ആരുടെ’മാതൃഭൂമി’?

നീണ്ട കുറിപ്പാണ്, വായിച്ചു തുടങ്ങിയാല്‍ അവസാനം വരെ വായിക്കാന്‍ ശ്രമിക്കണം
…………….

ഞാന്‍ ഒരു വര്‍ഷം ജോലി നോക്കിയ പത്രമാണ് മാതൃഭൂമി. ഒരു വര്‍ഷം ഒരു മാധ്യമസ്ഥാപനത്തില്‍ വളരെ ചെറിയ സമയമാണെന്ന് വാദിക്കാം. ശരിയാണ്, എങ്കിലും അല്ലെന്നും അഭിപ്രായപ്പെടാമല്ലോ. മാതൃഭൂമി അന്ധമായി കേരളത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് രാഷ്ട്രീയത്തെ പിന്‍പറ്റുകയോ, എതിര്‍ക്കുകയോ ചെയ്യുന്ന പത്രമല്ല. അതിന് രാഷ്ട്രീയമുണ്ട് (എല്ലാ പത്രങ്ങളും അവകാശപ്പെടും പോലെ ജനങ്ങളുടെ പക്ഷം എന്ന അബദ്ധമൊന്നും അല്ലെന്ന് പറയേണ്ടതില്ലല്ലോ) എങ്കിലും ആ രാഷ്ട്രീയം ഏതെങ്കിലും പ്രബല രാഷ്ട്രീയ കക്ഷിയുടെ ഓരം പറ്റിയല്ല.

മാതൃഭൂമിയുടെ ഒരു ഉടമ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ്. കേരളത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്ന വലിയ പാര്‍ട്ടിയല്ല അത്, അതുകൊണ്ടുതന്നെ ആ രാഷ്ട്രീയവും അമിതമായി ഗ്ലോറിഫൈ ചെയ്യുന്നത് മാതൃഭൂമിയുടെ രീതിയല്ല.

മതങ്ങളുടെ കാര്യത്തിലും മാതൃഭൂമിയുടെ നിലപാട് ഇതുതന്നെയാണ് എന്ന് ബോധ്യമുള്ളയാളാണ് ഞാന്‍. പത്രത്തിന് അന്ധമായി ഏതെങ്കിലും മതത്തോട് വെറുപ്പോ, വിയോജിപ്പോ ഇല്ല. മാതൃഭൂമിയുടെ പ്രാദേശിക പേജുകളില്‍ അമ്പലങ്ങളിലെ ചടങ്ങുകളാണ് കൂടുതലെന്നും ഹൈന്ദവ ചായ്‌വാണ് പത്രത്തിനെന്നും ഒരു പൊതു ആരോപണം ഉണ്ട്. അത് പൂര്‍ണമായും ശരിയല്ല. ഹിന്ദു ക്ഷേത്രങ്ങളിലെ വാര്‍ത്തകള്‍ കൂടുതല്‍ ഉണ്ടെന്നത് ശരിയാണ് പക്ഷെ മറ്റ് ചടങ്ങുകളോട് ഒരു വിവേചനവും പുലര്‍ത്താറില്ല. അതുമാത്രവുമല്ല, പ്രാദേശിക പേജിലെ നിലപാടുകളല്ല പത്രത്തിന്റെ എഡിറ്റോറിയല്‍ സ്റ്റാന്‍ഡേര്‍ഡ്.

സ്വവര്‍ഗ്ഗലൈംഗികതയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാടിനെ തള്ളാനും, മനോരമയെപ്പോലെ ആ വാര്‍ത്ത ഉള്‍പ്പേജിലേക്ക് വലിക്കാതെ ശക്തമായി വിഷയത്തില്‍ ഇടപെടുകയും ചെയ്ത പത്രമാണ് മാതൃഭൂമി. അമൃതാനന്ദമയീ വിഷയത്തില്‍ മൗനം അവലംബിച്ചതിന് പത്രം വളരെയധികം വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

എങ്കിലും ഏതെങ്കിലും തരത്തിലുള്ള വെറുപ്പ് ഈ പത്രം ഉല്‍പ്പാദിപ്പിച്ചിട്ടില്ല. ആ വിചാരത്തിന് വലിയ മങ്ങല്‍ ഏല്‍പ്പിച്ചാണ് തൃശ്ശൂര്‍, കോഴിക്കോട് നഗരം പേജുകളില്‍ സാമാന്യയുക്തിക്ക് ഒരു തരത്തിലും നിരയ്ക്കാത്ത ഒരു കമന്റ് ഇസ്ലാമിക പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് പ്രസിദ്ധീകരിച്ചത്. മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന ഒരാളും ചെയ്യുമെന്ന് ഒരു തരത്തിലും വിശ്വസിക്കാന്‍ കഴിയാത്ത തെറ്റായിരുന്നു അത്. പറ്റിയത് ഗുരുതരപിഴവാണ് എന്ന് കണ്ട് പത്രം അത് തിരുത്തി.

നഗരം ഒരു പ്രാദേശിക പേജാണ്, അതിന്റെ ചുമതലയുള്ളയാള്‍ മാത്രമാണ് അത് പരിശോധിക്കാറ് (ലിഖിത നിയമങ്ങള്‍ അങ്ങനെയല്ല). സോഷ്യല്‍ മീഡിയ പംക്തികള്‍ ഒട്ടും മാരകമല്ല എന്നതുകൊണ്ട് – പ്രധാന പത്രത്തിന്റെ തിരക്കില്‍ നിന്ന് അവധിയെടുത്ത് വന്ന് എഡിറ്റര്‍ അത് പരിശോധിക്കാറില്ല. ഇവിടെ ഒരുപക്ഷെ അയാള്‍ പേജ് പോലും കണ്ടിട്ടില്ലെന്ന് ഉറപ്പാണ്.

എന്തായാലും ഗുരുതരമായ തെറ്റിന് മാതൃഭൂമി നിര്‍വ്യാജം ഖേദിച്ചു. മാതൃഭൂമിയുടെ ലേബലില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്ന തെറ്റായതുകൊണ്ടും പ്രതിഷേധം തീവ്രമായതുകൊണ്ടും രണ്ട് പ്രാദേശിക എഡിഷനുകളില്‍ സംഭവിച്ച തെറ്റിന് കേരളത്തിലെ മുഴുവന്‍ എഡിനുകളിലും ആദ്യ പേജില്‍ മാതൃഭൂമി ഖേദപ്രകടനം നടത്തി.

അതിന് ശേഷം എന്താണ് പക്ഷെ നടന്നത്? ഞാന്‍ വിവിധ ബ്യൂറോകളിലെ എന്റെ മാതൃഭൂമി സുഹൃത്തുക്കളോട് സംസാരിച്ചു. നിരന്തരം ഫോണ്‍കോളുകള്‍ ആണ് എല്ലായിടത്തും വന്നത്. ഭൂരിപക്ഷവും സഭ്യമാണെന്ന് തന്നെ പറയട്ടേ, പക്ഷെ ചിലത് അങ്ങനെയല്ലെന്ന് പറയുന്നതില്‍ ഒരു മടിയുമില്ല.

ഉദാഹരണത്തിന് തൃശ്ശൂര്‍ ബ്യൂറോയില്‍ വന്ന ഒരു ഫോണ്‍കോള്‍ ആവശ്യപ്പെട്ടത്, തെറ്റ് വരുത്തിയ സബ് എഡിറ്ററുടെ പേരും മേല്‍വിലാസവും ആണ്. അയാളെ കൊന്നു കളയുമെന്ന് ഭീഷണിയും മുഴക്കി.

ഈ വധഭീഷണി യഥാര്‍ത്ഥമാണെന്ന് കരുതുന്നില്ല, തികച്ചും വൈകാരികമായി ഏതെങ്കിലും മതയാഥാസ്ഥികന്‍ പ്രതികരിച്ചതായിരിക്കും. എങ്കിലും മുതലെടുപ്പ് ചിലര്‍ തുടര്‍ന്നു. ചിലര്‍ ബ്യൂറോകളില്‍ വിളിച്ച് തെറി പറഞ്ഞ് ആത്മാഭിമാനം വീണ്ടെടുത്തു. ചിലര്‍ പത്രം കത്തിക്കുന്നതില്‍ സന്തോഷം കണ്ടെത്തി. കഴിഞ്ഞ ദിവസം ഒരു കലോത്സവ വേദിയില്‍ വിദ്യാര്‍ത്ഥികളുടെ ദഫ്മുട്ട് പ്രകടനം ചിത്രം പകര്‍ത്താന്‍ എത്തിയ മാതൃഭൂമി ഫോട്ടോഗ്രാഫറോട് ചിത്രമെടുക്കേണ്ടെന്ന് കുട്ടികള്‍ പറഞ്ഞു. മതം അതിവൈകാരികമായത് കൊണ്ട് ഇത്തരം പ്രതികരണങ്ങളില്‍ ഒന്നും പ്രത്യേകിച്ച് ഒരു പ്രതികരണവും നടത്തുന്നില്ല. ഇതെല്ലാം കണ്ടു നില്‍ക്കാന്‍ ഭംഗിയുണ്ടെന്ന് ചിലര്‍ കരുതുന്നുണ്ടല്ലോ.

ന്യൂമാന്‍ കോളേജ് പ്രൊഫസര്‍ക്ക് സംഭവിച്ചതുപോലെ ഒരു ദിവസം രാവിലെ ആരും കാത്തു നിന്ന് മാതൃഭൂമി സബ്എഡിറ്ററെ ആക്രമിക്കുമെന്ന്( ആ വാക്ക് മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ്) തമാശയ്ക്ക് പോലും ഞാന്‍ ചിന്തിക്കുന്നില്ല. ഇനി ആ സംഭവം ആവര്‍ത്തിക്കപ്പെട്ടാല്‍ അത് ഞങ്ങളുടെ മതമല്ല, അവര്‍ ഞങ്ങളുടെ മതസ്ഥരല്ല എന്നു പറഞ്ഞ് മോഡറേറ്റ് വിശ്വാസികള്‍ക്ക് ഒഴിയാം.

ഈ സംഭവത്തോടെ തീവ്ര ഹിന്ദുക്കളും ഉണര്‍ന്നിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ വര്‍ഷങ്ങളായി അപമാനിക്കുന്നതിന് എന്തേ മാതൃഭൂമി ഖേദം പ്രകടിപ്പിക്കുന്നില്ലെന്നാണ് ചോദ്യം. കൊന്നും സംരക്ഷിക്കപ്പെടേണ്ടതാണ് മതം എന്ന് ചിന്തിക്കുന്ന ചിലരെയെങ്കിലും ഇത്തരം കൈപ്പിഴകള്‍ ഉല്‍ബോധിപ്പിക്കുമെന്ന് നൂറ് ശതമാനം വിശ്വസിക്കുന്നു.

തെളിയാന്‍ തുടങ്ങുന്ന ഈ വെള്ളം വീണ്ടും കലക്കുകയും കൂടുതല്‍ ചെറുമീനുകളെ വലയിലാക്കുകയും ചെയ്യുന്നവര്‍ക്ക് അധികകാലം നല്ലകാലം ഉണ്ടാകരുതേ എന്നാണ് ഞാന്‍ ആശിക്കുന്നത്. ചോദ്യങ്ങള്‍ അങ്ങനെ നില്‍ക്കട്ടെ, ഉത്തരങ്ങള്‍ ആരെയും തൃപ്ത്‌പ്പെടുത്തില്ലെന്ന് ഉറപ്പാണ്. മാതൃഭൂമി സുഹൃത്തുക്കള്‍ ഒരു തെറ്റ് പോലും എഴുതാന്‍ ഇനി ധൈര്യപ്പെടരുത്. തിരുത്തല്‍ ഈ സമൂഹത്തില്‍ വലിയൊരു ബാധ്യതയാകുന്നു എന്നാണ് കണ്ടുവരുന്നത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s