Mazha/ Rain/Monsoon

മഴയെപ്പറ്റി എത്ര പറഞ്ഞാലും തീരാത്തത് എന്തുകൊണ്ടാണ്.

മഴ വരുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയാണ് അത്. നമ്മുടെയൊക്കെ ഓര്‍മ്മകളില്‍ പ്രോഗ്രാം ചെയ്യപ്പെട്ട എന്തോ ഒന്ന്.

ജൂണ്‍ മുഴുവന്‍ മഴ പെയ്യുന്നു. സ്‌കൂള്‍ തുറപ്പ് മുതല്‍ ആദ്യ ഒരു മാസം മഴ എല്ലാത്തിനേയും നനച്ചു കളയുന്നത് എനിക്ക് ഓര്‍മ്മയുണ്ട്. ഇടവപ്പാതി പെയ്യുമ്പോള്‍, മാനത്ത് ഇരുണ്ടു കൂടിയ മഴക്കാര്‍ കാരണം സ്‌കൂളില്‍ പോകാതെ ടെലിവിഷന് മുന്നിലിരുന്ന് സിനിമകള്‍ കണ്ടൊരു കുട്ടിക്കാലമുണ്ട് എന്റെ പിന്നില്‍.

മഴയ്ക്ക് ജീവന്റെയും, മരണത്തിന്റെയും, ഓര്‍മ്മകളുടെയും, ലൈംഗികതൃഷ്ണകളുടെയും ഒരു മേല്‍പ്പുതപ്പ് കൂടിയുണ്ട്.

അന്നേവരെ കാണാത്ത ചില പച്ചജീവനുകള്‍ മഴയത്ത് കിളിര്‍ക്കും, മഴ പോലെ പുതുമയുള്ളത്. തൊടിയിലെ ഓരോ കുണ്ടും കുഴിയും ജീവന്റെ പുതിയ സമുദ്രങ്ങളാകും. തോട്ടില്‍ നിന്ന് മീനുകള്‍ പാടത്തേക്കും ആമകള്‍ വീട്ടുമുറ്റങ്ങളിലേക്കും വരും. കുളക്കോഴികള്‍ കുഞ്ഞുങ്ങളുമായി പുതിയ കാട്ടുപ്രദേശങ്ങള്‍ തേടും. അവകാശികളില്ലാത്ത ചക്കകള്‍ പ്ലാവില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യും. ഇടവഴികളില്‍ ഈച്ചയാര്‍ക്കും. കൂഴച്ചക്ക ചീഞ്ഞളിഞ്ഞ മണം കൊണ്ട് ആളുകള്‍ ഇടവഴി ഉപേക്ഷിക്കും. കിണറുകള്‍ നിറഞ്ഞ് കവിയും.

കിളികള്‍ കൂടുകള്‍ ഉപേക്ഷിക്കും. തേളുകള്‍ മണ്ണ് തുരന്ന് വീടുകളിലെ മണ്‍ചട്ടികള്‍ക്ക് കീഴിലും പുല്‍ച്ചൂലിനുള്ളിലും ഒളിക്കും. ഉറുമ്പുകള്‍ ജനാല വക്കുകളില്‍ കൊട്ടകണക്കിന് മണ്ണ് കൊണ്ടു വന്ന് തള്ളും. ചിറകു കുരുത്ത ഈയ്യലുകള്‍ ധ്യാനം ഉപേക്ഷിച്ച് മഴത്തുള്ളികള്‍ക്കിടയിലൂടെ വെളിച്ചം തേടി പോകുകയും രക്തസാക്ഷിത്വം വഹിക്കുകയും ചെയ്യും. കൂറകള്‍, കറുത്ത റബ്ബര്‍ മൂട്ടകള്‍, ചിതലുകള്‍ എന്നിവ കെര്‍ലോണ്‍ മെത്തയുടെ വിടവുകളിലൂടെ പരതി നടക്കും.

നമ്മള്‍ ഒളിപ്പിച്ചതെല്ലാം മഴ പുറത്തെടുക്കും. മഴ മണ്ണോട് ചേരും. കുതിരും. പഴയ കളിപ്പാട്ടങ്ങള്‍ അലിഖിത സന്ദേശങ്ങളോടെ ഉയര്‍ന്ന വരും. വളപ്പൊട്ടുകള്‍, മുത്തുകള്‍, വിമാനച്ചിറകുകള്‍, ഇനിയും നാരുകള്‍ നഷ്ടപ്പെട്ടിട്ടില്ലാത്ത ടൂത്ത് ബ്രഷുകള്‍, പിഞ്ഞിയ തലയിണകള്‍, അവയുടെ പള്ളയ്ക്കകത്ത് നിറച്ച വെട്ടുതുണികള്‍, ചൂണ്ട വള്ളികള്‍ എന്നിങ്ങനെ നമ്മള്‍ ഓര്‍മ്മയില്‍ നിന്ന് തള്ളിയതും ഓര്‍ക്കേണ്ടന്ന് വിചാരിക്കുന്നതുമായ എല്ലാം മഴ ഖനനം ചെയ്യും.

Rain unearths every memory

every piece of reminiscence

fragile and cursed; dumped to the

darkest  of corners of conscience.

Let it unearth every particle,

everything that we are, yet

we proclaim we are not.

മരണ വീടുകളില്‍ മഴ പാഞ്ഞ് നടക്കും. കര്‍മ്മങ്ങള്‍ക്കുള്ളിലെ മന്ത്രങ്ങള്‍ ജപിക്കും. ഈറനുടുത്തവരുടെ എല്ലുകളില്‍ തണുപ്പ് കോരിയിടും. ഈച്ചകളെ മരണത്തിന്റെ ഒപ്പീസ് പാടാന്‍ വിളിച്ചു വരുത്തും. ബലിക്കാക്കകള്‍ക്കായി തല്‍ക്കാലം പെയ്യേണ്ടന്ന് വെയ്ക്കും. മഴ കര്‍പ്പൂരത്തിന്റെ ഗന്ധത്തില്‍ പെയ്യും. കളഭത്തിന്റെ ചുവപ്പില്‍ കലരും. സെമിത്തേരികളില്‍ മരിപ്പ് കാത്തുനില്‍ക്കുന്നവര്‍ക്ക് മേല്‍ പരുന്തിന്റെ റാഞ്ചല്‍ കണ്ണുകളുമായി വട്ടം ചുറ്റും. മാര്‍ബിള്‍ പലകകള്‍ തമ്മില്‍ ഉരസുമ്പോള്‍ വിലാപ സ്വരത്തില്‍ കുടകളില്‍ വീണ് സങ്കടം പറയും.

മഴയ്ക്ക് മറ്റൊരു മുഖം കുട്ടികളോടാണ്. റബ്ബര്‍ തോട്ടത്തില്‍ ഇലയനക്കങ്ങള്‍ക്ക് പിന്നില്‍ മഴ ഒളിച്ച നില്‍ക്കും. ഇലകളില്‍ തട്ടി ഇരമ്പലോടെ വരും. കുട്ടികളെ ഓടിക്കും. പ്രണയിക്കുന്നവരുടെ ജനാലകളില്‍ മഴ പെയ്യും. ശരീരങ്ങള്‍ക്ക് എന്ത് ചൂടുണ്ടെന്ന് മഴ പറഞ്ഞു തരും.

…പക്ഷെ, ജൂണ്‍ ആരംഭത്തോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തുകയായി. പിന്നത്തെ മൂന്ന്മാസങ്ങള്‍ കാറ്റിന്റെയും മഴയുടെയുമാണ്…… 
……നാട്ടുമ്പുറത്തിന് താന്തോന്നിപ്പച്ച നിറം കൈവരും. മരച്ചീനിവേലികള്‍ക്ക് വേരും ഇലയും കിളിര്‍ത്ത് പറമ്പുകളുടെ അതിരുകള്‍ അവ്യക്തമാകും. ഇഷ്ടിക ഭിത്തികള്‍ക്ക് പായല്‍പ്പച്ച നിറമാവും. കുരുമുളകുവള്ളികള്‍, ഇലക്ട്രിക് പോസ്റ്റുകളില്‍ ചുറ്റിപ്പടര്‍ന്ന് കയറും. കാട്ടുവള്ളിത്തഴപ്പുകള്‍, ചെങ്കല്‍ത്തിട്ടുകളിലൂടെ തഴച്ച് വളര്‍ന്ന്, വെള്ളം മുങ്ങിയ റോഡുകളിലേക്കുകൂടി പടരും. അങ്ങാടിയിലൂടെ വള്ളങ്ങള്‍ വന്നും പോയുമിരിക്കും. പ്രധാനപാതയിലെ പി ഡബ്ലു ഡി കുണ്ടുകളിലും കുഴികളിലും നിറയുന്ന ചെളിവെള്ളത്തില്‍ കുഞ്ഞുമീനുകള്‍ പ്രത്യക്ഷപ്പെടും.

കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാന്‍, അരുന്ധതി റോയി
 Translated by Priya. A.S, The God of Small things

* ഈ പോസ്റ്റിന് ചിത്രം വരച്ചത് ഷമീര്‍.യു.ആര്‍

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s