‍ക്കുകയാണ് മഴ.

Jpegഹെയര്‍പിന്‍ വളവുകളില്‍ റോഡിലെ വെള്ള വരകളുടെ മര്യാദകള്‍ മറന്ന് മിക്കപ്പോഴും കാറുകള്‍ ചുംബിക്കാനെന്നോണം അടുത്തു വരും. അലസന്‍ കാറുകളുടെ പാച്ചിലുകളില്‍ ആല്‍ബിക്ക് ഹാലിളകി.

മുടിപ്പിന്‍ വളവുകളെ എനിക്കും പേടിയാണ്. അപരിചിതനായ, മെലിഞ്ഞൊരു കിളവന്‍ സൈക്കിളുമായി കാറിനു മുന്നില്‍ച്ചാടി വീഴുന്നത് എന്റെ എക്കാലത്തെയും പേടി സ്വപ്‌നമാണ്.

മൂന്നാറിലെന്തിനു പോകണമെന്ന ചോദ്യത്തിന് എനിക്കും ദീപുവിനും ഒറ്റ ഉത്തരമേയുള്ളു;

‘അല്‍പ്പം തണുത്ത എങ്ങോട്ടെങ്കിലും പോകാന്‍ തോന്നുന്നു’

കൊച്ചിയിലെ ഭ്രാന്ത് പിടിച്ച വൈകുന്നേരങ്ങള്‍ക്കെതിരെയുള്ള ഞങ്ങളുടെ എക്കാലത്തെയും മുദ്രാവാക്യമാണ്.

WP_20160604_13_47_45_Pro

‘ആല്‍ബി, എവിടെപ്പോയാല്‍ മഞ്ഞ് കാണാന്‍ പറ്റും?’

– മൂന്നാര്‍ ടോപ്‌സ്റ്റേഷനിലേക്ക് ഉരുളുകയാണ് കാര്‍.

പുറത്ത് കൊച്ചിയിലെപ്പോലെ വാഹനങ്ങളുടെ ഘോഷയാത്രയാണ്. ചില കവലകളില്‍ മനുഷ്യരുടെ ഘോഷയാത്രയാണ്. മാട്ടുപ്പെട്ടി ഡാം റോഡിലൂടെ പോകുമ്പോള്‍ വെള്ളം വറ്റിത്തീരാറായ അണക്കെട്ടില്‍ കാടിറങ്ങി വന്ന ആനകളെക്കാണാം.

ടോപ്‌സ്റ്റേഷന്‍ എത്തുമ്പോഴും നിരാശപ്പെടുത്തുന്ന കാഴ്ച്ചയാണ്-നിറയെ മനുഷ്യര്‍.

മനുഷ്യരെ ഒഴിവാക്കാന്‍ ഞങ്ങള്‍ പടികളിറങ്ങി ദൂരേക്ക് പോയി.

WP_20160604_15_30_37_Pro

അവസാന പടിക്കെട്ടും കടന്ന് മുന്നോട്ട് പോയാല്‍ ഒരു മനുഷ്യന് എളുപ്പം ചാടി മരിക്കാവുന്ന ആഴത്തില്‍ ഒരു കൊക്കയാണ്. അവിടെ നിന്ന് ടോപ്‌സ്റ്റേഷനിലെ ഏറ്റവും സുന്ദരമായ കാഴ്ച കാണാം. അവിടെ മനുഷ്യരില്ല. പ്രകൃതി മാത്രമേയുള്ളു. അങ്ങോട്ടു കടക്കാനും എനിക്ക് മടിയായിരുന്നു. ഉയരത്തില്‍ കാറ്റടിക്കുന്ന മലയുടെ അറ്റത്ത് നിന്ന് താഴേക്ക് ഊളിയിടുന്നത് ഞാന്‍ സ്വപ്‌നം കണ്ടിട്ടുണ്ട്. പിടിച്ചുലയ്ക്കുന്ന സ്വപ്നം. ഞാന്‍ മടിച്ചു നിന്നു.

‘നിനക്ക് പേടിയാണ്’-ദീപു കളിയാക്കി.

ശരിയാണ് നമ്മളെ ഭയപ്പെടുത്തും, ഒരുപാട് കാലങ്ങളായി നെയ്ത്കൂട്ടുന്ന ഒരു സ്വപ്‌നം അവിചാരിതമായി വന്ന് സ്പര്‍ശിക്കുമ്പോള്‍ നമ്മള്‍ ഭയപ്പെടും.

WP_20160604_13_45_10_Pro

ദൂരെ കൊളുക്കുമലയില്‍ മഞ്ഞ് ഉരുണ്ടു കൂടുകയാണ്. തണുപ്പ് കാലുകളെ മരവിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടന്നൊരു മഴ പെയ്തു. കുത്തനെ ഇറങ്ങിയ പടവുകള്‍ തിരികെ ഓടിക്കയറണം. ഇതിനിടയ്ക്ക് നീണ്ടൊരു ഇടവഴി ദീപു കണ്ടുപിടിച്ചു.

വീണ്ടും മനുഷ്യര്‍ക്കിടയിലൂടെ മൂന്നാര്‍ ടൗണിലേക്ക്.

മഴ വലുതല്ല, എങ്കിലും വിടാതെ പിന്നാലെ കൂടിയിരിക്കുകയാണ്. തണുപ്പ് മഴയുടെ പിന്നാലെ കൂടിയിട്ടുണ്ട്. മാട്ടുപ്പെട്ടിയിലെ പുല്‍മേടുകളില്‍ പശുക്കള്‍ മേഞ്ഞു നടക്കുന്നു. റോഡിന്റെ രണ്ട് വശങ്ങളിലും യൂകാലിപ്റ്റസ് മരങ്ങള്‍ ഇലയനക്കങ്ങളില്ലാതെ നില്‍പ്പാണ്.

ആനയിറങ്കലിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നത് ദിശാബോര്‍ഡുകള്‍ പറഞ്ഞു തന്നു. മഞ്ഞ് എവിടെയെന്ന് അന്വേഷിച്ചാണ് ഇപ്പോള്‍ യാത്ര. ഉച്ച നേരത്തിന്റെ ഒരു ലക്ഷണവുമില്ലാതെയാണ് അന്തരീക്ഷം പെരുമാറുന്നത്.

Jpegമൂന്നാര്‍ ടൗണിലെ കെട്ടിടങ്ങളുടെ ചുവരുകളില്‍ ഇളം നിറങ്ങള്‍ ചത്തു കിടക്കുകയാണ്, പ്രത്യേകിച്ച് നീലയും പച്ചയും. മുടിപ്പിന്‍ വളവുകളില്‍ നിന്നുള്ള ദൂരക്കാഴ്ച്ചകളില്‍ മങ്ങലൊട്ടുമില്ലാത്ത നിറങ്ങള്‍ കാണാം. ചുവരുകളില്‍ കുടുങ്ങിക്കിടക്കുകയാണ് നിറങ്ങള്‍. ടോപ്‌സ്റ്റേഷനില്‍ നിന്ന് വ്യത്യസ്തമായി പ്ലാന്റേഷനുകളില്‍ എത്തുമ്പോള്‍ പ്രകൃതി ഒരിളം നിറം ചുണ്ടില്‍പ്പുരട്ടും. ഒരുതരം വാം ടോണ്‍. ഒരേ സമയം ജീവനുള്ളതും അലസവുമായ നിറം. ഭൂമി വലിയൊരു പാരാബോളയാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കണ്ണുകളില്‍ തേയില പ്ലാന്റേഷനുകള്‍ നിറയും.

ആനയിറങ്കല്‍ ഡാമിലേക്കുള്ള അവസാന മൂന്ന് കിലോമീറ്ററില്‍, പെരിയകനാലിലെ ഒരു ഹെയര്‍പിന്‍ വളവില്‍ കോടമഞ്ഞ് ഞങ്ങളെ കാത്തു നിന്നിരുന്നു. കാടിറങ്ങി വരുന്ന കാട്ടാനയെപ്പോലാണ് മഞ്ഞ്, സൂചനകളൊന്നുമില്ലാതെ ഒരു പ്രത്യക്ഷപ്പെടല്‍.

മഞ്ഞിനോട് സംസാരിക്കാന്‍ ഞങ്ങള്‍ കാര്‍ നിര്‍ത്തിയ ഹെയര്‍പിന്‍ വളവില്‍ തകര ഷീറ്റുകള്‍ കൊണ്ട് ഉണ്ടാക്കിയ ഒരു ചായക്കട മാത്രമേയുണ്ടായിരുന്നുള്ളു. അറുപത് പിന്നിട്ട ഒരു ‘തമിഴന്‍’ ആണ് അതിന്റെ ഉടമ. കടലാസ് ഗ്ലാസില്‍ ചൂടുള്ള കാപ്പി ഉണ്ടാക്കിത്തരുന്നതാണ് അയാളുടെ ജോലി. ആരോടും സംസാരിക്കാനില്ലാത്തതുകൊണ്ട് പഴയൊരു റേഡിയോട് ചങ്ങാത്തം കൂടുന്നതാണ് അയാളുടെ സ്വഭാവം. പഴയ കാല തമിഴ് പാട്ടുകള്‍ റേഡിയോ പാടുന്നുണ്ട്.

Taken with Lumia Selfie

മഞ്ഞ് സംസാരിക്കുന്നത് മഴയേക്കാള്‍ ഉച്ചത്തിലാണ്.

സെക്കന്റുകള്‍ കൊണ്ട് കാഴ്ച്ച മറയും. ഇടയ്ക്ക് കാറുകളും വലിയ വാഹനങ്ങളും മഞ്ഞില്‍ മോഹാലസ്യപ്പെട്ട് റോഡിന്റെ അതിരുകള്‍ മറക്കും.

കോടയ്ക്കുള്ളില്‍ കയറിയാല്‍ ശരീരത്തിലെ രോമങ്ങളില്‍ വെളുത്ത മഞ്ഞ് കണങ്ങള്‍ പറ്റിപ്പിടിക്കും, റോഡരുകിലെ മഞ്ഞപ്പൂക്കള്‍ ചിരി മറക്കുന്നത് നോക്കി നിന്നാല്‍ കാണാം. കൊച്ചു പൈന്‍ മരങ്ങളുടെ തലപ്പുകള്‍ ഉലയുന്നത് കോടയുടെ മെരുങ്ങാത്ത ശക്തികൊണ്ടാണ്.

13 എംപി മൊബൈല്‍ ക്യാമറയുടെ എച്ച്ഡിആര്‍ മോഡിനു മുന്‍പില്‍ പോലും ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതാണ് കോടമഞ്ഞിന്റെ സ്വഭാവം. നോക്കി നില്‍ക്കുമ്പോള്‍, നീളന്‍ ഉടുപ്പിന്റെ അറ്റം താങ്ങുന്ന കാറ്റിനൊപ്പം മഞ്ഞ് മലകയറിപ്പോയി.

ഒരു യാത്ര സാര്‍ഥകമാകുന്ന നിമിഷമാണത്, തേടി വന്ന കോടമഞ്ഞ് കാത്തു നില്‍ക്കുന്നു.

കോട മലകയറിപ്പോയപ്പോള്‍ ഞങ്ങളും തിരികെപ്പോയി. വഴിയില്‍ ആ ദിവസം തന്നെ കീഴ്‌മേല്‍ മറിക്കുന്ന ഒരു കാഴ്ച്ച കാത്തു നില്‍പ്പുണ്ടായിരുന്നു.

WP_20160604_16_03_47_Pro

ആകാശം ഭൂമിയോട് ചേരുന്നു.

മഞ്ഞ് അതിന്റെ സകല ഭ്രാന്തും പുലമ്പലുമായി മണ്ണിനെ മറച്ചു പിടിച്ചു. ആകാശത്ത് വിമാനം കണ്ട് പിന്തുടരുന്ന കൊച്ചു കുട്ടികളുടെ കാലുകളുമായി ഞങ്ങള്‍ അതിനു പിന്നാലെ പോയി. മരങ്ങള്‍ക്കപ്പുറം മേഘങ്ങള്‍ മണ്ണിലേക്കോ, മഞ്ഞ് ആകാശ ത്തിലേക്കോ ഇറങ്ങി നില്‍ക്കുകയാണ്. കബളിപ്പിക്കുന്ന ഒരു ദൃശ്യം. ലോകം ഇവിടെ അവസാനിക്കുകയാണെന്ന് തോന്നും.

ജാമി എയ്‌സിന്റെ ‘ഗോഡ്‌സ് മസ്റ്റ് ബി ക്രേസിയില്‍ കൊക്ക-കോള ബോട്ടില്‍ ഉപേക്ഷിക്കാന്‍ കിളിമഞ്ചാരോയുടെ തുഞ്ചത്ത് നിക്‌സാ-ഉ എത്തുമ്പോള്‍ കാണുന്ന കാഴ്ചയാണിത്. അനന്തത വിശ്വസിക്കാവുന്ന സത്യമാണെന്ന് അയാള്‍ക്ക് എളുപ്പം മനസിലാകുന്ന ഒരു ദൃശ്യം.

തന്നെ വഹിക്കുന്ന ഒരേയൊരു വാഹനം തന്റെ കാലുകളാണെന്ന് ബോബ് മാര്‍ലി പറഞ്ഞത് ഓര്‍മ വരും.

WP_20160604_15_50_38_Panorama

നഗരത്തില്‍, തിരക്കില്‍, മഴയില്‍ ഒക്കെയും പങ്കെടുത്ത കാലുകള്‍- അതു താങ്ങുന്ന ഹൃദയം, വലിയൊരു യാത്രയ്ക്കപ്പുറം തളര്‍ന്ന് നില്‍ക്കുമ്പോള്‍ കാണുന്ന കാഴ്ച്ച യാണിത്. അനന്തത വലിയൊരു ‘പൊയ്യാ’ണെന്ന് ഉരുവിട്ടു പഠിച്ചവന്‍ അതിനോട് താദാത്മ്യപ്പെടാന്‍ പ്രയാസപ്പെടുന്ന രംഗം.

ഇളം നിറങ്ങള്‍ എല്ലാം ഒലിച്ചിറങ്ങി അവയില്‍ നിന്ന് വേര്‍പെട്ട മരവിപ്പുകള്‍ മരം കോച്ചുന്ന തണുപ്പാകുകയാണ്. മൊബൈല്‍ഫോണില്‍ തണുപ്പ് 15 ഡിഗ്രിയാണെന്ന് പറയുന്നു. രണ്ടാം ജാക്കറ്റ് വലിച്ചു കയറ്റി വിളക്കിനെ പിന്തുടരുന്ന പ്രാണികളെപ്പോലെ തെരുവു ലൈറ്റുകള്‍ക്ക് കീഴിലൂടെ വരിതെറ്റാതെ ഞങ്ങള്‍ മുടിപ്പിന്‍ വളവുകളിലൂടെ ഓടിച്ചു പോന്നു.

പിറ്റേന്ന്, എടുത്തു കൂട്ടിയ ഫോട്ടോകള്‍ ചികഞ്ഞപ്പോള്‍ ഇളം നിറങ്ങളുടെ മരവിപ്പല്ലാതെ മറ്റൊന്നും അവയില്‍ അവശേഷിച്ചിരുന്നില്ല.

Advertisements

കാട്ടില്‍ കൊഴിഞ്ഞില്ല, ആ നാട്ടു പൂവ്

ട്വിറ്റര്‍ ഫീഡിലെ 140 അക്ഷരങ്ങള്‍ക്കുള്ളിലാണ് നടുക്കത്തോടെ ആ വാര്‍ത്ത വന്നത്. ജപ്പാനില്‍, ഒരമ്മയും അച്ഛനും ഏഴു വയസ്സുകാരന്‍ മകനെ കാട്ടിലേക്ക് പറഞ്ഞയച്ചു. അവന്റെ വലിയൊരു കുസൃതി-കാറിലിരുന്ന് മറ്റുള്ളവരെ കല്ലെറിയുക. ഒരു പാഠം പഠിപ്പിക്കാന്‍ മകനെ കാറില്‍ നിന്ന് ഇറക്കിവിട്ട് മാതാപിതാക്കള്‍, അവന്‍ പഠിച്ച പാഠം എന്തെന്നറിയാന്‍ തിരികെ വന്നപ്പോള്‍ യമാട്ടോ തനൂക്ക എന്ന ‘അവന്‍’ അവന്റെ പാടും നോക്കി പോയി. കറുമ്പന്‍ കരടികളേറെയുള്ള ഒരു കാട്ടിലേക്ക് കൈയ്യില്‍ കരുതിയ കല്ലുകളുമായി ഒരു ഏഴു വയസ്സുകാരന്‍. ഇന്ത്യയില്‍ പ്രതിദിനം 120 കുട്ടികള്‍ കാണാതാകുന്നുണ്ടെന്നറിയാം.അതിലൊന്നും ഹൃദയ വേദനയില്ലാതെ അങ്ങ് ജപ്പാനില്‍ കാടു കയറാന്‍ പോയ യമാട്ടോ തനൂക്കയെക്കുറിച്ച് എന്തിന് ആവലാതി? ആവോ, അറിയില്ല. കുറ്റവും ശിക്ഷയും വിധിച്ച് ന്യായാധിപര്‍ ഒരിടവേള കൊടുത്തപ്പോള്‍ പച്ചപ്പിലേക്ക് കയറിപ്പോയ വിചാരണത്തടവുകാരനോട് തോന്നിയ അസൂയ കൊണ്ടാകണം, അവനെ തെരഞ്ഞു കാട് കയറിപ്പോയവരെപ്പോലെ ഞാനും വഴിക്കണ്ണുമായി പിറകെ കൂടിയത്. ദിവസം ഒന്നു പിന്നിട്ടു, രണ്ട് കഴിഞ്ഞു, മൂന്നും നാലും രാവുകള്‍ ഇരുട്ടി വെളുത്തു. തനൂക്ക തിരികെ വന്നില്ല. കുഴിഞ്ഞ കണ്ണുകള്‍, ചുരുട്ടിയ മുഷ്ടികള്‍, പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത മുഖത്ത് ഈര്‍ക്കില്‍ക്കമ്പു കൊണ്ടു വരച്ചു ചേര്‍ത്തതുപോല തോന്നിപ്പിച്ച ചുണ്ടുകളുള്ള തനൂക്കയുടെ പഴയ ചിത്രം ബിബിസി ഇടയ്ക്ക് പ്രസിദ്ധീകരിച്ചു. ഓരോ ദിവസവും കൊഴിയുമ്പോഴും പേടികളും കൂടി വന്നു. എങ്കിലും കേള്‍ക്കാന്‍ ഏറ്റവും ദുഷിച്ച വാര്‍ത്തയില്‍ നിന്ന് എല്ലാവരും പിന്നോട്ടു വായിക്കാന്‍ തുടങ്ങി, ഇല്ല ഒരു മുത്തശ്ശിക്കഥപോലെ ഇതവസാനിക്കും. അഞ്ചാം നാള്‍ രാത്രി – ഇനിയും അവനെ കണ്ടെത്താനായില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് എഴുതിയതിന്റെ പിറ്റേന്ന്, കാടിനുള്ളിലെ ഒരു സൈനിക കേന്ദ്രത്തിനടുത്ത് നിന്ന് തനൂക്കയെ കണ്ടുകിട്ടി. അഞ്ചര കിലോമീറ്റര്‍ നടന്ന് സൈനിക ക്യാമ്പിലെ കുടിവെള്ള ടാപ്പിനു കീഴെതനൂക്ക വനവാസം അവസാനിപ്പിച്ചു. അഞ്ച് ദിവസങ്ങള്‍ക്കുശേഷം അവന്‍ കണ്ട ‘ആദ്യ മനുഷ്യനാ’യ പട്ടാളക്കാരനോട് അവനെന്താകും പറഞ്ഞത്? കാട്ടില്‍ കരടികളെ കണ്ടത് എന്തായാലും പറയാന്‍ ഇടയില്ല. കൊഴിഞ്ഞുപോകാതെ അഞ്ചു നാള്‍ കാട് കാത്ത, ആ നാട്ടുപൂവ് ഇപ്പോള്‍ ജപ്പാനിലെ ഒരു ആശുപത്രിയിലുണ്ട്. പുതിയൊരു പ്രഭാതത്തില്‍ അത് വീണ്ടും വിരിയും.

You’re staying home. The sun is shining but it’s raining.

– Akira Kurosawa’s Dreams