യാത്രകള്‍ക്കിടയില്‍ ഇറങ്ങേണ്ടി വരുന്ന ഇടങ്ങള്‍

എട്ട് മണിക്കൂര്‍. ഇടക്ക് ഞരങ്ങിയും നിന്നും ഉഷ്ണക്കാറ്റിലെ പട്ടം പോലെ ഏറനാട് എക്‌സ്പ്രസ് കണ്ണൂര്‍ തീവണ്ടിയാപ്പീസില്‍ വന്നടുത്തു.

ട്രെയിനില്‍ ഞങ്ങളഞ്ചാളുടെ സംസാരമത്രയും കോഴിക്കോട് നിന്നോ മറ്റോ കേട്ടു കൊണ്ടിരുന്ന അമ്മച്ചിക്ക് പോലും വിഷമം തോന്നി. “പോവ്വാണോ നിങ്ങള്‍..?”  അവരുടെ മുഖം ചോദിച്ചു.

“അയ്യോ; എന്തിനാടാ പൊട്ടാ കണ്ണൂര് എറങ്ങിയെ, പയ്യന്നൂര്‍ ആടാ പോവണ്ടേ… അവടന്നാ കുഞ്ഞിമംഗലം” എന്ന് പലരും ഫോണില്‍ പറഞ്ഞു. നിഷിദയും, രാഖിയും ഒഴിച്ച്.

“ഒന്നൂല്ലാപ്പാ, നേരെ പയ്യന്നൂര്‍ ബസ്സ് പിടി, ഏഴിലോട് എറങ്ങ്, ഓനെ വിളിക്ക്.” – രണ്ടാളും പറഞ്ഞു.

ഓന്‍. അതായത് ബിനോയ് കുഞ്ഞിമംഗലം.അയാളുടെ കല്യാണത്തിനാണ് ഞങ്ങള്‍ പോകുന്നത്.

ഓനാണ് ഇപ്പോളത്തെ പ്രശ്‌നം. വണ്ടി പിടിക്കാം, ടിക്കറ്റ് എടുക്കാം, ഏഴിലോട് എറങ്ങാം… പക്ഷെ, ബിനോയ് ഫോണ്‍ എടുക്കുന്നില്ല പെങ്ങമ്മാരെ. നീണ്ട് നിവര്‍ന്ന് കിടക്കുന്ന തീവണ്ടിപ്പാളം പോലുള്ള കുഞ്ഞിമംഗലം ദേശത്ത്‌ എവിടേന്ന് പറഞ്ഞാ ഒരു ബിനോയെ തെരയുക, ഒരു കല്യാണ വീട് തെരയുക..?

എന്തായാലും ഇറങ്ങിത്തിരിച്ചാല്‍ ഞാന്‍ എത്തും. കൂടെ അഞ്ച് പേര് ഇല്ലെങ്കിലും എത്തും. ഏഴിലോട് ബസ്സ് ഇറങ്ങുമ്പോ ബിനോയ് കൃത്യം ഫോണിന്റെ തലക്കല്‍ എത്തി.

“ക്ഷമിക്കടാ.. തെരക്കായിപ്പോയി, ഫോണ്‍ കണ്ടില്ല, ഓ… ഇത്രേം യാത്ര ചെയ്ത് വന്നിട്ട്.. ച്ഛെ..23 മിസ് കോള്‍ അല്ലെ..!”

ആര്‍ക്കാണ് പരിഭവം, ഞങ്ങള്‍ക്കില്ല, തീര്‍ച്ച. പരിഭവിച്ച് തല മാത്രമുള്ള തീവണ്ടി ഓടിപ്പോയി. തെയ്യക്കോലം പോലെ ചോപ്പ് നിറം.

തലേന്ന് രാത്രി മിണ്ടിയും, പറഞ്ഞും, ഒച്ചവെച്ചും കഴിച്ചു കൂട്ടി. കുഞ്ഞിമംഗലം മാങ്ങകള്‍ തകരഷീറ്റിന് മുകളില്‍ വീണു. ആ ഒച്ച എന്നെ ഞെട്ടിച്ചു. കൊച്ചി ദൂരെയാണ്, വീട് അകലെയാണ്, ഒന്നും പേടിക്കാനില്ല, സ്വപ്‌നം കണ്ട് ഉറങ്ങ്…

എന്നത്തെയും പോലെ, എല്ലാ യാത്രകളെയും പോലെ പാതിരാക്ക് ഉറക്കമുളച്ച് ഞങ്ങള്‍ തമ്മില്‍ തല്ലി, സ്‌നേഹത്തിന്റെ, പെണ്ണുങ്ങളുടെ, ജീവന്റെ, ചേരിയുടെ, മതത്തിന്റെ ഒക്കെ പേരില്‍. നക്ഷത്രങ്ങള്‍ ഉറങ്ങാന്‍ പോകും വരെ ഞാന്‍ ഉണര്‍ന്ന് തന്നെ കിടന്നു. ആര്‍ക്കെങ്കിലും മുറിവേറ്റോ എന്ന് നോക്കാന്‍ മറന്നു. വാക്ക് ഞാന്‍ മൂര്‍ച്ച കൂട്ടി വച്ചു. തിരികെയും ഒരു യാത്രയുണ്ട്. ഒരു പാതിരാവുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം വാക്കുകൊണ്ട് തോറ്റം പാടേണ്ടതുണ്ട്.

ബിനോയേട്ടന്‍ കല്യാണം കഴിച്ചു. ഞങ്ങള്‍ കൂടെ നിന്ന് ഫോട്ടോ എടുത്തു. രണ്ട് ദിവസമായി കൊച്ചിക്കാരുടെ പത്രാസിന് നിഴല്‍ പോലെ നിന്ന പൈതങ്ങളില്‍ ഒരാള്‍ ഞങ്ങള്‍ യാത്ര പോകുന്നെന്നറിഞ്ഞപ്പോള്‍ എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ കുതറി മാറി.

കല്യാണത്തിന്റെ ആഘോഷം കഴിഞ്ഞ്‌, രാത്രി നിന്ന് ചിരിച്ചപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. ബിനോയേട്ടന്‍ പലതവണ കൈപിടിച്ചു യാത്ര പറഞ്ഞു. കനത്ത ഉഷ്ണത്തില്‍ ഫ്രിഡ്ജിലെ മഞ്ഞ് കട്ടകള്‍ മുഖത്ത് തേച്ച് ഉപചാരം ചൊല്ലി ഓരോരുത്തരായി മടങ്ങി. ചുവന്ന കാറില്‍, പയ്യന്നൂര്‍ സ്റ്റേഷനില്‍ അര്‍ധരാത്രിക്ക് എത്തി. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സില്‍ ഷൊര്‍ണ്ണൂര്‍ക്ക് പോയി.

പയ്യന്നൂര്‍ കടന്ന് തീവണ്ടി കുതിച്ചു. ഏഴിമല സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ കുത്തി മറിഞ്ഞ പാടം കണ്ടു, വെളിച്ചം അണക്കാന്‍ ഒരുങ്ങുന്ന ബിനോയേട്ടന്റെ വീട് കണ്ടു, കുഞ്ഞിമംഗലം മാങ്ങകള്‍ തകരഷീറ്റില്‍ പതിയുന്ന ഒച്ച ഓര്‍മ്മയില്‍ വന്നു.

മരണത്തിന്റെ ഉടുമ്പുപിടിപോലെ കണ്‍പോളകളില്‍ ഉറക്കം പിടിമുറുക്കിയ ഫാസിലിനെ ഞാന്‍ നോക്കി. പിന്നെ ബാക്കിയുള്ളവരെയും. ഉറക്കത്തില്‍ അലിഞ്ഞ് ഇല്ലാതാകുകയാണ് രണ്ട് ദിവസങ്ങള്‍.

കുഞ്ഞിമംഗലംകാരെ പറ്റി പറയു;
“ഉപ്പുസോഡ വേണം..” കടക്കാരന്‍ സോഡയില്‍ ഉപ്പ് ഇട്ട് നീട്ടി.

ഇങ്ങനെയല്ല. ഉപ്പുസോഡയെന്നാല്‍ നാരങ്ങകൂടി പിഴിയണം. കൊച്ചിയില്‍ അങ്ങനെയാണ്.

ഇവിടൊക്കെ ഇങ്ങനാ..അല്ലെങ്കില്‍ നാരങ്ങാ സോഡാന്ന് പറയണം.” കൊച്ചിയില്‍ സോഡക്ക് ഉപ്പ് ഫ്രീയാണ്.  ഏഴിമല സ്റ്റേഷനില്‍ ഏതോ ഒരു ട്രെയിന്‍ വന്നു നിന്നു..

രാത്രി ഒറ്റക്ക് നടക്കാന്‍ കഴിയാത്ത വിധം മിസ്റ്റിക് ആണ് കണ്ണൂര്‍.
ഗ്രാമിയുടെ സുഹൃത്ത്

Advertisements

പൂച്ചകള്‍ നമുക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വാതിലുകളാണ്

കുട്ടികളെ എനിക്ക് ഭയമാണ്. അവരുടെ കണ്ണുകളില്‍ ലോകം അങ്ങനെ തന്നെ പ്രതിഫലിക്കുന്നു. അവര്‍ അകാരണമായി ഒന്നിനെയും ഭയപ്പെടുന്നില്ല. തീജ്വാലയെപ്പോലും അവര്‍ തൊട്ടറിഞ്ഞേ ഭയപ്പെടുന്നുള്ളു.

അവര്‍ ഒന്നിനെയും കൂസാത്തത് കൊണ്ട് അവരുടെ ലോകങ്ങളില്‍ പുഞ്ചിരിക്ക് വലിയ സ്ഥാനമുണ്ട്. അതുകൊണ്ട് കുട്ടികളോട് എനിക്ക് ഭയമുണ്ട്. കാരണം കുട്ടിയാകാന്‍ ശ്രമിച്ച് ദിവസവും പരാജയപ്പെടുകയാണ് ഞാന്‍. ചില നിമിഷങ്ങളിലെങ്കിലും കുട്ടികള്‍ അവരല്ലാതാകാന്‍ ശ്രമിക്കുന്നത് എന്നെ വിഷമിപ്പിക്കുന്നുണ്ട്. അപ്പോഴെല്ലാം ഞാന്‍ അവരെ വെറുക്കുന്നു. ആ നേരങ്ങളില്‍ അവര്‍ അകാരണമായി ഭയപ്പെടുന്നു, അര്‍ത്ഥങ്ങള്‍ അറിഞ്ഞ് അവര്‍ ഒച്ചകുറച്ച് തെറി പറയുന്നു, മുഖം താഴ്ത്തുന്നു.

എനിക്ക് കുട്ടികളെ ഇഷ്ടമല്ല. ഞാന്‍ അവരെ വളര്‍ത്തുകയുമില്ല. പകരം ഞാന്‍ പൂച്ചകളെ വളര്‍ത്തുന്നു. അവ തട്ടിമറിക്കുന്ന സ്റ്റീല്‍ പാത്രങ്ങളുടെ ചളുക്ക് നിവര്‍ത്തുന്നു. ചത്തുകഴിഞ്ഞ പൂച്ചകളെ കുഴിച്ചിടുന്നു. അവര്‍ക്ക് വേണ്ടി തുളസി തറകള്‍ പണിയുന്നു.

നമുക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള കണ്ണിയാണ് നായ്ക്കള്‍. അവര്‍ക്ക് ദുഷ്ടതയെക്കുറിച്ചോ, അസൂയയെക്കുറിച്ചോ, അതൃപ്തിയെക്കുറിച്ചോ യാതൊരു ബോധവുമില്ല

– മിലന്‍ കുന്ദേര