നിരർത്ഥകതയുടെ മരണം

മനുഷ്യരെക്കുറിച്ച് വിചിത്രമായ ഒരു ഏടാണ് ഞാന്‍ എന്റെ ചിന്തകളില്‍ സൂക്ഷിക്കുന്നത്.

ജീവിതത്തെക്കുറിച്ചും എനിക്കുള്ള വീക്ഷണം മറ്റൊന്നല്ല. ഞാന്‍ അത് എങ്ങനെ നിങ്ങളോട് വിവരിക്കും. ശരി, എന്റെ ഒരു ദിവസം എടുക്കുക, അതിരാവിലെ എഴുന്നേല്‍ക്കണം എന്നത് ഭാരിച്ച കാര്യമായതുകൊണ്ട് എങ്ങനെയൊ ഞാന്‍ ഒന്നുമല്ലാത്ത ഒരു നേരത്ത് എഴുന്നേല്‍ക്കുന്നു. അതായത് വൈകിയിട്ടുമില്ല, എന്നാല്‍ നേരത്തെയും അല്ല. ഇനി എല്ലാം നേരെയാക്കി പുറത്തേക്ക് ഇറങ്ങാനുള്ള ഓട്ടമാണ്.

ബാഗില്‍ നിന്ന് ഇന്നലത്തെ കറിപാത്രങ്ങള്‍ മാറ്റണം, പഴയ പ്രിന്റ് ഔട്ടുകള്‍ കളയണം, പഴ്‌സ് നോക്കി ചില്ലറകള്‍ തിട്ടപ്പെടുത്തണം, ഹാന്‍ഡ്-കെര്‍ച്ചീഫ് കണ്ടുപിടിക്കണം, ചോറ് എടുത്തോ എന്ന് അമ്മയോട് ഇടക്ക് ചോദിച്ച് ഉറപ്പുവരുത്തണം, പുരാതനമായ എന്റെ സോക്‌സുകള്‍ കണ്ടെത്തണം. ഷര്‍ട്ട് തേച്ചിട്ടില്ലെങ്കില്‍ അതിന് നേരം കണ്ടെത്തണം. കുളിക്കണം, ബ്രഷ് കണ്ടെത്തി പല്ല്‌തേക്കണം. ഭക്ഷണം കഴിച്ചെന്ന് വരുത്തണം. ഒടുവില്‍, നാല്‍പ്പത് മിനുട്ടില്‍ തയ്യാറായി റോഡിലേക്ക് ഇറങ്ങണം. ഇതാണ് ഞാന്‍ നിരന്തരം രാവിലെ ചെയ്യുന്നത്. ഇതാണ് എന്നെ സംബന്ധിച്ച് രാവിലെ എന്നാല്‍. അതി ഭീകരവും, മടുപ്പുളവാക്കുന്നതുമായ ഈ കൃത്യങ്ങളാണ് എന്റെ ദിനചര്യ.

ഇന്ന് ഈ ചിന്ത എനിക്കുണ്ടായി;

എല്ലാ മനുഷ്യനും ഇഷ്ടത്തോടെയും ചിലപ്പോള്‍ അല്ലാതെയും ചെയ്യുന്ന ഈ കാര്യങ്ങളെല്ലാം ഒതുക്കി ഞാന്‍ ഓഫിസിലേക്ക് തിരിക്കുന്നു. നല്ലത്.!.

എന്തൊക്കെയാണ് ചെയ്ത് തീര്‍ക്കാനുള്ളതെന്ന് ഞാന്‍ ചിന്തിക്കുന്നു; നാളെ ഫയല്‍ ചെയ്യാനുള്ള വാര്‍ത്തകള്‍ ഉണ്ട്, അവ നാളെ ഫയല്‍ ചെയ്‌തേ പറ്റു. ഇല്ലെങ്കില്‍ എന്താണ്.? ഇല്ലെങ്കില്‍ എന്നൊരു ചോദ്യമില്ല. ശരി.. എല്ലാം ഞാന്‍ ചെയ്‌തേപറ്റു.

ഒളിച്ചോടാന്‍ പറ്റില്ല. ഞാന്‍ ചെയ്യണം, ഞാന്‍ സംസാരിക്കണം, ഞാന്‍ മനസ്സിലാക്കി നല്‍കണം, ഞാന്‍ ദേഷ്യപ്പെടണം, ഞാന്‍ സ്‌നേഹിക്കണം, ഞാന്‍ തഴുകണം, ഞാന്‍ ചുംബിക്കണം, ഞാന്‍ കരയണം.. അതേ.. ഞാന്‍ ചെയ്യേണ്ടതാണ് ഇതെല്ലാം.. പക്ഷെ ചിന്തിക്കുക, ഇങ്ങനെ,

ഇതെല്ലാം ചെയ്യണ്ട ഞാന്‍, ചെയ്യുമെന്ന് വാശിയുള്ള ഞാന്‍, ചെയ്യാന്‍ വിധിക്കപ്പെട്ട ഞാന്‍, ചെയ്തുതീര്‍ക്കേണ്ടതെല്ലാത്തിന്റെയും സമ്മര്‍ദ്ദം താങ്ങുന്ന ഞാന്‍ അതി ദാരുണമായി, അതി ഭീകരമായി ഒരു വലിയ ട്രക്കിനടിയില്‍ പെട്ടുപോകുകയാണ്.

അതിന്റെ എണ്ണിയെടുക്കാന്‍ വയ്യാത്ത അത്ര ചക്രങ്ങള്‍ എന്റെ താരതമ്യേന ചെറിയ ശരീരത്തിലൂടെ കയറിയിറങ്ങിപ്പോയി.

എനിക്ക് ബോധമുണ്ട്, അല്ലെങ്കില്‍ ബോധ്യമുണ്ട്. ഞാന്‍ ഒരു അരമണിക്കൂര്‍ക്കൂടി തികച്ചു ജീവിച്ചേക്കില്ല, ഇനി എങ്ങാനും ചില അവയവങ്ങള്‍ നഷ്ടപ്പെട്ട് ജീവിക്കേണ്ടി വന്നാല്‍ അത് കട്ടിലില്‍ ആയിരിക്കും-അത് എനിക്ക് ജീവിതമല്ല.

എങ്കിലും ഞാന്‍ ആലോചിക്കുകയാണ്. ട്രക്കിന്റെ ചക്രങ്ങള്‍ക്ക് കീഴെ, ചോരകൊണ്ട് ചുറ്റും ചിത്രപ്പണികള്‍ ഉള്ളപ്പോള്‍ ഞാന്‍ എന്റെ അമ്മയോട് ചോദിക്കുകയാണ്.. എന്തിനായിരുന്നു എന്റെ ഓട്ടങ്ങള്‍ അത്രയും?

അമ്മ കേള്‍ക്കുന്നുണ്ടോ.?

എന്തിനായിരുന്നു അതിരാവിലെ ഞാന്‍ എഴുന്നേറ്റത്, ടൂത്ത് ബ്രഷ് മുതല്‍ സോക്‌സ് വരെയുള്ള പ്രാകൃത ഉപകരണങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ് ഇല്ലാത്ത നേരം ഞാന്‍ ഉണ്ടാക്കിയത്. ആളുകള്‍ കുത്തിനിറഞ്ഞ ഒരു ബസ്സിന് പിന്നാലെ പാഞ്ഞ് ഇല്ലാത്തയിടം ഉണ്ടാക്കി നഗരത്തിലേക്ക് വന്നത്.

ഒരു ട്രക്കിന്റെ എണ്ണമില്ലാത്ത ചക്രങ്ങളുടെ ഉരുളലിന് ഉടല്‍വച്ച് കൊടുക്കാനോ.?

അതായത് മരിക്കാനായി ആയിരുന്നുവോ കഷ്ടപ്പെട്ട് ഞാന്‍ ജനിച്ച് ഇത്രേടംവരെ ഓടിയെത്തിയത്.

ആരാണ് ജീവിച്ചിരിക്കുന്നത്? അതോ എല്ലാവരും എന്നെപ്പോലെ മരിച്ചു കഴിഞ്ഞുവോ.?

സാധാരണക്കാരെപ്പോലെ പെരുമാറാന്‍ ചിലര്‍ ചെലവാക്കുന്ന അസാധാരണ ഊര്‍ജ്ജത്തെപ്പറ്റി നിങ്ങള്‍ക്കറിയില്ല

-അല്‍ബേര്‍ കമ്യു (edit)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s