ദി പിയാനിസ്റ്റ്

രണ്ടാമതൊരിക്കല്‍ക്കൂടി കാണാന്‍ നിങ്ങള്‍ താല്‍പര്യപ്പെട്ടേ-ക്കില്ലാത്തവിധം ‘ഭീകരമായ’ ചലച്ചിത്രമാണ് റൊമാന്‍ പൊളന്‍സ്‌കിയുടെ ‘ദി പിയാനിസ്റ്റ്’.

നാസി മനുഷ്യവിരുദ്ധത- ഹോളോകോസ്റ്റിന്റെ ദുരന്തമുഖങ്ങള്‍ പകര്‍ത്തിയ ചലച്ചിത്രങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും, എനിക്ക് ഉറപ്പാണ്, പിയാനിസ്റ്റിനൊപ്പം നില്‍ക്കുന്ന ഒരു സിനിമ ഉണ്ടാകില്ല.

യാഥാര്‍ത്ഥ്യം എത്രമാത്രം ക്രൂരമാണെന്നും, ക്യാമറയിലൂടെ അത് എത്ര സൗന്ദര്യമുള്ളതാണെന്നും പിയാനിസ്റ്റ് നിങ്ങളെ പഠിപ്പിക്കുന്നു. കണ്ണീരോടെയല്ലാതെ ഈ ചലച്ചിത്രം കണ്ടുതീര്‍ക്കാന്‍ എനിക്ക് കഴിയാറില്ല.

മനുഷ്യന്റെ ഒന്നിലധികം മുഖങ്ങളാണ് പിയാനിസ്റ്റ് പകര്‍ത്തിയത്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ജീവിതം പൊളാന്‍സ്‌കിയെ അത് എളുപ്പമാക്കി.

അതിമനോഹരമായ ഒരു പിയാനോ സംഗീതത്തോടെയാണ് സിനിമ തുടങ്ങുന്നത്. അത് വായിക്കുന്ന വ്‌ലാഡേക്ക് സ്പില്‍സ്മാന്റെ വിരലുകള്‍ അഡ്രിയന്‍ ബ്രോഡി എന്ന അതുല്യനടന്‍ സിനിമയില്‍ കടംകൊള്ളുന്നു.

നീണ്ടു സുന്ദരമായ ആ വിരലുകളോട് നാസിഭീകരത എന്തു ചെയ്തു എന്നാണ് പിയാനിസ്റ്റ് പറയുന്നു. ഈ ചിത്രത്തില്‍ ആരും അഭിനയിക്കുന്നില്ല, അതുകൊണ്ട് കൂടി ഈ സിനിമ അസൂയപ്പെടുത്തുന്നു.

1940ല്‍ പോളണ്ടിലെ വാഴ്‌സോ ജില്ലയുടെ ഒരു കോണിലേക്ക് ജൂതരുടെ ജീവിതങ്ങള്‍ ഒതുങ്ങിപ്പോയി. തകരപ്പെട്ടികള്‍, തുകല്‍ ഷൂസുകള്‍, കളിപ്പാവകള്‍. അവയ്‌ക്കൊപ്പം ജീവിതം തന്നെയും ചുടുകട്ടകള്‍ കൊണ്ടുണ്ടാക്കിയ മതിലുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയി.

മനുഷ്യന് മറ്റൊരു മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതകളുടെ പെരുക്കപ്പട്ടികയായിരുന്നു ഹോളോകോസ്റ്റ്.

മരണത്തിലേക്ക് ജൂതര്‍, ട്രെയിന്‍ കയറി പോകുന്ന ഒരു രംഗമുണ്ട് ചിത്രത്തിന്റെ 49th മിനുട്ടില്‍. ഇരുമ്പിന്റെ താഴിട്ട കമ്പാര്‍ട്ട്‌മെന്റുകള്‍ ഒന്നൊന്നായി ചലിച്ചു തുടങ്ങുമ്പോള്‍, ജൂതരെ യാത്രയയച്ച് പോലീസുകാരുടെ മറ്റൊരു നിര തീവണ്ടിപോലെ നടന്നകലന്നു.

ശേഷം വ്‌ലാഡേക്ക് സ്പില്‍സ്മാന്‍ എന്ന പിയാനിസ്റ്റ് തെരുവിലൂടെ ഒറ്റക്ക് കരഞ്ഞുകൊണ്ട് നടക്കുന്നു. അയാളുടെ കരച്ചിലിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ തെരുവിന്റെ നിശബ്ദത ഭഞ്ജിക്കുന്നു. അയാള്‍ക്ക് പിന്നില്‍ ജഡങ്ങളും ട്രങ്ക് പെട്ടികളും ചിതറിക്കിടക്കുന്നു.

മരണത്തിനും ജീവിതത്തിനും ഇടക്കുള്ള ദൂരങ്ങളിലേക്ക് മാറി മാറി എടുത്തെറിയപ്പെടുന്ന സ്പില്‍സ്മാന്‍ ഒടുവില്‍ ഹോളോകോസ്റ്റിനെ അതിജീവിക്കുന്നുണ്ട്, അയാളുടെ വിരലുകള്‍ കൊണ്ട് പിയാനോ സംഗീതം സൃഷ്ടിച്ചുതന്നെ.

the-pianist-3
Snapshot from The Pianist. Image: charlieelgar.files.wordpress.com

നാസി ഭീകരതയോടുള്ള എല്ലാ കലാകാരന്മാരുടെയും പ്രതികാരത്തിന്റെ ആകെത്തുകയാണ് ആ സംഗീതം. ആ രംഗം അവതരിപ്പിക്കുമ്പോള്‍ ജനാലയില്‍ നിന്ന് ദിവ്യമായ സൂര്യ വെളിച്ചത്തെ അകമ്പടിയായി സ്വീകരിക്കുന്നുണ്ട് പൊളന്‍സ്‌കി.

 

ജീവനോടെ ഇരിക്കുന്നു എന്ന വിശ്വസിക്കാന്‍ നാം പ്രയാസപ്പെടുന്ന ഒരു മനുഷ്യന്റെ ഉള്ളില്‍ സംഗീതം മരിക്കാതിരിക്കുന്നു എന്നത് അത്ഭുതപ്പെടുത്തും.

എല്ലാ ഫാസിസ്റ്റ് രൂപങ്ങള്‍ക്കും, രക്തച്ചൊരിച്ചിലുകള്‍ക്കും ഉള്ള മറുപടിയാണ് സംഗീതം. എത്രയൊക്കെ നശിപ്പിക്കാന്‍ ശ്രമിച്ചാലും ഒരു മനുഷ്യനില്‍ നശിക്കാതെ അവശേഷിക്കുന്നതെന്തൊക്കെയോ ഉണ്ടെന്ന് നമുക്ക് തിരിച്ചറിവ് നല്‍കുന്നുമുണ്ട് പിയാനിസ്റ്റ്.

മരണം എന്നത് എല്ലാത്തിന്റെയും അവസാനമാണെന്ന് കരുതുന്ന, വെറുക്കപ്പെട്ട ചെയ്തികള്‍കൊണ്ട് അതിന് കളമൊരുക്കുന്നവരുടെ പ്രതിരോധങ്ങള്‍ക്ക്‌മേല്‍ കലാകാരന്മാര്‍ പ്രതീക്ഷ സ്വപ്‌നം കാണുന്നു.

കൊലയും കൂട്ടക്കുരുതിയും മാത്രം യാഥാര്‍ത്ഥ്യങ്ങളായിരുന്ന ബാല്യത്തില്‍ നിന്ന് ഒരു റൊമാന്‍ പൊളന്‍സ്‌കി ചലച്ചിത്രകാരനായെങ്കില്‍ സത്യം ഇതാണ്, കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല.

കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല
ചെ.

Features Image Courtesy : media.rvanews.com

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s