കാത്തിരിപ്പ്

ഇടയ്‌ക്കെല്ലാം എനിക്ക് തോന്നും ജീവിതത്തിന്റെ, ദിവസങ്ങളുടെ ആത്യന്തികമായ രഹസ്യം കാത്തിരിപ്പ് ആണെന്ന്. ജനാലകള്‍ക്ക് പുറത്തേക്ക് ഒളിഞ്ഞും തെളിഞ്ഞും അയക്കുന്ന നോട്ടങ്ങള്‍ക്ക് എന്താണ് അര്‍ത്ഥം എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ആരും വരില്ലെന്ന് ഉറപ്പുണ്ടായിട്ടും എന്തുകൊണ്ടാണ് നോട്ടങ്ങള്‍ പാളുന്നത്.

എല്ലാവരും ആരെയൊക്കെയോ, എന്തിനെയൊക്കെയോ കാത്തിരിക്കുകയാണ്. സന്തോഷിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, കാത്തിരിക്കുന്നതിനെ മാത്രം ബോധ്യപ്പെടുത്താവുന്ന വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില കാത്തിരിപ്പുകള്‍.

‘നാനീ മക്ഫീ ആന്റ് ദി ബിഗ് ബാങ്ങ്’ എന്ന കൊച്ചു ഇംഗ്ലീഷ് സിനിമയില്‍ ഇത്തരം ഒരു കാത്തിരിപ്പുണ്ട്. സൈനികനായ ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യയും മൂന്ന് കുട്ടികളും. സ്വപ്‌നം പോലെ പ്രകൃതി ഒരുക്കിയ ഒരു ഇംഗ്ലീഷ് കണ്‍ട്രിയില്‍ ചോളത്തോട്ടത്തിനുള്ളില്‍ അവര്‍ അയാളെ കാത്തിരിക്കുകയാണ്.

യുദ്ധത്തിനിടയില്‍ അയാളെ കാണാതായെന്ന് അവരെ അറിയിക്കാന്‍ എത്തുന്ന ഒരു ടെലഗ്രാം ആണ് ആ സിനിമയിലെ ഏക വില്ലന്‍. സന്തോഷങ്ങളുടെ കൊച്ചിളവെയിലിനെ കാര്‍മേഘം കൊണ്ട് മൂടുന്ന ഒരേയൊരു രംഗവും അതാണ്. ഒരു കാത്തിരിപ്പ് കരിയുന്ന നിമിഷം.

Image Courtesy : www.joeutichi.com
Nanny McPhee Return / Universal Pictures – 2010

അതിനേക്കാള്‍ ഉദ്യേഗം നിറഞ്ഞ ഒരു കാത്തിരിപ്പുണ്ട് ലോകസാഹിത്യത്തില്‍. ഗാര്‍സിയ മാര്‍ക്വേസിന്റെ ‘കേണലിനാരും എഴുതുന്നില്ല’ എന്ന ലഘു നോവല്‍. 13 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിലാണ് കേണല്‍, അയാള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പെന്‍ഷനും കാത്ത്.

ദിവസങ്ങള്‍ കൊഴിയുമ്പോള്‍, ഋതുക്കള്‍ മാറുമ്പോള്‍ കേണല്‍ പ്രതീക്ഷ വെടിയുകയാണ്. പക്ഷെ അയാള്‍ കാത്തിരിക്കുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ പെന്‍ഷന്‍ വന്നേക്കാം. ഒരു ദശാബ്ദമത്രയും അയാളെ ജീവിപ്പിച്ചതും ഇതേ കാത്തിരിപ്പു തന്നെ, കാത്തിരിക്കാന്‍ അയാള്‍ക്ക് കാരണമുണ്ടായിരുന്നു എന്നര്‍ത്ഥം. കാത്തിരിപ്പുകള്‍ ദീര്‍ഘമാകുമ്പോള്‍ ഉള്ളിലെ തീക്കനലുകള്‍ ശക്തമാകുന്നുവെന്നാണ് മിക്കപ്പോഴും ആളുകള്‍ എഴുതിയിട്ടുള്ളത്.

മഴയില്‍, മഞ്ഞില്‍, ഇലകള്‍ മരിച്ച ശിശിരത്തില്‍, മരീചികകള്‍ മാത്രമുള്ള ഗ്രീഷ്മത്തില്‍, ദിവസങ്ങളുടെ ആവര്‍ത്തനത്തെ ഭേദിച്ച് കാത്തിരിക്കുന്നവര്‍ വരുമെന്നും അവരുടെ കൈകളില്‍ പഴയ ഭൂതകാലത്തിന്റെ ഇളംചൂടില്‍ ശരീരം ഒതുക്കി മനസ്സിലെ ശിശിരത്തെ അലിയിച്ചു കളയണമെന്നും ചിന്തിക്കാത്തവരുണ്ടോ. മറ്റെല്ലാത്തിനെയും പോലെ കാത്തിരിപ്പുകളെയും എനിക്ക് ഭയമാണ്, പക്ഷെ ഞാന്‍ കാത്തിരിക്കും…

വരുമെന്നു ചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാമതെന്നാലുമിന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളൊരാളാരോ വരുമെന്നു ഞാനെന്നും
വെറുതേ മോഹിക്കുമല്ലൊ
മധു മുട്ടം (മണിച്ചിത്രത്താഴ് 1993)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s