ഓര്‍മ്മ

കൊടികുത്തിനാണ് അവളെ കണ്ടത്. ചാരക്കൊറ്റിയെപ്പോലെ തട്ടമിട്ട്, കൈക്കുഞ്ഞുമായി തിരക്കിനിടയില്‍ അവള്‍ നിന്നു. കൊടിയുയര്‍ന്നപ്പോള്‍ അടുത്ത് നിന്ന സ്ത്രീയോട് ദേഷ്യപ്പെട്ട് അവള്‍ പെരുമാറുന്നതും, അടുത്ത നിമിഷം ആള്‍ക്കൂട്ടത്തിന്റെ മുഴുവന്‍ സന്തോഷത്തിലേക്കും ഇഴുകിച്ചേരാന്‍ അവള്‍ ശ്രമിക്കുന്നതും ഞാന്‍ ദൂരെ നിന്ന് കണ്ടു. അവള്‍ ഒരു പൊടിക്ക് മാറിയിരുന്നില്ല. ആവശ്യത്തിലധികം ചുവന്ന ചുണ്ടുകളില്‍ യൗവ്വനം അങ്ങനെ തങ്ങി നിന്നു. ഓര്‍ത്തപ്പോള്‍ വല്ലാത്ത ദേഷ്യം തോന്നി. ഇത്ര ചെറുപ്പത്തിലെ ഒക്കത്ത് ഒരു കുട്ടിയുമായി അവള്‍… അവളുടെ ലോകം എത്രമാത്രം ചുരുങ്ങിപ്പോയി എന്ന് ഞാന്‍ കണ്ടു. കാലം ഒന്നിലും മാറ്റങ്ങള്‍ വരുത്തിയിരുന്നില്ല. അത് ഞങ്ങളെ ചുറ്റി നില്‍ക്കുന്നതായി എനിക്ക് തോന്നി. നഷ്ടം എനിക്ക് മാത്രമല്ല അവളെ മോഹിച്ച് നിന്നിരുന്ന, ഇടക്ക് ചില്ലുകളായി ചിതറിപ്പോയ മുഴുവന്‍ ലോകത്തിനുമാണെന്ന് എനിക്ക് മനസ്സിലായി. അവള്‍ എന്നെ കണ്ടോ എന്നറിയില്ല.. പക്ഷെ ആ ദിവസം ഞാന്‍ മറ്റൊരു കാഴ്ച്ചയും കണ്ടില്ല. സ്‌നേഹം ഇടക്കെല്ലാം ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടവനെപ്പോലെയാണെന്നതില്‍ എനിക്ക വല്ലാത്ത നിരാശ തോന്നി.

ആരംഭ ശ്രുതി

ചില ആളുകള്‍ നിങ്ങളുടെ ജീവിതത്തിന്റെ വാതിലില്‍ മുട്ടി കടന്നു വരും, ചിലര്‍ക്ക് അത്രക്ക് പോലും ക്ഷമയുണ്ടാകില്ല. അവര്‍ വാതിലുകളെ ഗൗനിക്കില്ല.

മുറിയിലെ ഏറ്റവും നല്ല കസേര അവര്‍ തിരഞ്ഞെടുക്കും (ആര്‍ക്കും നല്‍കരുതെന്ന് നിങ്ങള്‍ ഒരിക്കല്‍ വിചാരിച്ചിരുന്നത്). നിങ്ങള്‍ക്കൊപ്പമിരുന്ന് സംസാരിക്കും. പക്ഷെ ഇടക്ക് സമയമായെന്ന് ഓര്‍മ്മിപ്പിച്ച് അവര്‍ പോകാന്‍ തിടുക്കം കാണിക്കും, ചിലപ്പോള്‍ ഒരു നന്ദി വാക്ക് പോലും പറയാന്‍ മറന്നേക്കും.

നിങ്ങളപ്പോള്‍ തീര്‍ച്ചയായും എന്തുചെയ്യണമെന്ന് ചിന്തിക്കും. നിങ്ങള്‍ ചിലപ്പോള്‍ പരിഭ്രാന്തികൊണ്ട് അവര്‍ കയറിവന്ന വാതില്‍ കൊട്ടിയടച്ച് അവരെ നിങ്ങള്‍ക്കുള്ളില്‍ തന്നെ പിടിച്ച് ഇരുത്താമെന്ന് കരുതും. വീണ്ടും അവരെ അതേ കസേരയില്‍ ഇരുത്തി, പഴയതുപോലെ ചിരിച്ചും, സംസാരിച്ചും സമയം കളയാമെന്ന് കരുതും.

അവര്‍ ക്ഷണിക്കപ്പെടാതെ വന്നവരാണ്. അങ്ങനെ തന്നെ തിരികെപ്പോകണമെന്ന് കരുതുന്നവര്‍. അവര്‍ വന്നത് നിങ്ങളെ സന്തോഷിപ്പിക്കാനല്ല. അവര്‍ക്ക് സ്വയം സന്തോഷം വേണമെന്നതു കൊണ്ടാണ്.

അവര്‍ തിരഞ്ഞുകൊണ്ടിരുന്നത് നിങ്ങളുടെ ചിരിയല്ല, അവരില്‍ അവര്‍ക്ക് നഷ്ടപ്പെട്ട ചിരിയാണ്.നിങ്ങള്‍ ഒഴിച്ചിട്ട കസേരയുടെ മൂല്യമോ, നിങ്ങളുടെ കതകിന്റെ വിശാലതയെയോപറ്റി അവര്‍ക്ക് ഒരു ബോധ്യവുമുണ്ടാകില്ല. അവര്‍ തിരഞ്ഞത് കണ്ടെത്തിയാല്‍ അവര്‍ പോകും.നിങ്ങളാച്ചിരികളില്‍, തമാശകളില്‍ വീണുപോകരുത്.

നിങ്ങളുടെ വിളികാത്ത് പുറത്തിരിക്കുന്ന പലരുമുണ്ടാകും, നിങ്ങള്‍ക്ക് ഒപ്പമുണ്ടായിട്ടും നിങ്ങളറിയാതെ പോയവര്‍, അവര്‍ നിങ്ങളെ ആഗ്രഹിക്കുന്നുവെന്ന് അവരുടെ നാവില്‍ നിന്ന് ഒരിക്കലും പറയിക്കാന്‍ ഇടവരുത്തരുത്. നിങ്ങള്‍ കൊട്ടിയടച്ച വാതിലിന്റെ നിഴലില്‍ നിറം കെട്ട് പോയവരാണ് അവര്‍.

‘ലോകത്തിന് നിങ്ങള്‍ വെറുമൊരാളായേക്കാം, എന്നാല്‍ ലോകം തന്നെ നിങ്ങളായ ഒരാളുണ്ടായെന്നുവരാം’
        – ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്